യാംബു: സൗദിയിൽ ചില പ്രദേശങ്ങളിൽ അതിശൈത്യം തുടരുന്നതായി റിപ്പോർട്ട്. വരുംദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ, പൊടിനിറഞ്ഞ ഉപരിതല കാറ്റ്, ഉയർന്ന തിരമാലകൾ എന്നിവയുള്ള കാലാവസ്ഥ വ്യതിയാനം പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തുറൈഫ്, അൽ ഖുറയാത്ത്, അൽ അറാർ തുടങ്ങിയ സൗദിയുടെ ഉത്തര ഭാഗങ്ങളിൽ അതിശൈത്യം തുടരുകയാണ്. ബുധനാഴ്ച തുറൈഫിൽ ഒരു ഡിഗ്രിയും അൽ ഖുറയാത്തിൽ രണ്ടു ഡിഗ്രിയും അൽ അറാറിൽ മൂന്നു ഡിഗ്രിയുമാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. തബൂക്ക്,അൽ ജൗഫ്, ഹാഇൽ, അൽ ഉല,ഖൈബർ എന്നീ പ്രദേശങ്ങളിലും നല്ല ശൈത്യം അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്. അസീർ, ജീസാൻ മേഖലകളിൽ വെള്ളിയാഴ്ച വരെ നേരിയ മഴക്കും തബൂക്കിലെ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചക്കും സാധ്യതയുള്ളതായും കേന്ദ്രം പ്രവചിച്ചു.
തബൂക്ക്, ഹഫ്ർ അൽ ബാതിൻ, അൽ ഖഫ്ജി,അൽ അയ്സ്, അൽ ഉല, യാംബു, ഖൈബർ തുടങ്ങിയ മേഖലകളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരിയ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ കേന്ദ്രം പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തബൂക്ക്, മദീന, മക്ക, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹാഇൽ എന്നിവിടങ്ങളിൽ 45 കിലോമീറ്ററോ അതിൽ കൂടുതലോ വേഗതയിൽ വെള്ളിയാഴ്‌ച വരെ കാറ്റ് ഉണ്ടാവുമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകി. ദൂരദൃഷ്ടി കുറക്കുന്ന പൊടിക്കാറ്റും ചിലയിടങ്ങളിൽ ഉണ്ടാവും. റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസിം എന്നീ പ്രദേശങ്ങളിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് അടിച്ചു വീശുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകി.
ചെങ്കടലിലെ ചില ഭാഗങ്ങളിൽ തിരമാലകൾ രണ്ടര മീറ്ററിലധികം ഉയരാനും സാധ്യതയുണ്ട്. കാലാവസ്ഥ കേന്ദ്രം അറിയിക്കുന്ന മുന്നറിയിപ്പുകൾ മനസ്സിലാക്കി പൊതുജനങ്ങൾ വേണ്ട മുന്നൊരുക്കം എടുക്കണമെന്നും അധികൃതർ അറിയിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കാൻ ജാഗ്രത കാണിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.