ജിദ്ദ: കോവിഡ് പ്രതിരോധ നടപടികളും മുൻകരുതലുകളും പാലിച്ച് സൗദി അറേബ്യ 16 രാജ്യങ്ങളിൽ ഇഫ്താർ വിതരണം നടത്തുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അഭ്യർഥനക്കനുസരിച്ച് അതത് രാജ്യങ്ങളിലെ സൗദി എംബസികളുമായും ഇസ്ലാമിക് മന്ത്രാലയ കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് വിതരണം നടത്തുക. ഇതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു.
ലോകമെമ്പാടുമുള്ള മുസ്ലിംകളെ സേവിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്ലാമികകാര്യ മന്ത്രാലയം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് സർവ പിന്തുണയും നൽകുന്ന സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇസ്ലാമികകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആൽ അശ്ശൈഖ് നന്ദി അറിയിച്ചു. റമദാനിൽ എല്ലാ വർഷവും ഇത്തരത്തിലുള്ള ഇഫ്താർ പദ്ധതികൾ വിവിധ രാജ്യങ്ങളിൽ നടപ്പാക്കാറുണ്ടെന്നും ലോക മുസ്ലിംകളോടുള്ള സൽമാൻ രാജാവിെൻറ കരുതലും ശ്രദ്ധയും പ്രതിഫലിപ്പിക്കുന്ന ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇഫ്താർ വിഭവങ്ങൾ വിതരണം ചെയ്യുന്ന സന്ദർഭത്തിൽ ഓരോ രാജ്യങ്ങളിലും ഗുണഭോക്താക്കളുടെയും വിതരണ തൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.