യാംബു: ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൂടുതൽ സഹായവുമായി സൗദി അറേബ്യ. ദുരിതാശ്വാസ സാധനങ്ങളുമായി നാല് വിമാനങ്ങളും ഒരു കപ്പലുംകൂടി വെള്ളിയാഴ്ച ഈജിപ്തിലെത്തി. ഭക്ഷണസാധനങ്ങളും പാർപ്പിട നിർമാണ വസ്തുക്കളും മെഡിക്കൽ സാമഗ്രികളുമടക്കം 1,050 ടൺ വസ്തുക്കളുമായാണ് കപ്പൽ ഈജിപ്തിലെ പോർട്ട് സെയ്ദിൽ എത്തിയത്.
വിമാനങ്ങൾ അൽ അരീഷ് വിമാനത്താവളത്തിലും ഇറങ്ങി. ഇവിടങ്ങളിൽനിന്ന് സാധനങ്ങൾ സ്വരൂപിച്ച് റഫ അതിർത്തി കടന്ന ട്രക്കുകളിൽ ഗസ്സയിലേക്ക് എത്തിക്കും.
ഫലസ്തീനിലേക്ക് സൗദി ഷെഡ്യൂൾ ചെയ്ത 20 ആംബുലൻസുകളിൽ നാലെണ്ണം കഴിഞ്ഞ ദിവസം വിമാനങ്ങളിൽ അവിടെ എത്തിച്ചു. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽനിന്നാണ് 39 ടൺ സാധനങ്ങൾ വഹിച്ച് രണ്ട് വിമാനങ്ങളും നാല് ആംബുലൻസുകളും മറ്റു വസ്തുക്കളുമായി മറ്റു രണ്ടു വിമാനങ്ങളും പുറപ്പെട്ടത്.
ഇതിൽ മൂന്നെണ്ണം വെള്ളിയാഴ്ചയും അവസാനത്തെ വിമാനം ശനിയാഴ്ചയും അൽ അരീഷിലെത്തി. യുദ്ധം പൂർണമായി അവസാനിപ്പിക്കാനും മാനുഷിക സഹായങ്ങൾ കൂടുതലെത്തിക്കാനും സൗദി അറേബ്യയുടെ നേതൃത്വത്തിൽ രാഷ്ട്രീയ ശ്രമം ഊർജിതമായി തുടരുന്നതിനിടെയാണ് ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നത് തുടരുന്നതും.
വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന താൽക്കാലിക വെടിനിർത്തൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സുഗമമാക്കിയിട്ടുണ്ട്. ഗസ്സയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും ഒഴുകുകയാണ്. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്) മുഖേനയാണ് സൗദി അറേബ്യയുടെ സഹായങ്ങൾ ഗസ്സയിലെത്തുന്നത്.
ഈ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും രാജകൊട്ടാരം ഉപദേഷ്ടാവ് കൂടിയായ കെ.എസ്. റിലീഫ് മേധാവി ഡോ. അബ്ദുല്ല അൽ റബീഅ റഫയിലുണ്ട്. ഗസ്സയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ അന്താരാഷ്ട്ര ഏജൻസികളുമായി 15 കോടി റിയാലിന്റെ സഹകരണ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്.
സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശമനുസരിച്ച് സൗദിയിൽ ഒരു ധനസമാഹരണ കാമ്പയിൻ തുടരുന്നുണ്ട്. ഇതിന് സ്വദേശികളും വിദേശികളുമായവരിൽനിന്ന് വമ്പിച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. ഇതിനകം 9,31,883ലധികം ആളുകൾ സംഭാവന നൽകിക്കഴിഞ്ഞു. ഇങ്ങനെ 53,07,97,232 റിയാൽ സ്വരൂപിക്കാനായി. https://sahem.ksrelief.org (സാഹേം) പോർട്ടൽ, അൽരാജ്ഹി ബാങ്കിന്റെ SA5580000504608018899998 അക്കൗണ്ട് എന്നീ മാർഗങ്ങളിലൂടെ ഇതിലേക്ക് സംഭാവന നൽകാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.