ദമ്മാം: സ്ത്രീ ശാക്തീകരണ പാതയിൽ ആക്കം കൂട്ടുന്ന കൂടുതൽ നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം. പ്രതിരോധ സേനയിലെ വിവിധ വകുപ്പുകളിലേക്കുള്ള നിയമനത്തിനായി വനിതകളെ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം അധികൃതർ പുറത്തിറക്കി. പ്രതിരോധ സേനയിലെ 'ഫസ്റ്റ് സോൾജ്യർ' തസ്തികയിലേക്കാണ് നിയമനം. ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രമുഖ വെബ്പോർട്ടലായ അബ്ഷിറിലെ തൊഴിൽ വിഭാഗം വഴി ഫെബ്രുവരി 18ന് മുമ്പായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രതിരോധ വിഭാഗത്തിന് കീഴിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെൻട്രൽ അഡ്മിഷൻ വിഭാഗമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പരസ്യപ്പെടുത്തിയത്. റിയാദിലെ കിങ് ഫഹദ് സെക്യൂരിറ്റി കോളജ് കേന്ദ്രീകരിച്ചുള്ള പ്രതിരോധ സേനയുടെ പരിശീലന കോഴ്സിന് ശേഷമാവും യോഗ്യതക്കും പ്രകടനങ്ങൾക്കുമനുസരിച്ചുള്ള വിന്യാസം. ഒട്ടേറെ ഉപവകുപ്പുകളുള്ള സുരക്ഷാസേനയിലെ ഉദ്യോഗാർഥികൾക്കുള്ള സവിശേഷ പരിശീലന-പ്രവർത്തന കോഴ്സ് നടത്തിവരുന്ന സ്ഥാപനമാണിത്. പരിശീലന കാലയളവ് പൂർത്തിയാക്കുന്ന മുറക്ക്, യോഗ്യത മാനദണ്ഡങ്ങളനുസരിച്ച് പിന്നീട് ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിലുള്ള പൊതുസുരക്ഷാ വിഭാഗം, സിവിൽ ഡിഫൻസ്, ഡ്രഗ് കൺട്രോൾ, ഇൻറലിജൻസ് ബ്യൂറോകൾ, എമിഗ്രേഷൻ, ജയിലുകൾ തുടങ്ങിയ വിവിധ സുരക്ഷ വകുപ്പുകളിലേക്ക് നിയമിക്കാനാണ് പദ്ധതി. 2019 ഒക്ടോബറിലാണ് മന്ത്രാലയം വനിതകളെ പ്രതിരോധ സേനയിൽ നിയമിക്കുമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസങ്ങളിലായി തദ്ദേശീയ വിമാന കമ്പനികളിൽ 23ഓളം സ്വദേശി വനിതകൾ വ്യോമ ഗതാഗത രംഗത്തെ വിവിധ തസ്തികകളിൽ ജോലിയിൽ പ്രവേശിച്ചുവെന്നതാണ് മറ്റൊരു മുന്നേറ്റം. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷെൻറ (ജി.എ.സി.എ) ഔദ്യോഗിക വക്താവ് ഇബ്രാഹിം അൽറുസയാണ് ഇതുസംബന്ധിച്ച വിശദാശങ്ങൾ പുറത്തുവിട്ടത്.
വ്യോമ ഗതാഗത രംഗത്തെ, സ്വകാര്യ-സർക്കാർ സ്ഥാപനങ്ങളിൽ സ്വദേശികൾക്കായി 10,000ഓളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ഈ രംഗത്തെ 50 തസ്തികകളിലേക്ക്, വനിതകളെ ക്ഷണിച്ചുകൊണ്ട് ദേശീയ എയർലൈൻ കമ്പനിയായ സൗദി എയർലൈൻസ് വിജ്ഞാപനം ഇറക്കിയത്.
ആഴ്ചകൾക്കുമുമ്പ്, വ്യോമ ഗതാഗത രംഗത്തെ 28 തൊഴിലുകളില് സ്വദേശിവത്കരണം മൂന്ന് വർഷത്തിനകം നടപ്പാക്കുമെന്ന് ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. വ്യോമഗതാഗത മേഖലയിലെ പൈലറ്റ്, ഫ്ലൈറ്റ് അറ്റൻഡൻറ്, എയർ ട്രാഫിക് കൺട്രോളർ, സൂപ്പർവൈസർ, ഫ്ലൈറ്റ് യാർഡ് കോഓഡിനേറ്റർ, ഗ്രൗണ്ട് ഹാൻഡ്ലിങ് സേവനങ്ങൾ, കാർഗോ/ ലഗേജ് എന്നിവയുടെ മേൽനോട്ടം, ഫ്ലൈറ്റ് കാറ്ററിങ് തുടങ്ങിയ തൊഴിലുകളിലാണ് സ്വദേശിവത്കരണം നടപ്പാക്കുക.
സൗദി ജനതയിൽ പകുതിയിലധികം വരുന്ന വനിതകളുടെ ഉന്നമനം ലക്ഷ്യംവെച്ചുള്ള ഒട്ടേറെ പദ്ധതികളാണ് ഈയിടെ അധികൃതർ നടപ്പാക്കിയത്. മുഖ്യമായും സാമൂഹിക, സാമ്പത്തിക തുല്യത ഉറപ്പുവരുത്തുന്ന പരിഷ്കാരങ്ങളാണ് യാഥാർഥ്യമാകുന്നത്. വിദേശയാത്രാ സ്വാതന്ത്ര്യം, വാഹനമോടിക്കാനുള്ള അനുവാദം തുടങ്ങിയ ലിംഗ വിവേചനത്തിനതീതമായ, എല്ലാ തലങ്ങളിലും സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുന്ന വിധമാണ് ശ്രദ്ധേയമായ പരിഷ്കാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.