യാംബു: ടൂറിസം മേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സൗദി ടൂറിസം മന്ത്രാലയം ബൃഹത്തായ പദ്ധതികൾ ആവിഷ്കരിക്കുന്നു. സൗദി ടൂറിസം മന്ത്രാലയം രാജ്യത്തെ പ്രശസ്തമായ റിക്രൂട്ട്മെന്റ് കമ്പനിയായ 'സബ്ബാറു' മായി കഴിഞ്ഞദിവസം കരാറിൽ ഒപ്പു വച്ചു. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ന് അനുസൃതമായി ഈ മേഖലയിലെ പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കാനും രാജ്യത്തെ ടൂറിസം കമ്പനികളുടെ വികസനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് കരാറെന്ന് അധികൃതർ വ്യക്തമാക്കി. സൗദി ടൂറിസം മന്ത്രാലയത്തിലെ മനുഷ്യശേഷി വികസനത്തിന്റെ ചുമതലയുള്ള ഹിന്ദ് അൽ സാഹെദും സബ്ബാറിന്റെ സ്ഥാപകനും സി.ഇ.ഒയുമായ മുഹമ്മദ് താഹ ഇബ്രാഹിമുമാണ് കഴിഞ്ഞ ദിവസം സുപ്രധാനമായ കരാറിൽ ഒപ്പിട്ടത്. ജോലി അന്വേഷിക്കുന്നവരുമായി തൊഴിലുടമകളെ ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമായി പ്രവർത്തിക്കുന്ന കമ്പനി കൂടിയാണ് 'സബ്ബാർ'. വിനോദസഞ്ചാരം, റസ്റ്റാറന്റുകൾ, കഫേകൾ, റീട്ടെയിൽ, സേവന മേഖലകളിലെ റിക്രൂട്ട്മെന്റ് പ്രക്രിയ വർദ്ധിപ്പിക്കുന്നതിന് സാങ്കേതിക പരിഹാരങ്ങളു ണ്ടാക്കുന്നതിനായി 2019 ൽ 'സബ്ബാർ' സ്ഥാപിച്ചത്.
സൗദിയുടെ സമഗ്ര വികസന പദ്ധതിയായ വിഷൻ 2030 പദ്ധതികളിൽ ടൂറിസം മേഖലയിൽ ലക്ഷ്യംവെക്കുന്ന പരിപാടികൾ ഏറെ വിജയം കാണുന്നതായി ടൂറിസം മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നു. ആഗോളതലത്തിൽ തന്നെ ഏറ്റവും പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി സൗദിയെ മാറ്റിയെടുക്കാൻ അധികൃതർ നടത്തുന്ന ശ്രമങ്ങൾ ഫലം കണ്ടുവരുന്നു. സൗദി ജി.ഡി.പി യുടെ നല്ലൊരു പങ്കും ഇനി പ്രതീക്ഷിക്കുന്നത് ടൂറിസം മേഖലയിൽ നിന്നാണ്. സൗദിയിലെ പത്തിലൊന്ന് ജോലിയും ഇനി ടൂറിസം മേഖലയിലായിരിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ആഭ്യന്തര ടൂറിസത്തിലും ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദിയെന്നും ടൂറിസം വകുപ്പ് അവകാശപ്പെടുന്നു. സൗദി കിരീടാവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ടൂറിസം മേഖലയിലെ പ്രത്യേക ശ്രദ്ധയും സമയബന്ധിതമായ ആസൂത്രണ പദ്ധതികളും രാജ്യത്ത് വൻ കുതിപ്പ് പ്രകടമാക്കിയിട്ടുണ്ട്. രാജ്യത്തെ സർക്കാരിന്റെ വിവിധ വകുപ്പുകൾ ഒത്തൊരുമിച്ചുള്ള ആസൂത്രണ പദ്ധതികളും ടൂറിസം മേഖലയിൽ രാജ്യം കൈവരിക്കേണ്ട പുരോഗതിയെക്കുറിച്ചുള്ള പ്രാധാന്യം സമൂഹം മനസ്സിലാക്കിയതുമാണ് ഈ മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗദി ഭരണകൂടത്തിന്റെ ശക്തമായ പിന്തുണയോടെ ടൂറിസം മന്ത്രാലയത്തിന്റെ മികവുറ്റ ഓരോ പദ്ധതികളും ഏറെ വളർച്ച നേടിയതും വിവിധ സർക്കാർ ഏജൻസികളുടെ വർധിച്ച പിന്തുണ നേടാൻ കഴിഞ്ഞതും വൻ പുരോഗതിക്ക് വഴിവെച്ചു. സമീപകാലത്ത്, ടൂറിസം വ്യവസായത്തിൽ സൗദി ശ്രദ്ധേയമായ നാഴികക്കല്ലുകൾ നേടിയിട്ടുണ്ട്. 2023 ൽ ആഗോളതലത്തിൽ തന്നെ രാജ്യം ടൂറിസം വരുമാന സൂചികയിൽ മുന്നിലെത്തി. 2019-ൽ 27-ാം സ്ഥാനത്ത് നിന്ന് ഗണ്യമായ കുതിച്ചുചാട്ടമാണ് സൗദി ഉണ്ടാക്കിയത്. അന്താരാഷ്ട്ര തലത്തിൽ സൗദി ഏറെ മികവ് തുടരുന്ന ഘട്ടത്തിലാണിപ്പോൾ. ഏകദേശം 7.8 ദശലക്ഷം സഞ്ചാരികളെ സ്വാഗതം ചെയ്തു. ലോക ടൂറിസം ഓർഗനൈസേഷൻ പുറത്തുവിട്ട സ്ഥിതിവിവരകണക്കുകൾ പ്രകാരം അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വളർച്ചാ നിരക്കിന്റെ കാര്യത്തിൽ രാജ്യം ആഗോളതല ത്തിൽ തന്നെ രണ്ടാം സ്ഥാനം കൈവരിച്ചതായി ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.