യാംബു: 13 ലക്ഷം മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഗസ്സയിലെ റഫ മേഖല ആക്രമിക്കാൻ ഇസ്രായേൽ നീക്കമുണ്ടായാൽ അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പു നൽകി. ക്രൂരമായ ഇസ്രായേൽ ആക്രമണത്തിൽ പലായനം ചെയ്യാൻ നിർബന്ധിതരായ ലക്ഷക്കണക്കിന് സിവിലിയൻമാരുടെ അവസാനത്തെ അഭയകേന്ദ്രമാണ് റഫയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
സുരക്ഷിത സ്ഥാനമെന്നപേരിൽ ജനങ്ങളെ ആട്ടിത്തെളിച്ചുകൊണ്ടുവന്ന റഫയിൽ ഇസ്രായേൽ കരയുദ്ധം നടത്തുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഫലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെ രാജ്യം ശക്തമായി അപലപിക്കുന്നുവെന്നും അടിയന്തര വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾ അംഗീകരിക്കണമെന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ബോധപൂർവമായ ലംഘനമാണ് നടക്കുന്നതെന്നും മാനുഷിക ദുരന്തങ്ങൾ ആവർത്തിക്കുന്ന അവസ്ഥ ഉണ്ടാക്കുന്നതിൽ നിന്ന് ഇസ്രായേലിനെ തടയാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗം ഉടനെ ചേരേണ്ടതിന്റെ അനിവാര്യതയും മന്ത്രാലയം ചൂണ്ടിക്കാട്ടി.
റഫ ആക്രമണത്തിനു മുന്നോടിയായി അവിടുത്തെ സിവിലിയന്മാരെ ഒഴിപ്പിക്കാൻ സൈന്യത്തോട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടത് ഏറെ ഭയപ്പെടുത്തുന്നതാണ്.
വടക്കൻ ഗസ്സയിൽ നിന്നും മധ്യഗസ്സയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾ കഴിയുന്ന റഫയെ ആക്രമിക്കാൻ ഇസ്രായേൽ അധിനിവേശസേന ശ്രമം തുടരുകയാണ്. ജനലക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് 'ഹ്യുമൻ റൈറ്റ്സ് വാച്ച്' അടക്കം ലോകതലത്തിലുള്ള വിവിധ സംഘടനകളും വിവിധ രാഷ്ട്രങ്ങളും മറ്റും മുന്നറിയിപ്പു നൽകി.
ഗസ്സയിലെ 24 ലക്ഷം ജനങ്ങളിൽ പകുതിയും ഇപ്പോൾ റഫ നഗരത്തിൽ അഭയം തേടിയ അവസ്ഥയാണുള്ളത്. പലരും പുറത്ത് ടെൻറുകളിലും താൽക്കാലിക ഷെൽട്ടറുകളിലും താമസിക്കുകയാണ്. ഭക്ഷണം, വെള്ളം, ശുചിത്വം എന്നിവയുടെ അഭാവത്തെക്കുറിച്ചു ഏറെ ആശങ്കാകുലരാണ്.
ഗസ്സയിൽ യുദ്ധം അവസാനിപ്പിച്ച് ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ബിൻ ഫർഹാനിന്റെ നേതൃത്വത്തിൽ റിയാദിൽ ചേർന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ കൂടിയാലോചന യോഗത്തിൽ പ്രസ്താവിച്ചിരുന്നു.
ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കുകയും ഗസ്സയിൽ നിന്ന് സേനയെ പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലെന്ന ഉറച്ച നിലപാട് സൗദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സഹോദരങ്ങളായ ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ രാജ്യം നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും വിദേശ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.