യാംബു: തണ്ണീർതടങ്ങളുടെ സംരക്ഷണത്തിലും രാജ്യത്തുടനീളമുള്ള ജൈവ സമ്പത്തിന്റെ ആവാസവ്യവസ്ഥ നഷ്ടപ്പെടാത്ത സൂചികയിലും സൗദി ഒന്നാം സ്ഥാനത്താണെന്ന് പഠന റിപ്പോർട്ട്. പ്രകൃതിയാലുള്ളതോ മനുഷ്യനിർമിതമോ ആയ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉൾകൊള്ളുന്ന ആവാസവ്യവസ്ഥയായ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിൽ 180 രാജ്യങ്ങളെക്കാൾ മികച്ചു നിൽക്കുന്ന രാജ്യമായി സൗദി അറേബ്യ മാറിയതായി 'തബൂക്ക് ഗ്രീൻ അസോസിയേഷൻ' വക്താവായ നവാൽ അൽ ബലവി പ്രസ്താവിച്ചു.
കടലിന്റെ ഭാഗങ്ങൾ, നദികൾ, തടാകങ്ങൾ, അരുവികൾ, അഴിമുഖങ്ങൾ, കണ്ടൽ പ്രദേശങ്ങൾ, ചതുപ്പു പ്രദേശങ്ങൾ, ജലസംഭരണികൾ തുടങ്ങിയവയെല്ലാം തണ്ണീർത്തടങ്ങളിൽ ഉൾപ്പെടും. ജൈവ സമ്പത്തിന്റെ കലവറകളായ ഇവയെ സംരക്ഷിക്കുവാൻ സൗദി പരിസ്ഥിതി വകുപ്പ് ചെയ്തുവരുന്ന പദ്ധതികൾ ഏറെ ഫലം കണ്ടതായി വിലയിരുത്തുന്നു. പ്രകൃതിദത്തമായ തണ്ണീർത്തടങ്ങൾ വനങ്ങളേക്കാൾ മൂന്നിരട്ടി വേഗത്തിൽ അപ്രത്യക്ഷമാകുന്ന സാഹചര്യത്തെ പ്രതിരോധിക്കുന്നതിൽ സൗദി ഒന്നാം സ്ഥാനത്താണ്. തണ്ണീർത്തടങ്ങളുടെ യുക്തിസഹമായ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുവാൻ വിവിധ പദ്ധതികൾ രാജ്യം നടപ്പിലാക്കി.
2030 ആകുമ്പോഴേക്കും 'സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്' പദ്ധതി മൂലം 30 ശതമാനം കര, സമുദ്ര പ്രദേശങ്ങൾ സംരക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് വിലയിരുത്തുന്നു. പരിസ്ഥിതിയുടെ പ്രാധാന്യത്തിലും അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിലും മഹത്തായ നേട്ടമാണ് രാജ്യത്തിന് ഇതിനകം നേടാനായത്. ഭൂമിയുടെ ഉപരിതലത്തിന്റെ 6 ശതമാനം തണ്ണീർത്തടങ്ങൾ ഉൾക്കൊള്ളുന്നുവെങ്കിലും 40 ശതമാനം ജല, ഉഭയജീവി സസ്യങ്ങളും മൃഗങ്ങളും ഈ ദേശങ്ങളിൽ വസിക്കുക യും പുനരുൽപ്പാദിപ്പിക്കുകയും ചെയ്യുന്നു, അതിനാൽ അവ അപൂർവവും സെൻസിറ്റീവുമായ ആവാസവ്യവസ്ഥയായി കണക്കാക്കപ്പെടുന്നു. സൗദിയിലെ വിവിധ ഭാഗങ്ങളിലുള്ള തണ്ണീർത്തട പ്രദേശങ്ങൾ പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ പൂർണ നിരീക്ഷണത്തിലാണ്.
സൗദിയിലെ ജിസാനിലെ പടിഞ്ഞാറൻ ചെങ്കടലിൽ സ്ഥിതി ചെയ്യുന്ന ഫറസാൻ ദ്വീപ്, അമല ദ്വീപുകൾ, അൽ കാസർ തടാകം, വാദി ലജാബ് ,വാദി അൽ ദിസ, ഖരാഖിർ പർവതനിരകൾ, ഫിഫ നേച്ചർ റിസർവ് എന്നീ പ്രദേശങ്ങളി ലാണ് തണ്ണീർ തടങ്ങൾ കൂടുതലുള്ളത്. തണ്ണീർ തടങ്ങളിലെ അവിഭാജ്യഘടകമായ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും രാജ്യം മഹത്തായ പ്രാധാന്യമാണ് നൽകുന്നത്. ചെങ്കടൽ തീരങ്ങളിലെ ചില ഭാഗങ്ങളിലും പൊതു പാർക്കുകളിലും ഹരിതാഭമായ കണ്ടൽ കാടുകളുടെ ശേഖരം ഹൃദ്യമായ കാഴ്ചയാണ് ഒരുക്കുന്നത്. വലിയ തിരമാലകൾ ഇല്ലാത്തതിനാലാണ് ചെങ്കടൽ തീരങ്ങളിലെ പല ഭാഗത്തും കണ്ടൽ ചെടികൾ സുലഭമായി വളരുന്നത്.
സൗദി പരിസ്ഥിതി സംരക്ഷണ വകുപ്പ് പ്രകൃതിദത്തമായ വർണാഭമായ കാഴ്ച ഒരുക്കുന്ന കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് വിവിധ പദ്ധതികൾ നേരത്തേ തന്നെ ആസൂത്രണം ചെയ്തിരുന്നു. സൗദിയുടെ ചെങ്കടൽ തീരങ്ങളിലെ പലഭാഗത്തും കണ്ടൽക്കാടുകളുടെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങൾ കാണാം. 360 ഹെക്ടർ വിസ്തൃതി യുള്ള സൗദി യാംബു റോയൽ കമീഷൻ കടലോര പ്രദേശത്ത് കണ്ടൽക്കാടുകൾക്കായി മൂന്നു സംരക്ഷിത പ്രദേശങ്ങളാണുള്ളത്.
1970കളുടെ അവസാനത്തിൽ യാംബു ഇന്റസ്ട്രിയൽ സിറ്റി സ്ഥാപിതമായതു മുതൽ ഇവിടുത്തെ കടൽതീരങ്ങളിൽ കണ്ടൽ ശേഖരം നിലനിർത്താൻ യാംബു റോയൽ കമീഷൻ അധികൃതർ ഏറെ ശ്രദ്ധി ച്ചിരുന്നു. യാംബുവിലെ ചെങ്കടൽ തീരങ്ങളിലെ ചില മേഖലയിലുള്ള വിശാലമായ കണ്ടൽക്കാടുകൾ സന്ദർശകർക്കും ഏറെ ഹൃദ്യമായ കാഴ്ചയാണ് ഒരുക്കുന്നത്. ആഴമില്ലാത്ത ഇവിടത്തെ സമുദ്ര തീരങ്ങളിൽ കണ്ടൽക്കാടുകളുടെ വിശാലമായ തോട്ടങ്ങൾ പ്രകൃതിയുടെ ഹരിതാഭമായ കാഴ്ചയാണൊരുക്കുന്നത്.
സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ ഭാഗമായ കണ്ടൽക്കാടുകൾ വഴി സഞ്ചാരികൾക്ക് വൈവിധ്യമാർന്ന ജീവികളെ അടുത്തുകാണാനാവും. തണ്ണീർത്തടങ്ങൾ ജലപക്ഷികളുടെ ആവാസകേന്ദ്രങ്ങളെന്ന നിലയിൽ അവ സംരക്ഷിക്കുന്നതിന് ബ്രഹത്തായ പദ്ധതികളാണ് സൗദി നടപ്പിലാക്കുന്നത്. ഇതിനായി സൗദിയുടെ 'കിംഗ്ഡം ഓഫ് മിനിസ്റ്റേഴ്സ്' കരാറിന് നേരത്തേ അംഗീകാരം നൽകിയിരുന്നു. സമഗ്രമായ രീതിയിൽ തണ്ണീർ തടങ്ങളുടെ സുസ്ഥിരത കൈവരിക്കുന്നതിന് സൗദി നടപ്പിലാക്കുന്ന ബഹുമുഖ പദ്ധതികൾ ഇതിനകം തന്നെ ആഗോള ശ്രദ്ധ നേടിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.