ജിദ്ദ: രണ്ട് സൗദി അരാംകോ എണ്ണ നിലയങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ ഇറാനിയൻ ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് തെളിഞ്ഞതായി സൗദി വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു. സൗദിയിലെ അന്താരാഷ്ട്ര എണ്ണ വിതരണ സ്ഥാപനങ്ങൾക്കു നേരെ സെപ്റ്റംബർ 14 ശനിയാഴ്ച ഉണ്ടായത് മുെമ്പാന്നും നേരിടാത്ത ആക്രമണമാണ്. ഇതേതുടർന്ന് അരാംകോയുടെ 50 ശതമാനം ഉൽപാദനം നിർത്തിവെക്കേണ്ടിവന്നതായും വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണങ്ങളുടെ ഉദ്ഭവം അറിയാനുള്ള അന്വേഷണം നടന്നുവരുകയാണ്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു. അന്താരാഷ്ട്ര എണ്ണ വിതരണം തടസ്സപ്പെടുത്തുകയാണ് ആക്രമണത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. ഇറാനിയൻ ആയുധങ്ങളുപയോഗിച്ച് മുമ്പ് അരാംകോ പമ്പിങ് സ്റ്റേഷനുകൾക്കു നേരെ നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയാണിത്. ആക്രമണത്തെ അപലപിച്ച രാജ്യങ്ങളേയും വ്യക്തികളെയും സൗദി അറേബ്യ അഭിനന്ദിക്കുന്നു.
അതോടൊപ്പം ആക്രമണത്തിനു പിന്നിലുള്ളവരെ തുറന്നുകാട്ടാനും ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന നിന്ദ്യമായ ആക്രമണത്തെ നേരിടാനും അന്താരാഷ്ട്ര സമൂഹം മുന്നിട്ടിറങ്ങണമെന്നും വിദേശ കാര്യാലയം വ്യക്തമാക്കി. ആക്രമണത്തിെൻറ യഥാർഥ വസ്തുതകൾ അറിയാനും കണ്ടെത്തുന്നതിനും അന്വേഷണ പങ്കാളികളാകാൻ അന്താരാഷ്ട്ര വിദഗ്ധരെയും െഎക്യരാഷ്ട സഭയെയും ക്ഷണിക്കും. അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനത്തിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കും. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാനും ആക്രമണങ്ങളെ പ്രതിരോധിക്കാനും രാജ്യം സർവസജ്ജമാണെന്നും വിദേശ കാര്യാലയം പ്രസ്താവനയിൽ തുടർന്നു.
പ്രഖ്യാപനം തള്ളിക്കളയുന്നെന്ന്
ജിദ്ദ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്ക് കൂടുതൽ സ്ഥലങ്ങൾ കൂട്ടിച്ചേർക്കുമെന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിെൻറ പ്രഖ്യാപനത്തെ സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു. പ്രഖ്യാപനം തള്ളിക്കളയുന്നതായി മന്ത്രിസഭ വ്യക്തമാക്കി. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയായ അരാംകോ അട്ടിമറി ആക്രമണത്തിെൻറ ലക്ഷ്യം ആഗോള എണ്ണ വിതരണം തടസ്സപ്പെടുത്തുകയും ആഗോള സാമ്പത്തിക വ്യവസ്ഥയെ തകർക്കുകയുമാണെന്ന് മന്ത്രിസഭ ഉൗന്നിപ്പറഞ്ഞതായി തീരുമാനങ്ങൾ വിശദീകരിച്ച് വാർത്തവിതരണ മന്ത്രി തുർക്കി ബിൻ അബ്ദുൽ അൽശബാന പറഞ്ഞു.ഇത്തരം ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം. അതിന് ഉത്തരവാദികളെ തുറന്നുകാട്ടണം. ഇറാനിയൻ ആയുധങ്ങളുപയോഗിച്ചുള്ള അട്ടിമറി ആക്രമണമാണ് അരാംകോ നിലയങ്ങൾ നേരിട്ടത്. മുൻ ആക്രമണങ്ങളുടെ തുടർച്ചയാണിത്. ആഗോള എണ്ണവിതരണം തടസ്സപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
ആക്രമണത്തെക്കുറിച്ച് ഉൗർജ മന്ത്രിയുടെ വിശദീകരണം മന്ത്രിസഭ പരിശോധിച്ചു. പ്രാഥമിക കണക്കനുസരിച്ച് 5.7 ദശലക്ഷം ബാരൽ ക്രൂഡ് ഒായിൽ വിതരണം നിർത്തിവെച്ചിട്ടുണ്ട്. ഏകദേശം രണ്ട് ശതകോടി ക്യുബിക് ഫീറ്റ് പ്രകൃതിവാതക ഉൽപാദനവും നിർത്തി. ഇഥേയ്ൻ, പ്രകൃതിവാതകം എന്നിവയുടെ വിതരണം ഏകദേശം 50 ശതമാനം കുറഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയതും പ്രധാനവുമായ ക്രൂഡ് ഒായിൽ അസംസ്കൃത കേന്ദ്രത്തിനു നേരെയാണ് ഭീരുക്കൾ ആക്രമണം നടത്തിയത്. മുമ്പും എണ്ണ കേന്ദ്രങ്ങൾക്കു നേരേ ആക്രമണമുണ്ടായിട്ടുണ്ട്. എണ്ണ കപ്പൽ സഞ്ചാരത്തെയും തടസ്സപ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യയെയും രാജ്യത്തെ സ്ഥാപനങ്ങളെയും ശക്തമായി സംരക്ഷിക്കുമെന്നും ആക്രമണത്തിെൻറ ഉദ്ഭവ കേന്ദ്രം ആരായാലും മറുപടി നൽകുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
സൗദിക്ക് അമേരിക്കയുടെ പൂർണ പിന്തുണ –പ്രതിരോധ സെക്രട്ടറി
ജിദ്ദ: യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്പർ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി ഫോണിൽ സംസാരിച്ചു. അബ്ഖൈഖ്, ഖുറൈസ് ഭീകരാക്രമണ പശ്ചാത്തലത്തിൽ സൗദി അറേബ്യക്ക് അമേരിക്കയുടെ പൂർണ പിന്തുണയും സഹായവുമുണ്ടാകുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആവർത്തിച്ചു വ്യക്തമാക്കി.
സൗദിക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതിനെക്കുറിച്ച് പഠിച്ചുവരുകയാണ്. കപ്പലുകൾക്ക് നേരെയുണ്ടായ ഇറാെൻറ ഭീഷണികൾ നേരിടുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ പിന്തുണക്കുന്നതിൽ സൗദി അറേബ്യയുടെ പങ്കിനെ യു.എസ് പ്രതിരോധ സെക്രട്ടറി പ്രശംസിച്ചു. അതേ സമയം, ഇറാെൻറ ഭീഷണി സൗദി അറേബ്യക്ക് മാത്രമല്ല, മധ്യപൗരസ്ത്യ ദേശങ്ങളേയും ലോകത്തെയും ബാധിക്കുന്നതാണ് എന്ന് സൗദി കിരീടാവകാശി പറഞ്ഞു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ അലു ഖലീഫയും കിരീടാവകാശിയെ ഫോണിൽ വിളിച്ചു. അരാംകോ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമത്തെ ശക്തമായി അപലപിക്കുന്നതായി ബഹ്റൈൻ രാജാവ് പറഞ്ഞു. സ്ഥിരതയും സമാധാനവും നിലനിർത്താൻ സൗദിക്കൊപ്പമുണ്ടാകുമെന്നും ബഹ്റൈൻ അറിയിച്ചു.
ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു
ജിദ്ദ: കഴിഞ്ഞ ശനിയാഴ്ച അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സൗദി അരാംകോ എണ്ണ ശാലകൾക്ക്നേരെയുണ്ടായ ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. വിദേശകാര്യാലയത്തിനു വേണ്ടി വക്താവ് രാമേശ് കുമാറാണ് സൗദിയിലെ അബ്ഖൈഖ്, ഖുറൈസ് ഭീകരാക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ച കാര്യം ഡൽഹിയിൽ അറിയിച്ചത്. എല്ലാതരം ഭീകരതയേയും ഇന്ത്യ തള്ളുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.