പൊതുവിഷയങ്ങളിൽ ഒരുമിച്ച് നിൽക്കാൻ സൗദി-ചൈന ധാരണ

റിയാദ്: സൗദി അറേബ്യയും ചൈനയും പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ ഒരിമിച്ചുനിൽക്കും. ഉഭയകക്ഷി ബന്ധങ്ങൾക്ക് മുൻഗണന നൽകുമെന്നും ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളെ സംയുക്തമായി പ്രതിരോധിക്കുമെന്നും സൗദി-ചൈന ഉച്ചകോടിക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു. വികസ്വര രാജ്യങ്ങളോട് ഐക്യദാർഢ്യവും സഹകരണവും വെച്ചുപുലർത്തുന്ന മാതൃകാ സമീപനം തുടരും. രാഷ്ട്രങ്ങളുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും നിലനിർത്തുന്നതിൽ പരസ്പരം പിന്തുണയ്‌ക്കാനും രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലും അന്താരാഷ്ട്ര നിയമങ്ങളിലും ഇടപെടാതിരിക്കാനുള്ള സംയുക്ത ശ്രമങ്ങൾ നടത്താനും ഇരുപക്ഷവും ശ്രദ്ധിക്കും. ഇക്കാര്യത്തിൽ ഉറച്ചുനിൽക്കും. 'ഏക ചൈന' എന്ന തത്ത്വത്തിന് അനുസൃതമായ നിലപാട് സൗദി തുടർന്നും സ്വീകരിക്കും.

ചൈനയുടെ സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിൽ സൗദി ചൈനയോടൊപ്പം നിലകൊള്ളുകയും സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ഏത് നടപടികളെയും ചൈന എതിർക്കുകയും ചെയ്യും. സൗദിയിലെ സിവിലിയൻമാർ, സിവിലിയൻ സൗകര്യങ്ങൾ, പ്രദേശങ്ങൾ എന്നിവയെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളെയും ചൈന എതിർക്കും. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉഭയകക്ഷി ബന്ധത്തിന്റെ പുരോഗമന ഘട്ടങ്ങളിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി.

ഊർജ മേഖലയിൽ സഹകരണം വർധിപ്പിക്കുന്നത് ഒരു പ്രധാന പങ്കാളിത്തമായി കണക്കാക്കുന്നുവെന്ന് ഇരുപക്ഷവും സ്ഥിരീകരിച്ചു. സൗദിയുടെ സമൃദ്ധമായ എണ്ണ വിഭവങ്ങളും ചൈനയുടെ വിശാലമായ വിപണിയും സഹകരണത്തിന്റെ അടിത്തറ കരുത്തുറ്റതാക്കുമെന്നും ഇരു രാജ്യങ്ങളും പ്രത്യാശിച്ചു. പെട്രോകെമിക്കൽ മേഖലയിലെ പൊതുനിക്ഷേപ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും പെട്രോകെമിക്കൽ പരിവർത്തന സാങ്കേതിക വിദ്യകളിൽ വാഗ്ദാന പദ്ധതികൾ വികസിപ്പിക്കാനും വൈദ്യുതി, കാറ്റാടി ഊർജം, മറ്റ് പുനരുപയോഗ ഊർജ സ്രോതസ്സുകൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിലും പദ്ധതികളിലും സംയുക്ത സഹകരണം വർധിപ്പിക്കാനും ഇരു കക്ഷികളും തീരുമാനിച്ചു.

ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിലും കൃത്രിമ സാങ്കേതികവിദ്യ പോലുള്ള ആധുനിക സാങ്കേതികവിദ്യകളുടെ വികസനത്തിലും സഹകരണം തുടരും. ലഭ്യമായ വ്യാപാര, നിക്ഷേപ അവസരങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിനും വിമാനവാഹിനിക്കപ്പലുകളുടെ ശേഷി വർധിപ്പിക്കുന്നതിനും ധാരണയായി. സൗദിയുടെ 'വിഷൻ 2030', ചൈനയുടെ 'ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്' എന്നിവയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട്

ഓട്ടോമോട്ടീവ് വ്യവസായം, വിതരണ ശൃംഖല, ലോജിസ്റ്റിക്‌സ്, ഇൻഫ്രാസ്ട്രക്ചർ, നിർമാണം, ഖനനം, സാമ്പത്തികം എന്നിവയുൾപ്പെടെ നിരവധി മേഖലകളിലെ സഹകരണം വർധിപ്പിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. 'വിഷൻ 2030'-നും 'ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവി'നും ഇടയിൽ ഒരു 'യോജിപ്പിക്കൽ പദ്ധതി'യും ഒപ്പിട്ടതിൽ ഇരുപക്ഷവും സംതൃപ്തി പ്രകടിപ്പിച്ചു.

Tags:    
News Summary - Saudi-China agreement to stand together on common issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.