സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ

രാജ്യത്തിന്‍റെ ബൗദ്ധിക സ്വത്തവകാശ നയം പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

റിയാദ്: സർഗാത്മകതയും നൂതനത്വവും അടിസ്ഥാനമാക്കി വൈവിധ്യമാർന്നതും സമ്പന്നവുമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം വിളംബരം ചെയ്ത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ രാജ്യത്തിന്‍റെ ബൗദ്ധിക സ്വത്തവകാശ നയം പ്രഖ്യാപിച്ചു.

‘വിഷൻ-2030’ന്‍റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുതകുന്ന മത്സരക്ഷമമായ ബൗദ്ധികതയുടെ മൂല്യ ശൃംഖല വികസിപ്പിച്ചെടുക്കുമെന്നാണ് പ്രഖ്യാപനം. ദേശീയ ബൗദ്ധിക സ്വത്തവകാശ നയത്തിന് മന്ത്രിസഭ അംഗീകാരം നൽകുന്നതോടെ അടുത്ത അഞ്ച് വർഷങ്ങളിൽ നവീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്ന് കൗൺസിൽ ഓഫ് ഇക്കോണമിക് ആൻഡ് ഡെവലപ്‌മെന്‍റ് അഫയേഴ്‌സ് ചെയർമാൻ കൂടിയായ കിരീടാവകാശി വ്യക്തമാക്കി. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വ്യവസായ വികസനം സാധ്യമാക്കുന്ന സംയോജിത ബൗദ്ധിക സ്വത്തവകാശ നയമാണ് രാജ്യം സ്വീകരിക്കുക.

ഇത് നിക്ഷേപങ്ങളെ ഉത്തേജിപ്പിക്കുകയും ഉയർന്ന നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിൽ മേഖലയിലെ അവകാശങ്ങളെ സംബന്ധിച്ചുള്ള അവബോധം വളർത്തുകയും ചെയ്യും. ബൗദ്ധികത സൃഷ്ടിക്കുക, അത് നന്നായി കൈകാര്യം ചെയ്യുക, വാണിജ്യവത്കരണം നടപ്പാക്കുക, ബൗദ്ധിക സ്വത്ത് പരിരക്ഷിക്കുക എന്നീ നാല് അടിസ്ഥാനങ്ങളിലൂന്നിയ തന്ത്രമാണ് ഇക്കാര്യത്തിൽ കൈക്കൊള്ളുക. നവീനവും സർഗാത്മകവുമായ നിക്ഷേപ വളർച്ചയെ ഇത് സഹായിക്കുകയും പങ്കാളികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യും. സാമ്പത്തികവും സാമൂഹികവുമായ ബൗദ്ധിക ആസ്തികൾ വർധിപ്പിക്കുന്ന സൗദി അറേബ്യയുടെ ശേഷി വർധിപ്പിക്കുന്നതിന് സഹായകമാവുകയും ചെയ്യുമെന്ന് കിരീടാവകാശി വിശദീകരിച്ചു.

ബൗദ്ധിക സ്വത്തവകാശത്തെ മാനിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് രാജ്യത്തിന്‍റേത്. ഇതിലൂടെ വിപണി സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ശ്രമം. രാജ്യത്തെ നഗരങ്ങളിലടക്കം ഭാവി നിക്ഷേപങ്ങളിലും പദ്ധതികളിലും ഇത് പ്രതിഫലിപ്പിക്കും. ‘നിയോം’ നഗരപദ്ധതിയിലും ‘ദി ലൈൻ’ പാർപ്പിട പദ്ധതിയിലും വ്യതിരിക്തമായ ഭൂമിശാസ്ത്ര സവിശേഷതകളും സാങ്കേതികമായ അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.

വൈവിധ്യ പൂർണവും സമ്പന്നവുമായ ആവാസ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് സൗദി അറേബ്യ ഊന്നൽ നൽകുന്നു. വിവിധ മേഖലകളിലെ വിദഗ്ധരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള സംരംഭകരെയും പുതുമയും സർഗശേഷിയുമുള്ള ഗവേഷകരെയും രാജ്യത്തേക്ക് ആകർഷിക്കുന്നതാണ് നയമെന്നും കിരീടാവകാശി വ്യക്തമാക്കി.

Tags:    
News Summary - Saudi Crown Prince announced the country's intellectual property rights policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.