റിയാദ്: സൗദി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി മ്യൂണിക്കിൽ കൂടിക്കാഴ്ച നടത്തി. മേയ് രണ്ട്, മൂന്ന് തീയതികളിൽ ജർമൻ നഗരമായ പീറ്റേഴ്സ്ബർഗിൽ നടന്ന കാലാവസ്ഥ സംവാദത്തിൽ പങ്കെടുക്കുന്നതിനാണ് അമീർ അബ്ദുൽ അസീസ് രാജകുമാരൻ ജർമനിയിലെത്തിയത്. നിരവധി ഉന്നത ഉദ്യോഗസ്ഥരുമായും ബുധനാഴ്ച മ്യൂണിക് സന്ദർശന വേളയിൽ മന്ത്രി കൂടിക്കാഴ്ച നടത്തി.
ഊർജം, ശുദ്ധമായ ഹൈഡ്രജൻ, കാലാവസ്ഥയെ അഭിമുഖീകരിക്കുന്ന വിവിധ മേഖലകൾ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഊർജ മന്ത്രിയും ജർമൻ ചാൻസലറും ചർച്ചചെയ്തു. സൗദി ഉന്നതതല സംഘത്തിന്റെ സന്ദർശന പശ്ചാത്തലത്തിൽ ജർമൻ ഊർജ, സാമ്പത്തിക, കാലാവസ്ഥ മന്ത്രാലയങ്ങൾ സംയുക്തമായി സംഘടിപ്പിച്ച യോഗത്തിൽ ആഗോളതലത്തിൽ കാലാവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ചചെയ്തു.
ശുദ്ധ ഊർജ സമ്പദ്വ്യവസ്ഥയിലെ കാർബൺ സംഭരണവും വിനിയോഗവുമായി ബന്ധപ്പെട്ട പദ്ധതികൾ, പുനരുപയോഗം വൈദ്യുതി ഉൽപാദനം എന്നീ മേഖലകളിലെ സഹകരണം എന്നിവയാണ് പ്രധാനമായും ചർച്ചചെയ്തത്.ഊർജമന്ത്രിയെ കൂടാതെ വിദേശകാര്യ സഹമന്ത്രിയും സൗദിയുടെ കാലാവസ്ഥ പ്രതിനിധിയുമായ ആദിൽ അൽ ജുബൈർ, സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെയും എനർജി സിസ്റ്റം കമ്പനികളുടെയും പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.
ജർമൻ ഭാഗത്തുനിന്ന് സാമ്പത്തികകാര്യ, കാലാവസ്ഥ മന്ത്രി റോബർട്ട് ഹാബെക്കും നിരവധി പ്രമുഖ ഊർജ കമ്പനി മേധാവികളും പങ്കെടുത്തു. സൗദി സംഘത്തിന്റെ സന്ദർശനത്തോടനുബന്ധച്ച് 120 സൗദി, ജർമൻ കമ്പനികളുടെ പങ്കാളിത്തത്തോടെ ഊർജ മന്ത്രാലയം സൗദി-ജർമൻ ഊർജ ദിനം സംഘടിപ്പിച്ചു.
ഫെഡറൽ സ്പെഷൽ അഫയേഴ്സ് മന്ത്രി വുൾഫ്ഗാങ് ഷിമിഡ്, സാമ്പത്തിക, യൂറോപ്യൻ കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറി ജോർജ് കുക്കീസ്, ജർമൻ സ്റ്റേറ്റ് സെക്രട്ടറിയും അന്താരാഷ്ട്ര കാലാവസ്ഥാ പ്രവർത്തനത്തിനുള്ള പ്രത്യേക പ്രതിനിധിയുമായ ജെന്നിഫർ മോർഗൻ എന്നിവരുമായും അമീർ അബ്ദുൽ അസീസ് കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.