റിയാദ്: സൗദി അറേബ്യ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 വരെ നീട്ടി. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 31ന് അവസാനിപ്പിക്കും എന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതാണിപ്പോൾ നീട്ടിയത്. മെയ് 17ന് പുലർച്ചെ ഒന്ന് മുതൽ അന്താരാഷ്ട്ര സർവിസ് പുനരാരംഭിക്കും. രാജ്യത്ത് ആരംഭിച്ച വാക്സിനേഷൻ കാമ്പയിനിലേക്ക് വിദേശത്തുനിന്ന് വാക്സിൻ എത്താൻ കാലതാമസം ഉണ്ടാകുന്നതാണ് യാത്രാവിലക്ക് നീട്ടാൻ കാരണം. കര, നാവിക, വായു മാർഗങ്ങളിലൂടെയുള്ള രാജ്യാന്തര ഗതാഗതത്തിനുള്ള നിരോധനമാണ് നീട്ടിയത്. അമേരിക്കൻ കമ്പനിയായ ഫൈസറിെൻറ വാക്സിനാണ് ആദ്യം സൗദിയിലെത്തിയത്.
അതുപയോഗിച്ചുള്ള പ്രതിരോധ കുത്തിവെപ്പ് കാമ്പയിനാണ് രാജ്യത്ത് തുടരുന്നത്. അതിലേക്കാവശ്യമായ വാക്സിെൻറ ഡോസുകൾ സൗദിയിൽ എത്തിക്കാൻ നിശ്ചയിച്ചിരുന്ന ഷെഡ്യൂളുകളിൽ മാറ്റമുണ്ടായതിനാൽ മാർച്ച് 31നുള്ളിൽ രാജ്യത്ത് വലിയൊരു വിഭാഗത്തിന് കുത്തിവെപ്പ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
കൂടുതൽ കമ്പനികളുടെ വാക്സിനുകൾ രാജ്യത്തേക്ക് കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ട്. ഇന്ത്യയിൽ നിന്ന് 30 ലക്ഷം ഡോസുകൾ എത്തിക്കാനുള്ള കരാറുമായി. എന്നാൽ, കോവിഡിെൻറ രണ്ടാം വരവ് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സൗദിയിലെ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് യാത്രാവിലക്ക് നീട്ടാനുള്ള തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.