റിയാദ്: മധ്യപൗരസ്ത്യ മേഖലയിൽ സമ്പൂർണ യുദ്ധത്തിന്റെ സാധ്യതകൾ വ്യക്തമായി വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിസന്ധികളോട് പ്രതികരിക്കുന്നതിലെ പോരായ്മകൾ നികത്താൻ യു.എൻ സംവിധാനത്തിൽ പ്രത്യേകിച്ച് സുരക്ഷ കൗൺസിലിൽ അടിയന്തരമായി പരിഷ്കാരങ്ങൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
നീതി നടപ്പാക്കൽ കണക്കിലെടുത്ത് സുരക്ഷ കൗൺസിലിനെ പരിഷ്കരിക്കുന്നതിനുള്ള സമഗ്രമായ നടപടികൾക്കായി സൗദി ആവശ്യപ്പെടുന്നു. സുരക്ഷ കൗൺസിലിന്റെ വിശ്വാസ്യതയും ഫലപ്രദമായ പ്രതികരണവും വർധിപ്പിക്കുന്നതിനാണിത്. സമകാലിക പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് കൂടുതൽ ന്യായവും സുരക്ഷിതവും സുസ്ഥിരവുമായ ഒരു ലോകം സൃഷ്ടിക്കുന്നതിന് സംഭാവന ചെയ്യും.
രാഷ്ട്രീയ പ്രതിസന്ധികളിൽ സ്ഥാപനങ്ങൾ തങ്ങളുടെ കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെടുന്നത് അന്താരാഷ്ട്ര പ്രവർത്തനങ്ങളിൽ വിടവ് ഉണ്ടാക്കും. നിയമസാധുതയെ തുരങ്കം വെക്കുന്ന ആത്മവിശ്വാസത്തിന്റെ പ്രതിസന്ധിയിലേക്ക് അത് നയിക്കും. ഫലസ്തീനിലെ മാനുഷിക ദുരന്തം കൈകാര്യം ചെയ്യുന്നത് ഇതിന് തെളിവാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇന്നത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ യാഥാർഥ്യം കൂട്ടായ പ്രവർത്തനത്തിന്റെ വിജയകരമായ മാതൃകകൾ പാലിക്കേണ്ടതിന്റെ അടിയന്തിര ആവശ്യകതയെ സ്ഥിരീകരിക്കുന്നുവെന്നും മന്ത്രി വിശദീകരിച്ചു.
അന്താരാഷ്ട്ര സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിനും പരിഷ്കരിക്കുന്നതിനുമുള്ള പരിശ്രമത്തിന് പ്രാധാന്യമുണ്ട്. യുദ്ധങ്ങളുടെയും രാഷ്ട്രീയ സംഘട്ടനങ്ങളുടെയും അനന്തരഫലങ്ങൾ അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സ്ഥാപിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നുവെന്നും ബഹുമുഖ പ്രവർത്തനത്തിന്റെ എല്ലാ വശങ്ങളിലും നിഴൽ വീഴ്ത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സയിലെ യുദ്ധം നീട്ടുന്നതും അതിന്റെ വ്യാപ്തി വിപുലീകരിക്കുന്നതും ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ആഴത്തിലാക്കുമെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാകുമെന്നും മേഖലയിൽ സമഗ്രമായ സമാധാനം കൈവരിക്കാനുള്ള സാധ്യതകളെ തുരങ്കം വെക്കുമെന്നും അമീർ ഫൈസൽ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ഗുരുതരമായ ഇസ്രായേൽ ലംഘനങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര കമ്മി മറികടക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ ജി20 രാജ്യങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
വെടിനിർത്തൽ കരാർ പ്രാപ്തമാക്കുകയും ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന് വിശ്വസനീയവും മാറ്റാനാകാത്തതുമായ പാത സ്വീകരിക്കുകയും ചെയ്യണം. വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ബഹുമുഖ വ്യാപാര സംവിധാനത്തെ പരിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദേശകാര്യ മന്ത്രി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.
അന്താരാഷ്ട്ര വ്യാപാരത്തിൽ സുതാര്യതയും കാര്യക്ഷമതയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പരിഷ്കാരങ്ങളെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.