ജിദ്ദ: സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ത്രിദിന സന്ദർശനാർഥം ന്യൂഡൽഹിയിൽ എത്തിയപ്പോഴാണ് സൗദി വിദേശകാര്യ മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യാരാജ്യത്തിനും ഗവൺമെൻറിനും ജനങ്ങൾക്കും സൽമാൻ രാജാവിെൻറയും കിരിടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും അഭിവാദ്യവും അഭിനന്ദനങ്ങളും പ്രധാനമന്ത്രിയെ സൗദി വിദേശകാര്യ മന്ത്രി അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും സുദൃഢവുമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വർധിപ്പിക്കാനാവശ്യമായ വിഷയങ്ങൾ, ഇരു രാജ്യങ്ങൾക്കിടയിലെ കൂടുതൽ പുരോഗതിക്കും അഭിവൃദ്ധിക്കും ജനങ്ങളുടെ അഭിലാഷങ്ങളും പ്രതീക്ഷകളും കൈവരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും വേണ്ട മാർഗങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
പരിസ്ഥിതി സംരക്ഷണത്തിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ ഇന്ത്യൻ പ്രധാനമന്ത്രി പ്രശംസിച്ചു. കിരീടാവകാശി പ്രഖ്യാപിച്ച 'ഗ്രീൻ സൗദി അറേബ്യ' 'ഗ്രീൻ മിഡിൽ ഈസ്റ്റ്' സംരംഭങ്ങളോടുള്ള മതിപ്പ് പ്രകടിപ്പിച്ചു. വിഷൻ 2030െൻറ വെളിച്ചത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ഏകീകരിക്കുന്നതിനുള്ള വഴികളും പൊതുതാൽപ്പര്യമുള്ള നിരവധി മേഖലകളിൽ സൗദിയും ഇന്ത്യയും തമ്മിലുള്ള സഹകരണം ഉൗർജ്ജിതപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഉൗദ് ബിൻ മുഹമ്മദ് അൽസാത്വി, വിദേശകാര്യ മന്ത്രി ഓഫീസ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ അൽദാവുദ് എന്നിവർ പെങ്കടുത്തു. ഒബ്സർവേഷൻ റിസർച്ച് ഫൗണ്ടേഷനിലെ ഒരു കൂട്ടം ഗവേഷകരും ചിന്തകരുമായുള്ള ചർച്ചാ സെഷനിലും സൗദി വിദേശകാര്യ മന്ത്രി പങ്കെടുത്തു. കീരിടാവകാശി പ്രഖ്യാപിച്ച 'ഗ്രീൻ സൗദി അറേബ്യ' 'ഗ്രീൻ മിഡിൽ ഈസ്റ്റ്' എന്നിവെയ കുറിച്ച് സെഷനിൽ വിശദീകരിച്ചു. വിഷൻ 2030െൻറ വെളിച്ചത്തിൽ സൗദി അറേബ്യയിലെ ദ്രുതഗതിയിലുള്ള പ്രവർത്തന പദ്ധതികളെയും പുനരുൽപ്പാദന ഉൗർജ ഉറവിടങ്ങളുടെ വികസന പദ്ധതികളെയും സാങ്കേതികവിദ്യയിൽ നിക്ഷേപിക്കാനുള്ള താൽപര്യവും ഉൾപ്പെടെയുള്ള കാര്യങ്ങളെയും കുറിച്ച് വിദേശകാര്യ മന്ത്രി വിവരിച്ചു. ഞായറാഴ്ച ഇന്ത്യയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.