റിയാദ്: സൗദി സ്ഥാപക ദിനത്തിൽ സൈനികവേഷത്തിൽ ഒട്ടകപ്പുറത്ത് കയറി പരേഡിൽ അണിനിരന്ന സൗദി യുവതി കാണികളുടെ ശ്രദ്ധപിടിച്ചുപറ്റി. ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള സുരക്ഷാ പട്രോളിങ്ങിന് (ഹജാന സേന) തിരഞ്ഞെടുക്കപ്പെട്ട, ആ ദൗത്യം ഔദ്യോഗികമായി ഏറ്റെടുത്ത ആദ്യ വനിതയാണ് ആഭ്യന്തര മന്ത്രാലയം ദറഇയയിൽ സംഘടിപ്പിച്ച സൈനിക പരേഡിൽ തിളങ്ങിയത്.
ഒട്ടകപ്പുറത്തേറി അതിനെ മുന്നോട്ടുനയിച്ച് പരേഡിൽ പങ്കെടുത്ത യുവതിയുടെ കഴിവും ധൈര്യവും എല്ലാവരിലും മതിപ്പുളവാക്കി. ആളുകൾ പ്രശംസ കൊണ്ടുമൂടി. ആഭ്യന്തര മന്ത്രാലയം ‘എക്സ്’ അക്കൗണ്ടിൽ പരേഡിലെ ഹജാന സേനയുടെ പങ്കാളിത്തം സംബന്ധിച്ച് പോസ്റ്റ് ചെയ്ത വിഡിയോയിലാണ് യുവതിയുടെ ദൃശ്യവുമുള്ളത്. എന്നാൽ യുവതിയുടെ പേര് വിവരം സൈനികമായ കാരണങ്ങളാൽ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
പരേഡ് ചടങ്ങിൽ പങ്കെടുത്ത സൗദി കലാകാരൻ ഫയാസ് അൽമാലികി, ഒട്ടകപ്പുറത്തേറി പരേഡിൽ അണിനിരന്ന ആദ്യത്തെ സൗദി യുവതിയെ ലോകം കൂടുതൽ അറിയട്ടെ എന്ന മുഖവുരയോടെ ‘എക്സ്’ അകൗണ്ടിൽ പങ്കുവെച്ച യുവതിയുമായുള്ള ഹ്രസ്വ അഭിമുഖവും ശ്രദ്ധിക്കപ്പെട്ടു. ദശലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഈ വിഡിയോക്കുണ്ടായത്. ഒട്ടകങ്ങളെ ഉപയോഗിച്ചുള്ള പട്രോളിങ്ങ് സേനയായ ‘ഹജാന’യിൽ അംഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നതായി യുവതി അഭിമുഖത്തിൽ പറഞ്ഞു.
പരേഡിൽ അണിചേരാൻ കഴിഞ്ഞത് വലിയ സന്തോഷം നൽകി. പരേഡ് വളരെ മനോഹരമായിരുന്നു. ആഭ്യന്തര മന്ത്രാലയത്തെ പ്രതിനിധീകരിച്ചാണ് പരേഡിൽ ഞാൻ പങ്കെടുത്തത്. അത് എന്നെ സംബന്ധിച്ചിടത്തോളം മനോഹരവും മാന്യവുമായ കാര്യമാണ്. പ്രത്യേകിച്ച് ഈ ദൗത്യം ഔദ്യോഗികമായി ഏറ്റെടുത്ത ആദ്യ വനിത എന്ന നിലയിൽ -യുവതി കൂട്ടിച്ചേർത്തു.
ഇടവേളക്ക് ശേഷമാണ് സുരക്ഷാസേനയുടെ ഭാഗമായി ‘ഹജാന സേന’ മടങ്ങിയെത്തിയത്. ഒട്ടകവുമായി ബന്ധപ്പെട്ട മേഖലയുടെ വികസനത്തിനായി ഭരണകൂടം മുൻകൈയ്യെടുത്ത് നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമായാണ് 2020 ൽ ‘റോയൽ ഒട്ടക സേന’ സ്ഥാപിക്കാൻ സൗദി അറേബ്യ തീരുമാനിച്ചത്.
രാജാവിന്റെയും കിരീടാവകാശിയുടെയും അതിഥികൾക്കുള്ള ഔദ്യോഗിക സ്വീകരണ ചടങ്ങുകളിൽ പങ്കെടുക്കൽ, രാജാവും കിരീടാവകാശിയും നേതൃത്വം നൽകുന്ന ദേശീയ ഉത്സവങ്ങളിൽ പങ്കെടുക്കൽ, സൗദിയുടെ പരമ്പരാഗത ഹജാന പ്രകടനങ്ങളിൽ പങ്കെടുക്കൽ, പ്രാദേശികവും അന്തർദേശീയവുമായ ഒട്ടകയുത്സവങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന പരിപാടികളിൽ പങ്കെടുക്കൽ എന്നിവയാണ് ‘ഹജാന സേന’യുടെ പ്രധാന ജോലികൾ.
അതേ സമയം ദറഇയയിൽ നടന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പരേഡിലെ ഹജാന ബാൻഡിന്റെ സാന്നിധ്യം പൈതൃകത്തിന്റെ പുനരുജ്ജീവനവും 2024 ഒട്ടകവർഷമായി ആചരിക്കുന്നതിന്റെ ഭാഗവുമാണെന്ന് പൊതു സുരക്ഷ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു. അതിർത്തി സുരക്ഷ പരിപാലിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തുകൊണ്ട് സൗദി രാഷ്ട്രം സ്ഥാപിക്കുന്ന സമയത്ത് ഹജാനയുടെ പങ്ക് മഹത്തരമാണ്.
നിലവിൽ ദറഇയ ഗവർണറേറ്റിലെ സുരക്ഷക്കായി മറ്റ് സുരക്ഷാ സേനകൾക്കൊപ്പം ഹജാന സേനയും ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ ഹജാന സേനയുടെ ചരിത്രത്തിന് 90 വർഷത്തിലേറെ പഴക്കമുണ്ട്. സൗദി സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ കാലത്താണ് ഇത് സ്ഥാപിക്കപ്പെട്ടത്. അതിർത്തി നിയന്ത്രണവും സുരക്ഷയുമായി ബന്ധപ്പെട്ട ആഭ്യന്തര മന്ത്രാലയത്തിെൻറ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നാണിതെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.