യാംബു: മൂന്നു നൂറ്റാണ്ടിന്റെ ചരിത്ര പൈതൃകഗരിമയിൽ രാജ്യമെങ്ങും കൊണ്ടാടിയ സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി യാംബു പൈതൃകനഗരിയിലും ഉത്സവനിറവ്. പൊതു അവധി പ്രഖ്യാപിച്ചിരുന്നതിനാൽ ജനങ്ങളുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഹെറിറ്റേജ് പാർക്കിൽ സ്വദേശി കുടുംബങ്ങളും പ്രവാസികളും വൻതോതിലെത്തി. സൗദി പാരമ്പര്യ വസ്ത്രധാരണം നടത്തിയും പരമ്പരാഗത വസ്തുക്കളും സൗദി പതാകയും സ്ഥാപകദിനാഘോഷപതാകയും കൈകളിലേന്തിയും മുതിർന്നവരുടെയും കുട്ടികളുടെയും ആഘോഷപരിപാടികൾ ഏറെ ആകർഷണീയമായിരുന്നു.
സൗദിയുടെ സമ്പന്നമായ പൈതൃകവും സംസ്കാരവും പരസ്പരം പങ്കുവെച്ചും പ്രകടിപ്പിച്ചും യുവാക്കളുടെ കൂട്ടായ്മകളിൽ തീർത്ത പരിപാടികൾ സന്ദർശകരെ ആകർഷിച്ചു. ചെങ്കടലിന്റെ ഓരംചേർന്നുള്ള ഹെറിറ്റേജ് നഗരിയിലെ ശേഷിപ്പുകളെല്ലാം പഴമയുടെ പെരുമ നിലനിർത്തി സൗദി കമീഷൻ ഫോര്‍ ടൂറിസം ആൻഡ് ഹെറിറ്റേജ് അതോറിറ്റി സംരക്ഷിച്ചുവരുകയാണ്.
അറേബ്യൻ സംസ്കാരത്തിന്റെയും നാഗരികതയുടെയും ചരിത്രങ്ങളിലേക്ക് വെളിച്ചംവീശുന്ന അപൂർവ കാഴ്ചാനുഭവമാണ് ഈ പുരാതന നഗരം സന്ദർശകർക്ക് പകർന്നുനൽകുന്നത്. 500 വർഷത്തോളം പഴക്കമുള്ള ജനവാസകേന്ദ്രങ്ങളുടെ അവശിഷ്ടങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള വീടുകളും ഇവിടെ സന്ദർശകർക്ക് കൗതുകം പകരുന്നതാണ്. അറേബ്യന്‍ സാംസ്കാരികത്തനിമയിലേക്ക് വെളിച്ചംവീശി കാലത്തെ അതിജയിച്ച് ഇപ്പോഴും നിലനില്‍ക്കുന്ന പൈതൃക ശേഷിപ്പുകൾ കാണാൻ അവധി ദിനങ്ങളിൽ സന്ദർശകരുടെ നല്ല ഒഴുക്കാണിവിടെ. പഴമയുടെ പെരുമ വിളിച്ചോതുന്ന കാഴ്ചകൾ കണ്ടും ചരിത്രസ്മരണകൾ അയവിറക്കിയുമാണ് സൗദി സ്ഥാപകദിനാഘോഷം പലരും ഇവിടെ കൊണ്ടാടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.