ആഭ്യന്തര വിമാന യാത്രാ ടിക്കറ്റുകളുടെ വില വർധനവിൽ ഇടപെട്ട് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ

ജിദ്ദ: സൗദിയിൽ ആഭ്യന്തര വിമാന യാത്രാ ടിക്കറ്റുകളുടെ വില വർധനവിൽ ഇടപെടുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. നിലവിലെ ആഭ്യന്തര സർവിസുകളിലെ ഉയർന്ന ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചൊവ്വാഴ്‌ച ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്.

ഈ രംഗത്ത് നേരിട്ടുള്ള നടപടികൾ കൈക്കൊള്ളുമെന്ന് അതോറിറ്റി അറിയിച്ചു. ആഭ്യന്തര വിമാന സർവിസിൽ ചില വിഭാഗങ്ങളിലെ വിമാന ടിക്കറ്റുകളുടെ നിരക്കിൽ മാറ്റം വരുത്തിയതായി അടുത്തിടെ ശ്രദ്ധയിൽപ്പെട്ടതായും ടിക്കറ്റുകളുടെ വിലയെക്കുറിച്ച് പ്രചരിക്കുന്ന വിവരങ്ങൾ താൽപര്യത്തോടെ പിന്തുടരുന്നതായും അതോറിറ്റി അറിയിച്ചു. സൗദിയിലെ വ്യോമയാന മേഖലയുടെ നിയന്ത്രണ അതോറിറ്റി എന്ന നിലയിൽ ആഭ്യന്തര വിമാന സർവിസുകളുടെയും സീറ്റുകളുടെയും എണ്ണം വർധിപ്പിച്ചും യാത്ര ടിക്കറ്റിന്റെ വില നിർണയ രീതി പരിശോധിച്ചും ഇക്കാര്യത്തിൽ നേരിട്ടുള്ള ഇടപെടലുകൾ നടത്തും. ഈ നടപടികളിലൂടെ യാത്രക്കാർക്ക് അനുയോജ്യമായ വില ഉറപ്പാക്കാനും വ്യോമഗതാഗത മേഖലയിലെ മത്സരക്ഷമത വർധിപ്പിക്കാനും സാധിക്കും.

യാത്രക്കാരുടെ അവകാശങ്ങളുടെ സംരക്ഷണത്തിനാണ് തങ്ങൾ മുഖ്യ പരിഗണന നൽകുന്നതെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പറയുന്നു. ഈ മേഖലയിലെ അതോറിറ്റിയുടെ ഇടപെടൽ യാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Saudi General Authority of Civil Aviation intervene in price rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.