സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ഫോറത്തിന് ഈജിപ്തിലെ ശറമുശൈഖിൽ തുടക്കം

റിയാദ്: രണ്ടാമത് സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ഫോറത്തിന് വെള്ളിയാഴ്ച ഈജിപ്തിലെ ശറമുശൈഖിൽ തുടക്കമായി. യു.എൻ കാലാവസ്ഥ സമ്മേളനത്തോടനുബന്ധിച്ച് (സി.ഒ.പി-27) സംഘടിപ്പിച്ച ഫോറത്തിന്റെ മുദ്രാവാക്യം 'അഭിലാഷത്തിൽ നിന്ന് കർമപഥത്തിലേക്ക്' എന്നതാണ്. സൗദിയുടെ കാലാവസ്ഥാ പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന ഫോറത്തിൽ കഴിഞ്ഞ വർഷത്തെ ഹരിത ഉച്ചകോടിയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച 'പാചക ആവശ്യങ്ങൾക്കുള്ള ശുദ്ധമായ ഇന്ധന പദ്ധതി' നടപ്പാക്കുന്നതിനുള്ള കർമപരിപാടി ചർച്ച ചെയ്യും.

ശറമുശൈഖിൽ ഈ മാസം ഏഴിന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ രക്ഷാകർതൃത്വത്തിൽ സൗദി ഊർജ മന്ത്രാലയത്തിന്റെ മുൻകൈയിൽ നടന്ന രണ്ടാമത് മിഡിൽ ഈസ്റ്റ് ഹരിത ഉച്ചകോടിയുടെ തുടർച്ചയാണ് സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് ഫോറം. ഉച്ചകോടിക്കിടെ നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള കർമപദ്ധതി ഫോറത്തിൽ ചർച്ചയാകും. കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മേഖലയിലെ പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിന് പ്രായോഗികവും മൂർത്തവുമായ മാർഗങ്ങൾ ആരായുക എന്നതും ഫോറത്തിന്റെ അജണ്ടയിലുണ്ട്. കൂടാതെ അന്തരീക്ഷത്തിലെ കാർബൺ പിടിച്ചെടുക്കുന്നതിനും സംഭരണത്തിനുമായി മധ്യപൗരസ്ത്യ മേഖലയിൽ സൗദി സ്ഥാപിക്കുന്ന പ്രത്യേക കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തലുകളും ഫോറത്തിൽ ഉണ്ടായേക്കും.

ആദ്യദിനമായ വെള്ളിയാഴ്ച ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, പരിസ്ഥിതി-ജല-കൃഷി മന്ത്രി അബ്ദുറഹ്‌മാൻ അൽ-ഫാദ്‌ലി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സംരംഭങ്ങൾ നടപ്പാക്കുന്നതിൽ കൈവരിച്ച പുരോഗതി ചർച്ച ചെയ്തു. ലോകത്തെ ബാധിക്കുന്ന കാലാവസ്ഥാ വെല്ലുവിളികളെ നേരിടാൻ സംയുക്ത പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് സാധിക്കുകയെന്ന് ഊർജ മന്ത്രാലയ വക്താവ് പറഞ്ഞു.

'നിയോം' ആധുനിക നഗരത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധമായ ഹൈഡ്രജൻ പ്ലാന്റ് സ്ഥാപിക്കുന്നത് മുതൽ രാജ്യത്ത് വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പുനരധിവാസ പരിപാടികൾ വരെയുള്ള, ഇതര രാഷ്ട്രങ്ങൾക്ക് അനുകരിക്കാവുന്ന ബഹുമുഖ പരിസ്ഥിതി സംരക്ഷണ പരിപാടികളിലൂടെയാണ് സൗദി അറേബ്യ മുന്നോട്ട് നീങ്ങുന്നത്.

Tags:    
News Summary - saudi green initiative forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.