മഅ്ദനിയോട്​ എന്തിനീ ക്രൂരത?

അബ്​ദുന്നാസിർ മഅ്ദനി എന്ന ഒരു ഇന്ത്യൻ പൗരനോട്‌ ഇന്ത്യൻ ഭരണകൂടവും ജുഡീഷ്യറിയും കാണിക്കുന്ന മനുഷ്യത്വ രഹിത നിലപാട് നിഷേധാത്മകവും അങ്ങേയറ്റം ദൗർഭാഗ്യകരവും ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിക്കുതന്നെ അപമാനവുമാണ്.

വർഷങ്ങളുടെ നിയമപോരാട്ടങ്ങൾക്കുശേഷം നേടിയ ജാമ്യത്തിൽ കഴിയുമ്പോഴും മതിയായ ചികിത്സക്കുപോലും വിധേയനാവാൻ കഴിയാത്തവിധം നിയമത്തി​െൻറയും ഭരണകൂട വ്യവസ്ഥതിയുടെയും കരാളഹസ്തങ്ങൾക്കുള്ളിൽ എരിഞ്ഞുതീരുന്ന മഅ്ദനിയെയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്.

വർഷങ്ങൾക്കു​ മുമ്പ്​ നാലു മാസംകൊണ്ട് വിചാരണ നടത്തി വിധി പറയണം എന്ന പരമോന്നത സുപ്രീംകോടതി താക്കീത് നൽകിയത് കർണാടക സർക്കാർ അംഗീകരിച്ചിട്ട് പോലും വർഷങ്ങൾ കഴിഞ്ഞുപോയി എന്നത് നാം വിസ്മരിച്ചു കൂടാ...

ഇപ്പോഴുള്ള വിചാരണ തടവുകാലം മുമ്പ്​ കോയമ്പത്തൂർ ബോംബ് സ്ഫോടന ആരോപണ കേസിൽ അനുഭവിച്ച കാലാവധിയെക്കാളും പിന്നിട്ടുകഴിഞ്ഞു. വളരെ ഗുരുതരവും ആശങ്കാപരവുമായ നിരവധി രോഗങ്ങളുടെ പിടിയിലകപ്പെട്ട മഅ്ദനി ഇന്ന് ജീവൻ നിലനിർത്താനുള്ള അവസാന പോരാട്ടത്തിലാ​െണന്നത് കണ്ടില്ലെന്ന് നടിക്കുന്നു.

സമകാലിക ഫാഷിസ്​റ്റ്​ ഭരണകൂട ഭീകരത എനിക്കും നിങ്ങൾക്കും മുകളിൽ ഭീതിയുടെ കരിനിഴൽ പടർത്തി നിൽക്കുമ്പോൾ, അതെ ഭരണകൂട ഭീകരതയുടെ ജീവിക്കുന്ന ഇരയായ മഅ്ദനിയോട് ഐക്യപ്പെടാനും ശബ്​ദം ഉയർത്താനും ഇനിയും മടിക്കുന്ന സമുദായ, മതേതര, സാമൂഹിക പാർട്ടികളും സംഘടനകളും ഒരർഥത്തിൽ ഈ ഭരണകൂട ഭീകരതക്ക് കുഴലൂതുകയാണോ?

അതോ ഫാഷിസ്​റ്റ്​ ഭരണകൂട അടിമകളായി നാം അധഃപതിച്ചു പോയോ? അല്ലെങ്കിൽ ഭരണകൂട ഭീകരതക്കു മുന്നിൽ പകച്ചു പേടിച്ചരണ്ടു പോയതാണോ?10 വർഷം മുമ്പ്​ അബ്​ദുന്നാസിർ മഅ്ദനിയുടെ അറസ്​റ്റുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലം കൊടുമ്പിരികൊള്ളുമ്പോൾ, ഖുർആൻ നെഞ്ചോട് ചേർത്ത് ഒരു ഇസ്​ലാമിക പണ്ഡിതൻ, നോമ്പുകാരനായി, ‘താൻ ഈ കേസിൽ മനസ്സാ വാചാ കർമണ ഉൾപ്പെട്ടിട്ടില്ല’ എന്ന് കേരളീയ സമൂഹത്തോട് വിളിച്ചു പറഞ്ഞപ്പോൾ അത് വിശ്വാസത്തിൽ എടുക്കുന്നതിനുപകരം നിയമം നിയമത്തി​െൻറ വഴിയിൽ തള്ളിവിട്ട സ്വന്തം സമുദായ നേതാക്കൾ അന്ന് മതേതര സർട്ടിഫിക്കറ്റിനുവേണ്ടി മത്സരിക്കുകയായിരുന്നെന്ന് ഓർക്കുക.

ഇന്നു വർഷങ്ങൾക്കുശേഷം ആ സമുദായ നേതാക്കൾക്ക്​ നിയമം അതി​െൻറ വഴിയിൽ സഞ്ചരിക്കുന്നില്ല എന്ന് ഉറപ്പായിട്ടും അതേ നാവുകൊണ്ട് ആർജവത്തോടെ വിളിച്ചുപറയാൻ ഇനിയും എന്താണ് തടസ്സം? മഅ്ദനി ഉയർത്തിയ ഫാഷിസ്​റ്റ്​ വിരുദ്ധ, ദലിത് പിന്നാക്ക ഐക്യ അവർണ രാഷ്ട്രീയമാണെങ്കിൽ സമകാലിക ഇന്ത്യൻ രാഷ്​ട്രീയം ആവശ്യപ്പെടുന്നത് അതിലപ്പുറം വേറെ എന്താണ്?

ഫാഷിസ്​റ്റ്​ ഭരണകൂട മോചനത്തിനും ചെറുത്തുനിൽപിനും ഇന്ന് ഉയർത്താനുള്ള രാഷ്ട്രീയ ബദൽ വേറെ എന്തുണ്ട്? അതിലപ്പുറം അല്ലെങ്കിലും ജീവനുവേണ്ടി കൈനീട്ടുന്ന ഒരു മനുഷ്യനെ രാഷ്ട്രീയ വൈരാഗ്യം പറഞ്ഞു തട്ടി മാറ്റാൻ എവിടെയാണ് മതം അനുവദിക്കുന്നത്? ശേഷിക്കുന്ന ജീവനുവേണ്ടി അപേക്ഷിക്കുന്ന ഒരു മനുഷ്യനെ ബാക്കിയുള്ള ജീവ​െൻറ തുടിപ്പുകൂടി വലിച്ചടുത്തു ആറടി മണ്ണിലേക്ക് തള്ളിയിട്ടാൽ ഫാഷിസ്​റ്റ്​ ചേരിക്ക് ഒപ്പം ഈ സമുദായനേതാക്കൾക്ക്​ ആശ്വസിക്കാൻ വകയുണ്ടാവുമോ? അതോ നിങ്ങളുടെ വിലാപവും കണ്ണീരും സഹതാപവും നാളേക്കു​ വേണ്ടി മാറ്റിവെച്ചിരിക്കുകയാണോ? നിങ്ങളുടെ മനസ്സാക്ഷിയുടെ നീതിയും കരുണയും ഒരു മരണാനന്തര ബഹുമതിയായി നൽകാൻ കാത്തിരിക്കുകയാണോ?

ജനാധിപത്യ സംവിധാനവും സമുദായ രാഷ്ട്രീയ നേതൃത്വങ്ങളും സമൂഹ മനസ്സാക്ഷിയും ഈ ജീവനുവേണ്ടി ഉണർന്നേ മതിയാവൂ... ഇല്ലെങ്കിൽ ചരിത്രം ആവർത്തിക്കപ്പെടും... ഇനിയും മഅ്ദനിമാർ ജയിലിൽ ഹോമിക്കപ്പെടും... നീതിന്യായ വ്യവസ്‌ഥ പോലും നോക്കുകുത്തികളായി മാറിയ ഈ കെട്ട കാലത്ത് മഅ്ദനിയുടെ കാര്യത്തിൽ എല്ലാം മറന്നു, ഒന്നിച്ച് ഒന്നായേ മതിയാവൂ...

Tags:    
News Summary - saudi inbox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.