ജിദ്ദ: സൗദി-കൊറിയൻ നിക്ഷേപ ഫോറത്തിൽ സൗദി അരാംകോ 10 കരാറുകളിൽ ഒപ്പുവെച്ചു. പ്രതിവർഷം 60,000 ടൺ ശേഷിയുള്ള ഒരു മെറ്റൽ കാസ്റ്റിങ് കമ്പനി സ്ഥാപിക്കുന്നതും പ്ലാൻറ് നിർമിക്കുന്നതും കരാറുമായി ബന്ധപ്പെട്ട പ്രാരംഭ പദ്ധതികളിൽ ഉൾപ്പെടുന്നു. കൊറിയൻ സ്ഥാപനങ്ങളുമായി ഒമ്പത് ധാരണപത്രങ്ങളും ഒരു അധിക കരാറും ഒപ്പുവെച്ചതായി സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ പ്രഖ്യാപിച്ചു. റിഫൈനിങ്, പെട്രോകെമിക്കൽ മേഖലയിൽ പ്രവർത്തനം ശക്തിപ്പെടുത്തുക, ഹൈഡ്രജൻ എനർജി സൊലൂഷനുകളുടെ വികസനത്തെ പിന്തുണക്കുക, കമ്പനിക്ക് പുതിയ സാമ്പത്തിക ഓപ്ഷനുകൾ കണ്ടെത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൗദി നിക്ഷേപ മന്ത്രാലയം ആതിഥേയത്വം വഹിച്ച റിയാദിൽ നടന്ന സൗദി-കൊറിയൻ ഇൻവെസ്റ്റ്മെൻറ് ഫോറത്തിലാണ് ഇത്രയും ധാരണപത്രങ്ങളുടെ ഒപ്പിടൽ ചടങ്ങ് നടന്നത്. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ, സൗദി അരാംകോയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ എൻജി. അമീൻ ബിൻ ഹസൻ അൽ നാസർ, ഇരു രാജ്യങ്ങളിലെയും കമ്പനികളുടെ മുതിർന്ന എക്‌സിക്യൂട്ടിവുകൾ എന്നിവരും പങ്കെടുത്തു. കൊറിയയിലെ നിരവധി ഊർജ കമ്പനികൾ, കൊറിയ ഇലക്‌ട്രിക് പവർ കോർപറേഷൻ (കെപ്‌കോ), എസ്-ഓയിൽ, പോസ്‌കോ, ഹ്യൂണ്ടായ് ഓയിൽ ബാങ്ക്, കൊറിയ ലോട്ടെ കെമിക്കൽ കമ്പനി എന്നിവയുമായുള്ള ധാരണപത്രങ്ങളും കരാറുകളിൽ ഉൾപ്പെടുന്നു. ഹൈഡ്രജൻ ഊർജ വികസനം, ദ്രാവകങ്ങളെ നേരിട്ട് രാസവസ്തുക്കളാക്കി മാറ്റുന്നതിനുള്ള സാങ്കേതിക വിദ്യകൾ, ലോഹരൂപവത്കരണം എന്നിങ്ങനെ നാല് മേഖലകളിൽ ശ്രദ്ധകേന്ദ്രീകരിച്ച് കൂടുതൽ അവസരങ്ങൾ കണ്ടെത്തുന്നതിന് ഈ കരാറുകൾ വഴിയൊരുക്കുമെന്ന് സൗദി അരാംകോ പ്രസിഡൻറ് എൻജി. അമിൻ ബിൻ ഹസൻ അൽ നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.