ഭൂമി ഏറ്റെടുക്കൽ; ഉടമകൾക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്നാണ് സൽമാൻ രാജാവിന്റെ ഉത്തരവ്

ജിദ്ദ: പൊതുആവശ്യത്തിന് വസ്തുവകകൾ ഏറ്റെടുത്താൽ ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം ഉടൻ നൽകണമെന്ന് രാജകീയ ഉത്തരവ്. വസ്തുവിന്റെ ഉടമാവകാശം കൈമാറിയാൽ ഉടൻ നഷ്ടപരിഹാരം നൽകണമെന്നാണ് സൽമാൻ രാജാവിന്റെ ഉത്തരവ്. ഈ മാസം 10ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വസ്തുവിൽ കെട്ടിടമുണ്ടെങ്കിൽ അത് നീക്കംചെയ്യുന്നതിനോ അല്ലെങ്കിൽ അതിലുള്ളവരെ ഒഴിപ്പിക്കുന്നതിനോ കാത്തുനിൽക്കേണ്ടതില്ല. വസ്തുവിന്റെ ഉടമസ്ഥാവകാശ കൈമാറ്റ നടപടി പൂർത്തിയായാൽ ഉടമകൾ നഷ്ടപരിഹാരത്തിന് അർഹരായിക്കഴിഞ്ഞു എന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

നിലവിൽ ഇങ്ങനെയായിരുന്നില്ല നടപടിക്രമങ്ങൾ. ഉടമാവകാശ കൈമാറ്റം രേഖപ്പെടുത്തുകയും ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ മുഴുവൻ പൂർത്തിയാക്കുകയും ചെയ്തശേഷമായിരുന്നു നഷ്ടപരിഹാരം നൽകിയിരുന്നത്.

പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലെ വീഴ്ച ഒഴിവാക്കാനുള്ള താൽപര്യത്തിന്റെ ഭാഗമാണിതെന്ന് ഉത്തരവിൽ പറയുന്നു. സ്വത്ത് കൈമാറിയതിനുശേഷം ആളുകളെ ഒഴിപ്പിക്കുന്നതിനുമുമ്പ് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന മന്ത്രിസഭ തീരുമാനം പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. കെട്ടിടങ്ങളിൽനിന്ന് ഒഴിപ്പിക്കപ്പെടുന്ന പൗരന്മാരുടെ അവകാശങ്ങൾ കണക്കിലെടുക്കാനുള്ള വിവേകപൂർണമായ ഭരണനേതൃത്തിന്റെ താൽപര്യത്തിന്റെ ചട്ടക്കൂടിലാണ് ഈ തീരുമാനം വരുന്നത്. സ്വത്ത് ഒഴിപ്പിക്കലുമായി ബന്ധിപ്പിക്കാതെ നിയമാനുസൃത കാലയളവിനുള്ളിൽ അവരുടെ നഷ്ടപരിഹാരം വേഗത്തിൽ വിതരണം ചെയ്യാൻ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

നീക്കംചെയ്യാൻ പോകുന്ന കെട്ടിട ഉടമകൾക്ക് കുടിയൊഴിപ്പിക്കൽ നടപടികളില്ലാതെ നഷ്ടപരിഹാര വിതരണം ചെയ്യാൻ ആവശ്യമായ നടപടികൾ ധനമന്ത്രാലയത്തിന്റെയും അതോറിറ്റിയുടെയും സഹകരണത്തോടെ ബന്ധപ്പെട്ട വകുപ്പുകൾക്ക് വേഗത്തിൽ പൂർത്തിയാക്കാൻ പ്രാപ്തമാക്കുന്നതാണ് മന്ത്രിസഭ തീരുമാനമെന്ന് സ്റ്റേറ്റ് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വ്യക്തമാക്കി. ബദൽ ഭവനങ്ങൾ നൽകുന്നതിനിടയിൽതന്നെ ഒഴിപ്പിക്കപ്പെടുന്ന പൗരന്മാർക്ക് നഷ്ടപരിഹാര തുകയിൽനിന്ന് പ്രയോജനം നേടാനും ഇത് അനുവദിക്കുന്നുവെന്നും അതോറിറ്റി പറഞ്ഞു.

Tags:    
News Summary - Saudi Land Acquisition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.