റിയാദ്: കോൺഗ്രസിന്റെ സൗദി അറേബ്യയിലെ പോഷക സംഘടനയായ ഒ.ഐ.സി.സിയുടെ വിവിധ സെൻട്രൽ കമ്മിറ്റികളുടെ പുനഃസംഘടന പൂർത്തിയായതായി ഒ.ഐ.സി.സി-ഇൻകാസ് ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള കുമ്പത്ത് അറിയിച്ചു. അസ്വാരസ്യങ്ങളോ അഭിപ്രായ ഭിന്നതകളോ ഇല്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞു.
സൗദിയിലെ മൂന്ന് പ്രധാന പ്രവിശ്യകളായ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് പൂർത്തിയായി ഇതിനോടകം കമ്മിറ്റി നിലവിൽ വന്നു. അബഹ റീജനൽ കമ്മിറ്റിയും സൗദി നാഷനൽ കമ്മിറ്റിയും വൈകാതെ നിലവിൽ വരുമെന്നും റിയാദിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
പ്രവാസലോകത്തെ ജീവകാരുണ്യ മേഖലയിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. കക്ഷി രാഷ്ട്രീയത്തിന്റെ അതിർവരമ്പുകളൊന്നും നിശ്ചയിക്കാതെ ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ കണ്ണീരൊപ്പാൻ സാധ്യമായ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകാൻ സംഘടന സന്നദ്ധമാണ്. നമുക്കിടയിൽ നാം അറിയാതെ പോകുന്ന ദുരിത ജീവിതങ്ങളെ കണ്ടെത്താനും അവരുടെ അഭിമാനത്തിന് ക്ഷതമേൽക്കാതെ നമ്മളോടൊപ്പം ചേർത്ത് സംരക്ഷിക്കലുമാണ് കോൺഗ്രസിന്റെ പ്രവാസി സംഘടനയുടെ രാഷ്ട്രീയവും ലക്ഷ്യവും.
അതിനായി എല്ലാ രാജ്യങ്ങളിലും തുടർന്ന് ആഗോള തലത്തിലും ഓരോ രാജ്യത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാഷനൽ, റീജനൽ പ്രസിഡൻറുമാരും ഭാരവാഹികളും ഉൾപ്പെടുന്ന പ്രത്യേക വിങ് തന്നെ നിലവിൽ വരുമെന്നും ശങ്കരപിള്ള പറഞ്ഞു.
വ്യത്യസ്തത മേഖലകളിൽ തൊഴിലെടുക്കുന്ന വിദഗ്ധരായ സംഘടന പ്രവർത്തകരെ കണ്ടെത്തി അവരുടെ കഴിവും അറിവും പ്രവാസി സമൂഹത്തിന് ഉപകാരപ്രദമാകും വിധം പ്രയോജനപ്പെടുത്താനാകുംവിധം പരിശീലിപ്പിച്ചെടുക്കാൻ ശിൽപശാലകൾ ഓരോ റീജ്യനുകളിലും സംഘടിപ്പിക്കും. തൊഴിൽരഹിതരായ പ്രവാസികളെ സഹായിക്കാൻ ‘കരിയർ കെയർ’ ഓൺലൈൻ നെറ്റ് വർക്ക് പദ്ധതിയും നടപ്പാക്കും. സമൂഹമാധ്യമങ്ങൾ വഴി വ്യാജ പ്രചാരങ്ങളിലൂടെ കോൺഗ്രസിനെയും നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുക്കാനും ഇന്ത്യയിൽ സമാധാനവും ഐക്യവും ജനാധിപത്യ സംവിധാനവും ഉറപ്പാക്കാനും ആവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾ ആവിഷ്കരിക്കും.
അതിനായി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെയും ഐ.ടി വിദഗ്ധരെയും ഉൾപ്പെടുത്തി ഗ്ലോബൽ കമ്മിറ്റിക്ക് കീഴിൽ പ്രത്യേക ഐ.ടി സെൽ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദ റീജനൽ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകാൻ സൗദി അറേബ്യയിലെത്തിയ ശങ്കരപിള്ള ‘ഇന്ത്യയുടെ ഉയിർപ്പ്’ എന്ന പേരിൽ ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിക്കാൻ റിയാദിലെത്തിയതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.