മക്ക: ഹജ്ജ് പ്രദേശങ്ങളിലെ വേനൽചൂടിലും ആതുരശുശ്രൂഷാ സന്നദ്ധരായി വിസ്മയകരമായ പ്രവർത്തനം കാഴ്ചവെച്ച് സൗദി റെഡ് ക്രസന്റ് അതോറിറ്റി (എസ്.ആർ.സി.എ). ഡോക്ടർമാർ, പാരാമെഡിക്കലുകൾ, മെഡിക്കൽ സ്പെഷലിസ്റ്റുകൾ എന്നിവരടങ്ങുന്ന സന്നദ്ധസംഘം തീർഥാടകർ അഭിമുഖീകരിക്കുന്ന ഏത് മെഡിക്കൽ പ്രശ്നങ്ങളും പരിഹരിക്കാൻ സദാ സന്നദ്ധരാണ്. ഹജ്ജ് വേളയിൽ ആളുകളെ സഹായിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ആതുരമേഖലയിൽ അവർക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും അതോറിറ്റിയുടെ പാരാമെഡിക്കൽ ടീം ലീഡർ മുഹമ്മദ് തറാഫ് പറഞ്ഞു.
ഹജ്ജ് വേളയിൽ മൂന്ന് വർഷമായി റെഡ് ക്രസന്റിന്റെ സന്നദ്ധ ഗ്രൂപ്പിൽ പ്രവർത്തിക്കുന്ന അദ്ദേഹം ജംറയിലെ ഓരോ ഷിഫ്റ്റിലും പ്രവർത്തിക്കുന്ന 14 വ്യക്തികളുള്ള ടീമിന്റെ ചുമതല വഹിക്കുകയാണ്. 2019ന് ശേഷമുള്ള ഏറ്റവും വലിയ തീർഥാടകസംഘത്തിന്റെ സാന്നിധ്യമുള്ള വർഷമാണിത്. ഈ വർഷം ദുൽഹജ്ജ് 10ന് മാത്രം സഹായം തേടി 9,531 വിളികൾ അതോറിറ്റിക്ക് ലഭിച്ചു. അതിൽ 293 പേരും മസ്ജിദുൽ ഹറാമിൽനിന്നുള്ളതാണ്. മക്കയിൽനിന്ന് 2,125 പേരും അറഫ, മുസ്ദലിഫ, മിന, ജംറ തുടങ്ങിയ പുണ്യസ്ഥലങ്ങളിൽനിന്ന് 7,113 പേരും വിളിച്ചതായി അതോറിറ്റി വക്താവ് ട്വീറ്റ് ചെയ്തു.
അതോറിറ്റിയുടെ കണക്കനുസരിച്ച്, അറഫയിലും മുസ്ദലിഫയിലും 27 ആംബുലേറ്ററി സെന്ററുകളും 286 പ്രത്യേക ടീമുകളും 560ലധികം ഹെൽത്ത് പ്രാക്ടീഷണർ വളന്റിയർമാരും തീർഥാടകരെ ചികിത്സിക്കാൻ തയാറായി രംഗത്തുണ്ട്. സൗദി റെഡ് ക്രസന്റ് അതോറിറ്റിയിലെ പ്രഫഷനലുകൾ പുണ്യപ്രദേശങ്ങളിലെ വിവിധ മേഖലകളിൽ 12 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിൽ അശ്രാന്ത സേവനസന്നദ്ധരായി പ്രവർത്തിക്കുന്നു.
ഒന്നിലധികം അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ കൂടുതൽ പേരെ ഒരുമിച്ച് ചികിത്സിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത 10 കിടക്കകളുള്ള ‘തുവൈഖ് മെഡിക്കൽ ബസ്’ സംവിധാനം ഒരുക്കിയിരുന്നു. പൾസ്, ഓക്സിജൻ സാച്ചുറേഷൻ, രക്തസമ്മർദം തുടങ്ങിയവ പരിശോധിക്കാൻ കഴിയുന്ന ‘ലൈഫ് പാക് 15’ എന്ന ഉപകരണം ഒരുക്കിയിട്ടുണ്ട്. രോഗികളായ തീർഥാടകരുടെ രോഗം നിർണയിക്കാനും ഉടനടി പരിഹാരം കാണാനും സൗദി റെഡ് ക്രസന്റ് അതോറിറ്റിയുടെ ആധുനിക സംവിധാനം ഏറെ ഉപകാരപ്രദമാണെന്നും വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.