ജിദ്ദ: മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അമേരിക്കൻ കോൺഗ്രസിലെത്തിയ റിപ്പോർട്ടിലെ വിവരങ്ങൾ പൂർണമായും തള്ളി സൗദി അറേബ്യ. സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. സൗദി പൗരനായ ജമാൽ ഖശോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കൻ കോൺഗ്രസിന് നൽകിയ റിപ്പോർട്ട് സൗദി വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു. രാജ്യ നേതൃത്വത്തെക്കുറിച്ച് ആ റിപ്പോർട്ടിലെ നിഷേധാത്മകവും തെറ്റായതുമായ നിഗമനങ്ങൾ അംഗീകരിക്കാനാകില്ല, അതിനാൽ തന്നെ സൗദി ഭരണകൂടത്തിന് ഇൗ റിപ്പോർട്ട് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല.
രാജ്യത്തിെൻറ നിയമങ്ങളും മൂല്യങ്ങളും ലംഘിച്ച് നടപ്പാക്കിയ ഗുരുതരമായ കുറ്റകൃത്യമാണതെന്ന് സൗദി അധികാരികൾ നേരത്തെ പ്രസ്താവന നടത്തിയ കാര്യം അവർ ഓർമിപ്പിച്ചു. കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും, അവർക്കെതിരെ കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഭരണ നേതൃത്വം കൈക്കൊള്ളുകയും ചെയ്ത സമയത്ത്, തെറ്റായതും നീതിയുക്തമല്ലാത്തതുമായ നിഗമനങ്ങൾ ഉൾപ്പെടുന്ന ഒരു റിപ്പോർട്ട് വരുന്നത് ഖേദകരകമാണ്.
സൗദി അറേബ്യയുടെ നേതൃത്വത്തെയും പരമാധികാരത്തെയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെയും ബാധിക്കുന്ന ഏത് കാര്യവും രാജ്യം തള്ളിക്കളയും. സൗദി അറേബ്യക്കും അമേരിക്കക്കുമിടയിലെ സഹകരണം ശക്തവും ദൃഢവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ഓർമിപ്പിച്ചു. കഴിഞ്ഞ എട്ട് ദശകങ്ങളിൽ പരസ്പര ബഹുമാനത്തിലധിഷ്ഠിതമാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം. വിവിധ ഇടങ്ങളിൽ അവ ശക്തിപ്പെടുത്തുന്നതിനൊപ്പം മേഖലയിലും ലോകത്തും സുരക്ഷയും സുസ്ഥിരതയും ഐക്യവും സഹകരണവും ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. അത് നിലനിൽക്കാനാണ് സൗദി ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.