ജിദ്ദ: സൗദി അറേബ്യ സുരക്ഷിതവും വിശ്വസനീയവുമായ ഊർജ സ്രോതസ്സായി തുടരുമെന്നും ആഗോള ഊർജ വിപണികളിൽ വില നിലനിർത്തുമെന്നും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. റിയാദിൽ ജി.സി.സി-ആസിയാൻ ഉച്ചകോടിയിൽ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വികസനത്തിനുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പിക്കുന്ന വിധത്തിൽ സഹകരണവും പങ്കാളിത്തവും വികസിപ്പിക്കുകയാണ് ഉച്ചകോടി ലക്ഷ്യം.
ശുദ്ധവും കാർബൺരഹിത ഊർജ സാങ്കേതിക വിദ്യകളും പെട്രോകെമിക്കൽ വിതരണ ശൃംഖലകളും വികസിപ്പിച്ച്, സുസ്ഥിരത നേടിയെടുക്കാൻ വിവിധ പദ്ധതികളിലൂടെ സൗദി അറേബ്യ ശ്രമിക്കുകയാണ്. അഭിവൃദ്ധിയുടെയും വികസനത്തിന്റെയും മെച്ചപ്പെട്ട ഭാവിക്ക് വേണ്ടിയുള്ള ‘വിഷൻ 2030’ കൈവരിക്കുന്നതിന് ലോജിസ്റ്റിക്കൽ, ഇൻഫ്രാസ്ട്രക്ചർ റിസോഴ്സുകളിൽനിന്ന് പരമാവധി സംയുക്ത നേട്ടം കൈവരിക്കുക, ടൂറിസം, സാംസ്കാരിക പ്രവർത്തന മേഖലകളിൽ സഹകരണം വർധിപ്പിക്കുക, ജനങ്ങൾക്കിടയിൽ ആശയവിനിമയം നടത്തുക, വൈവിധ്യമാർന്ന പങ്കാളിത്തം സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളാണ് സൗദിക്കുള്ളതെന്നും കിരീടാവകാശി ചൂണ്ടിക്കാട്ടി.
ജി.സി.സി, ആസിയാൻ ഗ്രൂപ് രാജ്യങ്ങൾ സാമ്പത്തിക വികസനത്തിന്റെ പാതയിൽ സുപ്രധാന നേട്ടം കൈവരിച്ചു. രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനം 7.8 ലക്ഷം കോടി ഡോളർ കവിയുന്നു. ജി.സി.സി രാജ്യങ്ങൾ സാമ്പത്തിക വളർച്ച നിരക്ക് കൈവരിച്ചപ്പോൾ ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ അവരുടെ സംഭാവന വർധിപ്പിച്ചു. സമ്പദ് വ്യവസ്ഥ 7.3 ശതമാനത്തിലധികം വളർന്നു. 2022ൽ ആസിയാൻ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ 5.7 ശതമാനമായി അഭിവൃദ്ധിപ്പെട്ടു.
കൂടുതൽ സമ്പന്നമായ സമ്പദ്വ്യവസ്ഥക്കായി പ്രവർത്തിക്കാൻ ഇത് ഇരുകൂട്ടർക്കും പ്രോത്സാഹനകരമാണ്. ഇരു ഗ്രൂപ്പിലെയും രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധങ്ങൾ കൂടുതൽ വിപുലപ്പെടുന്നുണ്ടെന്നും കിരീടാവകാശി പറഞ്ഞു. ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാരത്തിന്റെ അളവ് ആഗോളതലത്തിൽ ജി.സി.സി രാജ്യങ്ങളിലെ മൊത്തം വ്യാപാരത്തിന്റെ എട്ടു ശതമാനത്തിലെത്തി. മൂല്യം 137 ശതകോടി ഡോളറായി. ആസിയാൻ രാജ്യങ്ങളിലേക്കുള്ള ജി.സി.സി കയറ്റുമതി അവരുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം ഒമ്പതു ശതമാനം വരും. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയുടെ അളവ് ജി.സി.സി രാജ്യങ്ങളുടെ മൊത്തം ഇറക്കുമതിയുടെ ആറു ശതമാനവും എത്തി.
മനുഷ്യ വിഭവശേഷി, വാണിജ്യ അവസരങ്ങൾ, വാഗ്ദാനമായ നിക്ഷേപ പദ്ധതികൾ എന്നിവയിൽ ഇരു ഗ്രൂപ്പുകളുടെയും രാജ്യങ്ങൾ കൈവശംവെച്ചിരിക്കുന്ന മാനവ വിഭവശേഷിയുടെ വെളിച്ചത്തിൽ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള ആഗ്രഹം കിരീടാവകാശി പ്രകടിപ്പിച്ചു. എല്ലാ മേഖലകളിലും സഹകരണത്തിന് പുതിയ ചക്രവാളങ്ങൾ തുറക്കാൻ ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
അന്താരാഷ്ട്ര വേദികളിൽ ജി.സി.സി രാജ്യങ്ങളുടെ ഏകോപനത്തിന്റെയും സഹകരണത്തിന്റെയും നിലവാരത്തെ അദ്ദേഹം പ്രശംസിച്ചു. റിയാദിൽ എക്സ്പോ 2030 ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ നാമനിർദേശത്തിന് ആസിയാൻ രാജ്യങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചതിനെ കിരീടാവകാശി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.