ജിദ്ദ: സൗദിയിലെ സ്കൂളുകൾ റമദാൻ, ഈദുൽ ഫിത്ർ അവധികൾക്കുശേഷം ഞായറാഴ്ച തുറന്നതോടെ ഈ അധ്യയനവർഷത്തിലെ മൂന്നാം സെമസ്റ്ററിന് തുടക്കംകുറിച്ചു. പുതിയ അക്കാദമിക് കലണ്ടർ അനുസരിച്ച്, പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ വിഭാഗങ്ങളിലുമുള്ള വിദ്യാർഥികൾ വീണ്ടും സ്കൂളുകളിലെത്തിയപ്പോൾ മൂന്നാം സെമസ്റ്ററിലേക്കുള്ള വിദ്യാഭ്യാസ പ്രക്രിയയിലേക്കാണ് മടക്കം കുറിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ വകുപ്പുകാര്യാലയങ്ങൾ വേനൽക്കാലത്ത് സ്കൂളുകളിലെ മൂന്നാം സെമസ്റ്റർ ആരംഭിക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. ശക്തമായ ഉഷ്ണമുള്ള മേഖലകളിൽ സ്കൂൾ സമയം നേരത്തേ ആരംഭിക്കാനും ഉത്തരവ് നൽകി. റിയാദ് മേഖലയിലെ വാദി ദവാസിർ, അഫ്ലാജ് എന്നിവിടങ്ങളിലും അസീർ മേഖലയിലും സ്കൂളുകളിലെ പ്രഭാത അസംബ്ലി രാവിലെ 6.45ന് ആരംഭിക്കും. ക്ലാസ് രാവിലെ ഏഴിന് തുടങ്ങും. വടക്കൻ അതിർത്തി മേഖലയിലെ പൊതുവിദ്യാഭ്യാസ വകുപ്പും അതത് പ്രദേശങ്ങളിലെ ഉഷ്ണകാല സാഹചര്യമനുസരിച്ച് സ്കൂൾ സമയം നേരത്തേ ആക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മൂന്നാം സെമസ്റ്ററിലെ അധ്യയന അവധിയുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളും വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം സെമസ്റ്ററിൽ രണ്ടു ഹ്രസ്വ അവധിക്കാലം ലഭിക്കും. ആദ്യത്തേത് മേയ് 25നും രണ്ടാമത്തേത് ജൂൺ ആറിനുമായിരിക്കും. മൂന്നാം സെമസ്റ്ററിനുശേഷമുള്ള സ്കൂൾ അധ്യയന വർഷാവസാനം ജൂൺ 30ന് ആരംഭിക്കും.
സ്കൂളുകളിൽ നടപ്പായ മൂന്ന് സെമസ്റ്റർ സമ്പ്രദായം വിദ്യാഭ്യാസ മേഖലയിലെ കാര്യക്ഷമത വർധിപ്പിക്കാൻ വഴിവെച്ചതായും വിദ്യാർഥികളും രക്ഷിതാക്കളും ഈ സംവിധാനം ഏറെ സ്വാഗതം ചെയ്തതായും വിദ്യാഭ്യാസ മന്ത്രാലയം അഭിപ്രായപ്പെട്ടു. മൂന്നു സെമസ്റ്റർ രീതിയിലുള്ള സ്കൂൾ ക്ലാസുകൾ വിദ്യാർഥികൾക്ക് അവരുടെ വ്യക്തിവികാസത്തിൽ ഗണ്യമായ സംഭാവന നൽകാനും പഠനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വഴിവെച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. കുട്ടികളുടെ അറിവ് ശേഖരണം നിലനിർത്തുന്നതിനും അവരുടെ കഴിവുകളെ പിന്തുണക്കുന്നതിനും ഒന്നിലധികം പാഠ്യേതരപ്രവർത്തനങ്ങൾ പരിശീലിക്കുന്നതിനും പുതിയ പാഠ്യപദ്ധതികളും പരിഷ്കാരങ്ങളും സഹായിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്രരംഗത്തെ മികച്ച സമ്പ്രദായങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസ പ്രക്രിയയുടെ കാര്യക്ഷമതയുടെ നിലവാരം ഉയർത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങൾ ഏറെ ഫലം ലഭിക്കുന്നതായി കണ്ടെത്തിയതായും മന്ത്രാലയം സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.