യാംബു: ഇസ്രായേൽ അതിക്രമങ്ങളാൽ പൊറുതിമുട്ടിയ ഫലസ്തീനിലെയും ലബനാനിലെയും ജനങ്ങൾക്ക് സഹായം തുടർന്ന് സൗദി. സൗദി സഹായ ഏജൻസിയായ കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിൽ ആയിരക്കണക്കിന് സഹായവസ്തുക്കളാണ് ഇരു രാജ്യങ്ങളിലേക്കും സൗദി അയക്കുന്നത്.
22ാമത് ദുരിതാശ്വാസ വിമാനമാണ് കഴിഞ്ഞ ദിവസം ലബനാൻ തലസ്ഥാന നഗരമായ ബൈറൂത്തിലെ റാഫീഖ് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനത്തിൽ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയാണുള്ളത്.
ഗസ്സയിലെ ദുരിതബാധിതർക്ക് ഭക്ഷണവസ്തുക്കൾ എത്തിക്കുന്നത് തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സൗദി സെന്റർ ഫോർ കൾചർ ആൻഡ് ഹെറിറ്റേജിന്റെ സഹകരണത്തോടെ ദുരിതാശ്വാസപ്രവർത്തനങ്ങൾ രാജ്യത്ത് സജീവമാക്കാൻ കാമ്പയിനും ഇതിനായി രാജ്യത്ത് ഇപ്പോഴും തുടരുന്നുണ്ട്.
അതേസമയം, ദുരിതാശ്വാസ സാധനങ്ങൾ റഫയിൽ ഇസ്രായേൽ തടയുന്ന അവസ്ഥ തുടരുന്നതായാണ് റിപ്പോർട്ടുള്ളത്. ജീവകാര്യണ്യ സംവിധാനങ്ങളുടെ പരിരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾ നടത്തുന്ന ഇസ്രായേലിനെതിരെ ഇതിനകം ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധവും ഇപ്പോൾ കൂടുതൽ ശക്തമായിരിക്കുകയാണ്.
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാണ്. സാധാരണക്കാരെയും സന്നദ്ധ സംഘടനകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ചുള്ള നടപടികളിൽനിന്ന് ഇസ്രായേൽ പിന്മാറണമെന്ന് സൗദി അടക്കമുള്ള രാഷ്ട്രങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗസ്സയിലേക്ക് തടസ്സം കൂടാതെ സഹായം വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ അടിയന്തര നടപടി വേണ്ടതുണ്ടെന്നും യു.എൻ അടക്കമുള്ള സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. വടക്കൻ ഗസ്സയിലെ മാനുഷിക സാഹചര്യം വളരെ മോശമായി തുടരുന്നു.
2015ൽ കെ.എസ്. റിലീഫ് ആരംഭിച്ചത് മുതൽ, പ്രാദേശിക, അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് 104 രാജ്യങ്ങളിലായി 7.1 ശതകോടി ഡോളറിലധികം മൂല്യമുള്ള 3,100 പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്ന് കെ.എസ്. റിലീഫ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.