ജിദ്ദ: ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കുമ്പോൾ തീർഥാടകർക്ക് വഴികളും ദിശകളും കൃത്യമായറിയാൻ സഹായിക്കുന്ന ആറ് ഇന്ററാക്ടീവ് മാപ്പുകൾ പുറത്തിറക്കിയതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) വിഭാഗം അറിയിച്ചു. മക്കയും വിശുദ്ധ സ്ഥലങ്ങളും, മക്ക ഭൂപടം, മസ്ജിദുൽ ഹറാമും പരിസരവും, മിന, മുസ്ദലിഫ, അറഫ പ്രദേശങ്ങളുടെ മാപ്പുകളാണ് പുറത്തിറക്കിയത്. ഇവിടങ്ങളിലെ ട്രാഫിക് ചലനത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ആറ് മാപ്പുകളും വ്യത്യസ്തമാണ്.
ജനറൽ സെക്യൂരിറ്റി നൽകുന്ന വിവരങ്ങൾകൂടി ഉൾപ്പെടുത്തിയ മാപ്പുകളിൽ തീർഥാടകരെ ബസുകളിലോ സ്വകാര്യ വാഹനങ്ങളിലോ എത്തിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂപടങ്ങളുടെ ഒരു ഭാഗത്ത് പതിവായി ഉണ്ടായേക്കാവുന്ന സംശയങ്ങളുടെ ഒരു ലിസ്റ്റും മറുപടിയും അടങ്ങിയിരിക്കുന്നു. തീർത്ഥാടകർക്ക് ആറ് മാപ്പുകളും http://hajjtraffic.com/ എന്ന ലിങ്ക് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തോ ഉപയോഗിക്കാം.
സേർച്ചിങ്, പ്രിന്റ് എടുക്കൽ, നാവിഗേറ്റ് ചെയ്യൽ എന്നിങ്ങനെയുള്ള സേവനങ്ങളും ലഭ്യമായ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് തീർത്ഥാടകരെ മനസ്സിലാക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകളും നിർദ്ദേശങ്ങളും അടങ്ങിയതാണ് മാപ്പുകൾ. ഇന്റഗ്രേറ്റഡ് ട്രാഫിക് പ്ലാനിന്റെ പരിധിയിലാണ് മാപ്പുകൾ നൽകുന്നതെന്നും അതിലൂടെ ഈ വർഷത്തെ ഹജ്ജ് അനായാസം പൂർത്തിയാക്കാൻ തീർത്ഥാടകരെ സഹായിക്കുമെന്നും സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.