റിയാദ്: സൗദി അറേബ്യയിൽ ട്രാഫിക്ക് ലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് ഏപ്രിൽ 18 (ശവ്വാൽ ഒമ്പത്) മുതൽ പ്രാബല്യത്തിൽ വരും. ഓരോരുത്തരുടെയും പേരിൽ രേഖപ്പെടുത്തിയിട്ടുള്ള പിഴകൾ താനെ കുറയും. ഏപ്രിൽ 18 വരെ രേഖപ്പെടുത്തുന്ന പിഴയിൽ പകുതിയാണ് കുറയുക. അതിന് ശേഷമുള്ളതിൽ 25 ശതമാനത്തിെൻറയും കിഴിവ് ലഭിക്കും. ഈ ഇളവ് ലഭിക്കാൻ പിഴ കിട്ടിയയാൾ ഒന്നും ചെയ്യേണ്ടതില്ല. ആവശ്യം വേണ്ട നടപടിക്രമങ്ങൾ ട്രാഫിക് അധികൃതർ ചെയ്തോളും. അതിനായിൽ ‘അബ്ഷിറി’ൽ ഒന്നും ചെയ്യേണ്ടതില്ല. പിഴ സ്വയം കുറയുന്നതുവരെ (ഡിസ്കൗണ്ട് നേരിട്ട് ആക്ടിവേറ്റ് ആകുന്നത് വരെ) കാത്തിരിക്കുകയാണ് വേണ്ടത്.
എന്നാൽ ട്രാഫിക് പിഴയിളവ് ലഭിക്കാൻ ചില നടപടികൾ ചെയ്യേണ്ടതുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താനായി ചില വ്യാജ ലിങ്കുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടെന്നും അതിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിെൻറ ഡിജിറ്റൽ ആപ്പായ ‘അബ്ഷിർ’ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഒരാളും തങ്ങളുടെ വിവരങ്ങളും ഡിജിറ്റൽ ഐഡൻറിറ്റിയും ആരോടും വെളിപ്പെടുത്തരുത്. ഇതുമായി ബന്ധപ്പെട്ട ഒരു ബോധവത്കരണ കാമ്പയിൻ ‘നിങ്ങൾ ചൂഷണംചെയ്യപ്പെടരുത്’ എന്ന പേരിൽ മന്ത്രാലയം ആരംഭിച്ചിരിക്കുകയാണ്.
ഒരു മാസം നീളുന്ന കാമ്പയിൻ ആളുകൾക്കിടയിൽ ചൂഷണത്തെയും ഡിജിറ്റൽ തട്ടിപ്പിനെയും കുറിച്ചുള്ള അവബോധം വളർത്തുക, ‘അബ്ഷിറി’ലെ യൂസർ ഐഡിയുടെയും പാസ്വേഡിെൻറയും രഹസ്യസ്വഭാവം നിലനിർത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. ട്രാഫിക് പിഴകൾക്ക് വൻ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഈ സാഹചര്യം മുതലെടുത്ത് ആളുകളെ കബളിപ്പിക്കുന്നവർ ഇറങ്ങിയിട്ടുണ്ട്. അവരെ കരുതിയിരിക്കണമെന്ന് പ്രമുഖ സാങ്കേതിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.