ജിദ്ദ: പ്രതിദിന ഉംറ തീർഥാടകരുടെ എണ്ണം 1,20,000 ആയി ഉയർത്താൻ ഉദ്ദേശിക്കുന്നതായി ഉംറ കാര്യ അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് വിസാൻ പറഞ്ഞു. മുഹറം ഒന്ന് മുതൽ ഉംറ തീർത്ഥാടകരുടെ എണ്ണം പ്രതിദിനം 60,000 ആയി ഉയർത്തിയിട്ടുണ്ട്. ക്രമേണ തീർഥാടകരുടെ എണ്ണം കൂട്ടാൻ നിർദേശമുണ്ട്. ആരോഗ്യ മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് ക്രമേണ തീർഥാടകരുടെ എണ്ണം 90,000 ഉം പിന്നീട് 1,20,000 ആയി വർധിപ്പിക്കുമെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
ഉയർന്ന ആരോഗ്യ സുരക്ഷ മുൻകരുതലുകൾക്ക് അനുസൃതമായിരിക്കും ഉംറയും മറ്റും കർമങ്ങളും നടക്കുക. ഈ വർഷം വിദേശ ഉംറ തീർഥാടകരുടെ എണ്ണത്തിൽ വർധവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പത്ത് മാസം വരെ നീണ്ടു നിൽക്കുന്നതാണ് ഉംറ സീസൺ. എല്ലാ വകുപ്പുകളും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകാൻ സജ്ജമാണെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വിദേശ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നടപടിക്രമങ്ങളും നിലവാരങ്ങളും വ്യക്തമാക്കുന്ന ഒരു രേഖ മന്ത്രാലയം വർഷംതോറും തയ്യാറാക്കാറുണ്ട്. ഈ വർഷത്തെ രേഖയിൽ ഏറ്റവും പ്രധാനപ്പെട്ടത് തീർഥാടകരുടെ പ്രായപരിധി നിർണയിച്ചതും രാജ്യത്തെ അംഗീകൃത വാക്സിനെടുത്തിരിക്കണമെന്നുള്ളതുമാണ്. ഗതാഗതം, പാർപ്പിടം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ ഉൾപ്പെടുന്ന സേവന പാക്കേജുകൾ കേന്ദ്ര റിസർവേഷൻ പ്ലാറ്റ്ഫോമിൽ നിന്ന് വാങ്ങുന്നതിനുള്ള സംവിധാനമുണ്ടെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.