ദമ്മാം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സംഘ്പരിവാർ ശക്തികളുടെയും കണ്ണിലെ കരടായ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസിൽ അതിക്രമിച്ചുകയറി ഓഫിസിലെ വസ്തുവകകൾ അടിച്ചുതകർത്തും ജീവനക്കാരെ കൈയേറ്റം ചെയ്തും അഴിഞ്ഞാടിയതിലൂടെ എസ്.എഫ്.ഐ ലക്ഷണമൊത്ത സാമൂഹികവിരുദ്ധ സംഘടനയായി അധഃപതിച്ചെന്ന് ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
മാസങ്ങൾക്കു മുമ്പ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടിൽ വന്നതും എസ്.എഫ്.ഐയുടെ ഈ ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പ്രതിഷേധ സദസ്സ് വിലയിരുത്തി. ബഫർ സോൺ വിഷയത്തിൽ നാളിതുവരെ ഏതൊരു പ്രതികരണവും നടത്താത്ത എസ്.എഫ്.ഐ പെട്ടെന്ന് ഇങ്ങനെയൊരു ആക്രമണം രാഹുൽ ഗാന്ധിയുടെ ഓഫിസിനുനേരെ നടത്തിയത് സി.പി.എം - ബി.ജെ.പി ഗൂഢാലോചനയുടെ ഭാഗമാണെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി. അബ്ദുൽ ഹമീദ് പറഞ്ഞു. ബിജു കല്ലുമല അധ്യക്ഷത വഹിച്ചു.
ആക്രമണത്തെ അപലപിച്ചതിലും തള്ളിപ്പറഞ്ഞതിലും ആത്മാർഥതയുണ്ടെങ്കിൽ ഇപ്പോൾ അറസ്റ്റിലായവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ സി.പി.എമ്മും സർക്കാറും തയാറാകണമെന്ന് പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. ഹനീഫ് റാവുത്തർ, പി.കെ. അബ്ദുൽ കരീം, രാധിക ശ്യാം പ്രകാശ്, ഷിജില ഹമീദ്, ഹുസ്ന ആസിഫ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇ.കെ. സലിം സ്വാഗതവും ട്രഷറർ റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.