ദമ്മാം: ശർഖിയ പുസ്തകമേള-2023 വ്യാഴാഴ്ച ആരംഭിക്കും. ദഹ്റാൻ എക്സിബിഷൻ സെൻററിലാണ് (എക്സ്പോ). ‘പ്രദർശനം - സംസ്കാരം - നാഗരികത - കല’ എന്നീ ശീർഷകത്തിൽ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ (ഇത്റ)യുടെ പങ്കാളിത്തത്തോടെയാണ് മേള നടക്കുക. മാർച്ച് 11 വരെ നീണ്ടുനിൽക്കും.
ലിറ്ററേച്ചർ, പബ്ലിഷിങ്, ട്രാൻസലേഷൻ കമീഷനുകീഴിലെ ഈ വർഷത്തെ ആദ്യപുസ്തക മേളയാണിത്. ഏകദേശം 39,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയ മേള നഗരിയിൽ 350ലധികം പവിലിയനുകളിലായി 500ഒാളം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസാധകർ പങ്കെടുക്കും.
പുസ്തകമേളയുടെ സാംസ്കാരിക പങ്കാളിയായ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾചർ അവതരിപ്പിക്കുന്ന 140ഓളം വിവിധ പരിപാടികളും മേളയിലുണ്ടാകും. എല്ലാ ദിവസവും നടക്കുന്ന സെമിനാറുകളും ഡയലോഗ് സെഷനുകളും ശിൽപശാലകളും സായാഹ്ന കവിയരങ്ങും കച്ചേരിയും അവസാന ദിവസത്തെ സൗദി ദേശീയ സംഗീതമേളയും ഇതിലുൾപ്പെടും.
ഈ മാസം എട്ടിന് ബാലസാഹിത്യ സമ്മേളനത്തിനും മേള സാക്ഷ്യം വഹിക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള എഴുത്തുകാർ അഭിസംബോധന ചെയ്യും. രാവിലെ 11 മുതൽ രാത്രി 11 വരെ പുസ്തകമേള സന്ദർശകരെ സ്വീകരിക്കും. വെള്ളിയാഴ്ച പ്രവേശനം ഉച്ചക്കുശേഷം രണ്ടു മുതലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.