ദമ്മാം: ഹജ്ജ് ചെയ്യാനുള്ള വഴിദൂരമത്രയും നടന്ന് യാത്രചെയ്യാൻ കേരളത്തിൽനിന്ന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ ലക്ഷ്യത്തിനരികെ. വിവിധ രാജ്യങ്ങൾ കടന്ന അദ്ദേഹം ദിവസങ്ങൾക്കുമുമ്പാണ് കുവൈത്ത് അതിർത്തി താണ്ടി സൗദിയുടെ മണ്ണിലെത്തിയത്. രണ്ടുദിവസത്തെ വിശ്രമത്തിനുശേഷം കഴിഞ്ഞ ദിവസം മദീന ലക്ഷ്യമിട്ട് നടന്നുതുടങ്ങി. കഴിഞ്ഞ ഞായറാഴ്ച പുലർച്ച 5.15ന് സൗദി-കുവൈത്ത് അതിർത്തിയായ ‘അൽ റാഖായി’ വഴിയാണ് ശിഹാബ് സൗദിയിൽ പ്രവേശിച്ചത്. ഹഫർ അൽ ബാത്വിനിലെ മലയാളി സാമൂഹികപ്രവർത്തകരായ സാഹിർ വാഴക്കാട്, ഷനീജ് കണ്ണൂർ, ഷാഹുൽ ഹമീദ് പള്ളിക്കൽ ബസാർ, അബൂബക്കർ മഞ്ചേരി, ആസിഫ്, നൗഫൽ, സിറാജ്, സക്കീർ എന്നിവർ ചേർന്നാണ് ശിഹാബിനെ സൗദിയിലേക്ക് സ്വീകരിച്ചത്. കുവൈത്തിൽനിന്ന് 60ലധികം കിലോമീറ്റർ ഒറ്റ ദിവസം നടന്നുതീർത്താണ് ശിഹാബ് സൗദിയിലെത്തിയത്.
കുവൈത്ത് അതിർത്തിയിൽ എത്തുന്നതിന് തൊട്ടുമുമ്പ്, മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ശിഹാബിനോട് പാസ്പോർട്ടും യാത്രാരേഖകളും ആവശ്യപ്പെട്ടു. എന്നാൽ, പൊലീസ് വേഷത്തിൽ അല്ലാത്തതിനാൽ ആളെ തിരിച്ചറിയാതെ ശിഹാബ് യാത്രാരേഖകൾ നൽകാൻ തയാറായില്ല. ഇതോടെ പൊലീസുകാർ പട്ടാളത്തെ വിളിച്ചുവരുത്തി. അതിവേഗമെത്തിയ പട്ടാളവാഹനത്തിൽ നിന്നിറങ്ങിയ സൈനികർ തോക്കിൻമുനയിൽ നിർത്തി ശിഹാബിനോട് രേഖകൾ ആവശ്യപ്പെട്ടു. എല്ലാ രേഖകളും പരിശോധിച്ച് തൃപ്തിപ്പെടുകയും യാത്രാ ഉദ്ദേശ്യം മനസ്സിലാക്കുകയും ചെയ്തതോടെ അവർ ശിഹാബിനെ വിട്ടയക്കുകയും ആവശ്യമായ എന്ത് സഹായത്തിനും തങ്ങൾ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
സൗദിയിലെത്തി ശിഹാബും സുഹൃത്തുക്കളും ഏഴ് കിലോമീറ്റർ പിന്നിട്ട് പെട്രോൾ സ്റ്റേഷനിലെത്തുകയും അവിടെനിന്ന് ഒരു മലയാളിയെ കണ്ടെത്തി അദ്ദേഹത്തിെൻറ താമസസ്ഥലത്തെത്തി വിശ്രമിക്കുകയും ചെയ്തു. രാത്രി വീണ്ടും പുറപ്പെട്ട ശിഹാബ് കുറേദൂരം നടന്ന് വർബ് ശാമിയ എന്ന സ്ഥലത്ത് യമനി പൗരെൻറ അധീനതയിലുള്ള ഇസ്തിറാഹയിൽ (വിശ്രമ സങ്കേതം) തങ്ങി. പിറ്റേന്ന് അവിടെനിന്ന് പുറപ്പെട്ട് 90 കിലോമീറ്ററോളം നടന്ന് ഹഫർ അൽ ബാത്വിൻ പട്ടണത്തിൽ പ്രവേശിച്ചു. ഓർക്കാപ്പുറത്തെത്തിയ മഴ ശക്തമായതിനാൽ പെട്ടെന്നുതന്നെ യാത്ര പുറപ്പെടാൻ സാധിക്കുമായിരുന്നില്ല.
ഹഫറിലെ നൂറുകണക്കിന് പ്രവാസികൾ ശിഹാബിനെ കാണാൻ തടിച്ചുകൂടിയതോടെ ‘റബ്വ’ എന്ന സ്ഥലത്തുനിന്ന് വന്ന അൽ അനസി കുടുംബക്കാരായ സൗദി പൗരന്മാരുടെ ആതിഥ്യം സ്വീകരിച്ച് അവരുടെ വീട്ടിേലക്ക് പോയി. സ്വദേശികൾ ഉൾപ്പെടെ നിരവധി പേരാണ് ഫോട്ടോയെടുക്കാനും സഹായങ്ങൾ നൽകാനുമായി ശിഹാബിനെ സമീപിച്ചത്. ശേഷം അവിടെനിന്ന് ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പകൽ 48 കിലോമീറ്ററുംകൂടി നടന്ന് ഹഫറിൽനിന്ന് 148 കിലോമീറ്റർ പിന്നിട്ട് ഉമ്മുൽ ഗയ്ബ എന്ന സ്ഥലത്ത് എത്തിയിരിക്കുകയാണ്. ഇവിടെനിന്ന് തിങ്കളാഴ്ച പുലർച്ചെ വീണ്ടും നടന്നുതുടങ്ങും.
നോമ്പുസമയത്ത് അധികവും രാത്രിയിലായിരുന്നു നടപ്പ്. എന്നാൽ, ഇടക്ക് പ്രതികൂല കാലാവസ്ഥ പ്രശ്നങ്ങളുണ്ടായതിനാൽ സൗദി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി നടത്തം തടസ്സപ്പെട്ടിരുന്നു. അതുകൊണ്ടാണ് പിറ്റേന്ന് പകൽ നടന്നത്. സൗദി പൊലീസും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ശിഹാബിനെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടും നിർദേശം നൽകിയും പിന്തുടരുകയും ചെയ്യുന്നുണ്ട്. ഹഫറിനിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും വാഹനത്തിൽ പിന്തുടരുന്നുണ്ട്. അദ്ദേഹത്തോടൊപ്പം നടന്നെത്താൻ തങ്ങൾക്ക് സാധിക്കുന്നില്ലെന്നും അത്ര വേഗതയിലും ഉഷാറിലുമാണ് അദ്ദേഹം നടക്കുന്നതെന്നും കൂടെയുള്ള സാഹിർ വാഴക്കാട് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മലപ്പുറത്തുനിന്ന് യാത്രപുറപ്പെട്ട ശിഹാബ്, പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് രാജ്യങ്ങൾ പിന്നിട്ടാണ് സൗദിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മദീനയിലെത്താൻ ഇനി 700ഓളം കിലോമീറ്റർ കൂടി നടക്കണം. മേയ് പകുതിയോടെ അവിടെ എത്തിച്ചേരാനാവുമെന്നാണ് പ്രതീക്ഷ. ശേഷം അവിടെ തങ്ങിയശേഷം സമയമാകുേമ്പാൾ ഹജ്ജ് അനുമതി വാങ്ങി മക്കയിലേക്ക് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.