സൗദിയിൽ 71 തൊഴിലുകളിൽ​ നൈപുണ്യ പരീക്ഷ

റിയാദ്: സൗദിയിലേക്ക്​ വിവിധ വിദഗ്​ധ തൊഴിലുകളിൽ നിർബന്ധമായ നൈപുണ്യ പരീക്ഷ രണ്ടാം ഘട്ടത്തിന്​ തുടക്കമായി. രണ്ടാംഘട്ടത്തിൽ 42 തൊഴിലുകളിൽ കൂടി നൈപുണ്യ പരീക്ഷ നിർബന്ധമാക്കി. ജൂൺ ഒന്നുമുതൽ ആദ്യഘട്ടത്തിൽ 29 തൊഴിലുകൾ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ 71 സാ​ങ്കേതിക തസ്​തികകളിലുള്ള വിസകൾ സ്​റ്റാമ്പ് ചെയ്യണമെങ്കിൽ നൈപുണ്യ പരീക്ഷ സർട്ടിഫിക്കറ്റ് കൂടി വേണം. ഇതിന്​ കേരളത്തിലും ​പരീക്ഷകേ​ന്ദ്രം നിശ്ചയിച്ചിട്ടുണ്ട്​. അങ്കമാലിയിലെ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പരീക്ഷകേന്ദ്രം. ഇലക്ട്രീഷ്യൻ, പ്ലംബിങ്, ഓട്ടോമേറ്റിവ് ഇലക്ട്രീഷ്യൻ, ഹീറ്റിങ് വെൻറിലേഷൻ ആൻഡ്​ എ.സി, വെൽഡിങ് എന്നീ ട്രേഡുകളിലെ 29 തൊഴിൽ വിസകൾക്കായിരുന്നു ജൂൺ ഒന്നു മുതൽ നൈപുണ്യ പരീക്ഷ ആരംഭിച്ചത്.

കെട്ടിട നിർമാണം, ടൈൽസ് വർക്ക്, പ്ലാസ്റ്ററിങ്, മരപ്പണി, കാർ മെക്കാനിക് എന്നീ ഇനങ്ങളിലെ 42 വിസകൾക്കാണ് രണ്ടാംഘട്ടത്തിൽ പരീക്ഷ നിർബന്ധമായത്. നിശ്ചിത തസ്​തികകളിലെ പരീക്ഷ പൂർത്തിയാക്കിയാണ് പാസ്പോർട്ടുകൾ വിസ സ്​റ്റാമ്പ് ചെയ്യാനായി സമർപ്പിക്കേണ്ടതെന്ന് ഡൽഹിയിലെ സൗദി എംബസിയും മുംബൈയിലെ സൗദി കോൺസുലേറ്റും ഏജൻസികളെ അറിയിച്ചു.

എറണാകുളത്തെ ഇറാം ടെക്നോളജീസിനുപുറമെ ഒഡിഷയിലെ കട്ടക്, ഉത്തർപ്രദേശിലെ ഗോരഖ്പുർ, ലഖ്നോ, ബിഹാറിലെ ഗോപാൽകഞ്ച്, കൊൽക്കത്ത, ചെന്നൈ, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലും അംഗീകൃത പരീക്ഷ കേന്ദ്രങ്ങളുണ്ട്. പരീക്ഷയിൽ പങ്കെടുക്കാൻ ഒരു സർട്ടിഫിക്കറ്റും ആവശ്യമില്ല. https://svpinternational.pacc.sa/home എന്ന വെബ്സൈറ്റിൽ കയറി പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ നൽകി രജിസ്​റ്റർ ചെയ്യുകയാണ് ഉദ്യോഗാർഥികൾ ആദ്യം ചെയ്യേണ്ടത്. ശേഷം ഇന്ത്യ സെലക്ട് ചെയ്ത് ട്രേഡ് തിരഞ്ഞെടുക്കണം. അപ്പോൾ പരീക്ഷകേന്ദ്രം ഏതെന്ന്​ കാണിക്കും. ശേഷം അപ്പോന്റ്മെന്റ് എടുക്കണം. 50 ഡോളറാണ്​ പരീക്ഷ ഫീസ്​. സൗദി മാനവവിഭവ ശേഷി മന്ത്രാലയമാണ്​ പരീക്ഷ നടത്തുന്നത്. ഓൺലൈനായാണ്​ തിയറി പരീക്ഷ. അതിൽ ജയിച്ചാലാണ്​ പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാൻ അവസരം. 

Tags:    
News Summary - Skill test in 71 professions in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.