ജിദ്ദ: 'പ്രൗഡ്ലി സൗത്ത് ആഫ്രിക്കൻ' എന്നപേരിൽ ജിദ്ദ അൽറവാബിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഭക്ഷ്യമേളക്ക് തുടക്കം. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസ മേള ഉദ്ഘാടനം ചെയ്തു.സൗദി ടൂറിസം മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ-ഖതീബിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആഫ്രിക്കൻ മന്ത്രിമാരായ ഇബ്രാഹിം പട്ടേൽ, നലേഡി പാണ്ടർ, തോക്കോ ദിദിസ, താണ്ടി മോഡിസെ, ദക്ഷിണാഫ്രിക്കൻ വ്യവസായികൾ എന്നിവരടങ്ങുന്ന പ്രതിനിധി സംഘവും പങ്കെടുത്തു. ലുലു സൗദി ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഷഹിം മുഹമ്മദ് അതിഥികളെ സ്വാഗതംചെയ്തു.
ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങളെ ആഗോള വിപണിയിൽ പ്രോത്സാഹിപ്പിക്കുന്നതിലും ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും തമ്മിലുള്ള വാണിജ്യബന്ധം പരിപോഷിപ്പിക്കുന്നതിലും റീട്ടെയിൽ രംഗത്തെ മികച്ച പങ്കിനുള്ള അംഗീകാരമായാണ് പ്രസിഡന്റിന്റെ സന്ദർശനം. ദക്ഷിണാഫ്രിക്കയുമായി അർഥവത്തായ വാണിജ്യവും സൗഹൃദപരവുമായ ബന്ധം വളർത്തിയെടുക്കുന്നതിൽ ലുലു ഗ്രൂപ്പിന്റെ മുൻനിര പങ്കിനെ പ്രസിഡന്റ് റമാഫോസ പ്രസംഗത്തിൽ പ്രശംസിച്ചു.
തന്റെ രാജ്യത്ത് ഒരു ലോജിസ്റ്റിക്സ് ഹബ് എന്ന ലുലു ഗ്രൂപ് എക്‌സിക്യൂട്ടിവ് ഡയറക്ടറുടെ നിർദേശത്തെ അദ്ദേഹം സ്വാഗതംചെയ്തു. 2024ഓടെ ഇത് യാഥാർഥ്യമാക്കുന്നതിന് ലുലുവുമായി ചേർന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ പ്രവർത്തിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. സൗദി അറേബ്യയുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ വാക്കുകളെ സൗദി ടൂറിസം മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ-ഖതീബ് സ്വാഗതം ചെയ്തു.
'പ്രൗഡ്ലി സൗത്ത് ആഫ്രിക്കൻ' ഫെസ്റ്റിവൽ ഈ മാസം 22 വരെ നീളും. ദക്ഷിണാഫ്രിക്കൻ കുരുമുളക്, ജ്യൂസുകൾ, ഉയർന്ന ഗുണമേന്മയുള്ള പഴങ്ങൾ, പച്ചക്കറികൾ, ടിന്നിലടച്ച വിവിധ മസാലകൾ ചേർത്ത ഭക്ഷണം, ദക്ഷിണാഫ്രിക്കൻ ബ്രാൻഡുകളായ നാൻഡോസ്, വെസ്റ്റ്ഫാലിയ, ബ്ലൂ ഡയമണ്ട് ആൽമൻഡ് മിൽക്ക്, റൂയിബോസ് ടീ, ഡ്യൂ ലാൻഡ്സ് ജ്യൂസുകൾ, കേപ് ഹെർബ് ആൻഡ് സ്പൈസ് തുടങ്ങിയ മുൻനിര ഉൽപന്നങ്ങൾ മേളയിലുണ്ടാവും. 433ലധികം ഇനം ദക്ഷിണാഫ്രിക്കൻ പലവ്യഞ്ജന സാധനങ്ങളും 40 ഇനം പഴങ്ങളും പച്ചക്കറികളും ആപ്പിൾ, സിട്രസ്, സരസ ഫലങ്ങൾ, സ്റ്റോൺ ഫ്രൂട്സ്, ബേബി വെജിറ്റബിൾസ് തുടങ്ങി മറ്റു പലതും പ്രത്യേക പ്രമോഷനിൽ മേളയിൽ ലഭ്യമാകും.
ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങളുടെ ശ്രേണിയും ഗുണമേന്മയും ലുലു ഗ്രൂപ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അതിനാൽ അവിടെനിന്നുള്ള വിവിധ ഉൽപന്നങ്ങളാൽ സമൃദ്ധമായിരിക്കും തങ്ങളുടെ ഷോകേസുകളെന്ന് ലുലു സൗദി ഡയറക്ടർ ഷഹിം മുഹമ്മദ് പറഞ്ഞു. ആഫ്രിക്കയുമായുള്ള ഞങ്ങളുടെ വർധിച്ചുവരുന്ന ബന്ധത്തിന്റെ പ്രതീകമാണ് ലുലു ഫെസ്റ്റിവലിൽ ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങളുടെ ആധിക്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.