സാജിദ് ആറാട്ടുപുഴ
ദമ്മാം: സൗദി ചലച്ചിത്രോത്സവത്തിന്റെ എട്ടാം പതിപ്പിന് ദമ്മാം ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ (ഇത്റ)'യിൽ തുടക്കമായി. 'കാവ്യാത്മക സിനിമ' എന്ന പ്രമേയത്തിൽ അരങ്ങേറുന്ന ചലച്ചിത്രോത്സവം ഈ മാസം ഒമ്പത് വരെ നീളും. സൗദി സംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ചലച്ചിത്ര കമീഷന്റെ പിന്തുണയോടെയാണ് ഇത്തവണ ചലച്ചിത്രോത്സവം അരങ്ങേറുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഇത്റയിൽ നടന്ന പ്രൗഢ ഗംഭീര സദസ്സിൽ പ്രാദേശിക സിനിമ മേഖലയിലെ പ്രമുഖരായിരുന്ന മൺമറഞ്ഞ പ്രതിഭകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് മേളയുടെ ഔദ്യോഗിക പരിപാടികൾക്ക് തുടക്കമായത്. ചൈനയാണ് ഇത്തവണ അറബ് ചലച്ചിത്രോത്സവ മേളയിലെ അതിഥി രാജ്യം. ആഗോള സഹകരണം കൂടുതൽ പരിപോഷിപ്പിക്കുന്നതിനും ചലച്ചിത്ര മേഖലകളിൽ അറബ് ഉള്ളടക്കം സമ്പന്നമാക്കുന്നതിനുമാണ് ചൈനീസ് സിനിമകളെ മേളയിലേക്ക് കൊണ്ടുവരുന്നതെന്ന് സംഘാടകർ പറഞ്ഞു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള സിനിമ മേഖലയിൽ സംഭാവനകൾ അർപ്പിച്ച 300 അതിഥികൾ മേളയുടെ വിവിധ ഘട്ടങ്ങളിൽ അതിഥികളായി പങ്കെടുക്കും. ഹോളിവുഡ് നടനായ ആദ്യത്തെ സൗദി ചലച്ചിത്ര നിർമാതാവ് ഖലീൽ ബിൻ ഇബ്രാഹിം അൽ-റവാഫിനെയും കുവൈത്ത് നിർമാതാവും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ ഖാലിദ് അൽ-സിദ്ദീഖിനെയും ഫെസ്റ്റിവൽ ആദരിക്കും.
കുവൈത്തിലെ ആദ്യ ചലച്ചിത്രം എന്ന് കണക്കാക്കപ്പെടുന്ന 1972ൽ അദ്ദേഹം നിർമിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത 'ബാസ് യാ ബഹാർ' (ക്രൂരമായ കടൽ) മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കർ അക്കാദമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യത്തെ ചിത്രമായിരുന്നു. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകൾ, സൗദി അറേബ്യയിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടെ 80 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.
അതിൽ 36 എണ്ണം മാത്രമാണ് മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തുക. സെമിനാറുകൾ, നൂതന പരിശീലന ശിൽപശാലകൾ, കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം നേടിയ ചിത്രങ്ങളുടെ പ്രദർശനം എന്നിവകൊണ്ട് സമ്പന്നമായിരിക്കും ഇത്തവണത്തെ മേള. ചലച്ചിത്ര വിജ്ഞാനത്തെക്കുറിച്ചുള്ള 14 വിവർത്തന പുസ്തകങ്ങളുടെ പ്രകാശനവും മേളയിൽ നടക്കും. 2008ൽ സൗദി ചലച്ചിത്രോത്സവം ആരംഭിച്ചതിന് ശേഷമുള്ള അതിപ്രധാനമേളയായാണ് എട്ടാം പതിപ്പിനെ കണക്കാക്കുന്നത്.
സൗദി സിനിമകൾ അതിന്റെ ശൈശവദശ വിട്ട് സഞ്ചരിച്ചു തുടങ്ങിയതിന്റെ കാഴ്ച കൂടിയായിരിക്കും എട്ടാമത് ചലച്ചിത്രോത്സവമെന്ന് മേളയുടെ ഡയറകട്ർ അഹമ്മദ് അൽ മുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.