ജിദ്ദ: ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ സുരക്ഷയെ തടസ്സപ്പെടുത്തുന്ന ഏതെങ്കിലും നിഷേധാത്മകമായ നടപടികൾ കണ്ടാൽ കർശനമായി തടയുമെന്ന് ഹജ്ജ് സുരക്ഷ സേന കമാൻഡർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽബസാമി പറഞ്ഞു. ഹജ്ജ് സുരക്ഷ സേന മേധാവികളുടെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹജ്ജിന്റെ സുരക്ഷ നിലനിർത്താൻ ആഭ്യന്തര മന്ത്രി രണ്ട് സുരക്ഷാ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. നിയമലംഘകരെ പിടികൂടാൻ പുണ്യസ്ഥലങ്ങളുടെ മുഴുവൻ അതിർത്തി ഭാഗങ്ങളിലും സുരക്ഷാസേന വലയം ചെയ്തിട്ടുണ്ട്. ഹജ്ജ് വ്യവസ്ഥകൾ ലംഘിച്ചതിന് സൗദി പൗരന്മാരും താമസക്കാരുമായ 288 പേരെ അറസ്റ്റ് ചെയ്യുകയും 63 വ്യാജ ഹജ്ജ് സംഘാടകരെ പിടികൂടുകയും ചെയ്തിട്ടുണ്ട്. അനുമതിയില്ലാതെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാൻ ശ്രമിക്കുന്നവർക്ക് 10,000 റിയാൽ പിഴയുണ്ടാകും. ജംറകളിലെ കല്ലേറിന് പോകുമ്പോഴും വിടവാങ്ങൽ ത്വവാഫ് വേളയിലും തീർഥാടകർ സമയക്രമം പാലിച്ചിരിക്കണം. നിയമാനുസൃതമല്ലാത്ത രീതിയിൽ ഹജ്ജ് നിർവഹിക്കാൻ പ്രവർത്തിക്കുന്ന 2,062 താമസലംഘകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മക്കയിലേക്ക് പ്രവേശിക്കാൻ ആവശ്യമായ പെർമിറ്റ് നേടാത്ത 99,792 പേരും പിടിയിലായിട്ടുണ്ട്. അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കൊണ്ടുവന്ന 69,663 വാഹനങ്ങൾ തിരിച്ചയച്ചിട്ടുണ്ടെന്നും ഹജ്ജ് സുരക്ഷസേന മേധാവി പറഞ്ഞു.
എല്ലാ പുണ്യസ്ഥലങ്ങളിലെയും സുരക്ഷ ഉറപ്പുവരുത്താൻ എല്ലാ റോഡിലും സിവിൽ ഡിഫൻസിനെ വിന്യസിച്ചതായി ഹജജ് സിവിൽ ഡിഫൻസ് കമാൻഡർ മേജർ ജനറൽ ഡോ. ഹമൂദ് ബിൻ സുലൈമാൻ അൽഫറജ് വ്യക്തമാക്കി. തീർഥാടകർ കടന്നുപോകുന്ന റോഡുകളുടെയും താമസസ്ഥലങ്ങളുടെയും സുരക്ഷാപരിശോധനക്കും അഗ്നിപ്രതിരോധ സംവിധാനങ്ങൾ ഉറപ്പുവരുത്താനും പ്രത്യേക സംഘങ്ങളുണ്ടെന്നും സിവിൽ ഡിഫൻസ് കമാൻഡർ പറഞ്ഞു. തിരക്ക് കുറക്കാൻ ഹറമിന്റെ തെക്ക് ഭാഗത്തും പൊതുഗതാഗത സ്റ്റേഷനുകളിലും അടിയന്തര സേനയുടെ സാന്നിധ്യമുണ്ടാകുമെന്ന് പ്രത്യേക അടിയന്തിര സേന കമാൻഡർ മേജർ ജനറൽ മുഹമ്മദ് ബിൻ മഖ്ബൂൽ അൽഅംറി പറഞ്ഞു. ഹറമിലും പുണ്യസ്ഥലങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും തീർഥാടകർക്ക് സംരക്ഷണം നൽകുന്നതിലും സേനയുടെ പങ്കാളിത്തമുണ്ടാകുമെന്നും കമാൻഡർ പറഞ്ഞു. വിദേശത്ത് നിന്നുള്ള തീർഥാടകരുടെ വരവ് പൂർത്തിയായതായി ഹജ്ജ് പാസ്പോർട്ട് സേന കമാൻഡർ മേജർ ജനറൽ സ്വാലിഹ് അൽമുറബഅ് പറഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയവും സിവിൽ ഏവിയേഷനുമായി ഏകോപിപ്പിച്ച് ഹജ്ജിന് ശേഷം തീർഥാടകരെ അവരുടെ രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതിൽ ഏകോപിച്ച് പ്രവർത്തിക്കുമെന്നും കമാൻഡർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.