ജിദ്ദ: സ്കൂൾ ഫീസ് അടക്കാത്തതിന്റെ പേരിൽ വിദ്യാർഥികളുടെ പഠിക്കാനുള്ള അവകാശത്തെ തടഞ്ഞുവെക്കാൻ സ്വകാര്യ സ്കൂൾ അധികാരികൾക്ക് അവകാശമില്ലെന്ന് സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ വ്യക്തമാക്കി.
രക്ഷിതാവ് ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തിയാൽ, വിദ്യാർഥിയെ ക്ലാസ് മുറിക്ക് പുറത്തുനിർത്താനോ സ്കൂളിലെ പഠനം തടയാനോ പരീക്ഷയിൽനിന്ന് മാറ്റിനിർത്താനോ സ്വകാര്യ സ്കൂളുകൾക്ക് അവകാശമില്ലെന്ന് അസോസിയേഷൻ വിശദീകരിച്ചു. എന്നാൽ, സ്കൂൾ ഫീസ് അടക്കുന്നതിൽ രക്ഷിതാക്കൾ വീഴ്ച വരുത്തുന്നപക്ഷം അത് അടക്കുന്നതു വരെ വിദ്യാർഥികളുടെ അക്കാദമിക് സർട്ടിഫിക്കറ്റുകളും രേഖകളും തടഞ്ഞുവെക്കാൻ സ്കൂളിന് അവകാശമുണ്ടെന്ന് അസോസിയേഷൻ സൂചിപ്പിച്ചു. ഇക്കാര്യത്തിൽ എന്തെങ്കിലും നിയമലംഘനമുണ്ടായാൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകാവുന്നതാണ്.
ഫീസ് അടക്കാത്തതിന്റെ പേരിൽ തന്റെ രണ്ട് ആൺമക്കളുടെ സർട്ടിഫിക്കറ്റ് കൈമാറാൻ സ്വകാര്യ സ്കൂൾ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട് ഒരു രക്ഷിതാവിന്റെ ചോദ്യത്തിന് മറുപടിയായാണ് അസോസിയേഷന്റെ സ്ഥിരീകരണം. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഉപരിപഠനത്തിന് സർവകലാശാലകളിലേക്ക് അപേക്ഷ അയക്കുന്നതിനായി രേഖകൾ ആവശ്യപ്പെട്ടപ്പോഴായിരുന്നു സ്കൂൾ അധികൃതർ ഇദ്ദേഹത്തിന്റെ മക്കളുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.