20,000 ആശുപത്രിക്കിടക്കകൾകൂടി വേണമെന്ന് പഠനം; സ്വകാര്യ സംരംഭകർക്ക് സാധ്യത

റിയാദ്: രാജ്യത്തിന്റെ ജനസംഖ്യക്കനുസരിച്ച് 2030ഓടെ ആശുപത്രിക്കിടക്കകൾ വർധിപ്പിക്കേണ്ടിവരുമെന്ന് വിദഗ്‌ധരുടെ പഠനം. കണക്കനുസരിച്ച് എട്ടു വർഷത്തിനകം 20,000 രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യംകൂടി ആവശ്യമായി വരും. നിലവിലുള്ള ആശുപത്രികൾ വിപുലപ്പെടുത്തുകയും പുതിയ ആശുപത്രികൾ കൂടുതൽ സ്ഥാപിക്കേണ്ടിയും വരും.

ഗൾഫ് സഹകരണ കൗൺസിലിലുള്ള ആറു രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ജനസംഖ്യ സൗദി അറേബ്യയിലാണ്. ജനറൽ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കനുസരിച്ച് മൂന്നര കോടിയോളമാണ് ജനസംഖ്യ.61 ശതമാനം സ്വദേശികളും 39 ശതമാനം വിദേശികളുമാണ് രാജ്യത്തുള്ളത്. 2030ഓടെ ആകെ ജനസംഖ്യ 4.37 കോടിയായി ഉയരുമെന്നാണ് പഠനം. 60നും 64നും ഇടയിലുള്ള 8,09,553 പേരും 65നു മുകളിലുള്ള 11,89,818 പേരും രാജ്യത്തുണ്ട്.

പുതിയ പഠനഫലം ആരോഗ്യമേഖലയിൽ മുതലിറക്കുന്ന സ്വകാര്യ സംരംഭകരുടെ ശ്രദ്ധ സൗദിയിലേക്ക് ആകർഷിച്ചിട്ടുണ്ട്. വിദേശ സംരംഭകർക്ക് പൂർണമായും മുതലിറക്കാൻ അനുവദിച്ച മേഖലകളിലൊന്നാണ് ആശുപത്രിസേവനം.അതുകൊണ്ടുതന്നെ ജി.സി.സിക്ക് അകത്തും പുറത്തുമുള്ള ആശുപത്രി ഗ്രൂപ്പുകൾ സൗദിയിലേക്ക് എത്തുമെന്നാണ് സൂചന. ആരോഗ്യമേഖലയിൽ കൂടുതൽ വിദേശനിക്ഷേപങ്ങൾ വന്നാൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. രാജ്യത്തുടനീളം, 5,55,000 പുതിയ പാർപ്പിട യൂനിറ്റുകൾ, 2,75,000ത്തിലധികം ഹോട്ടൽമുറികൾ, 43 ലക്ഷം ചതുരശ്രമീറ്ററിൽ വ്യാപാരസമുച്ചയങ്ങൾ, 61 ലക്ഷം ചതുരശ്ര മീറ്ററിൽ ഓഫിസ് കെട്ടിടങ്ങൾ എന്നിവ 2030ഓടെ പ്രതീക്ഷിക്കുന്നതായി പ്രോപ്പർട്ടി കൺസൽട്ടൻസി പറയുന്നു.

ഈ കണക്കനുസരിച്ച് 2020ലുള്ള 78,600 കിടക്കകളുടെ എണ്ണം 2030ൽ 98,000 ആയി വികസിപ്പിക്കേണ്ടിവരുമെന്നും സൂചിപ്പിക്കുന്നു. നിലവിൽ രാജ്യത്തെ ആശുപത്രിക്കിടക്കകളിൽനിന്നുള്ള ശരാശരി വാർഷിക വരുമാനം 4520 കോടി ഡോളറാണ്. ഇപ്പോഴുള്ള കുറവുകൾകൂടി പരിഹരിച്ചാൽ ഇത് 7670 കോടി ഡോളറായി ഉയരും.

Tags:    
News Summary - Study calls for 20,000 more hospital beds; Potential for private entrepreneurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.