ജിദ്ദ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽനിന്ന് വിദേശികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഉൗർജിതശ്രമം തുടരുന്നു. വിവിധ രാജ്യങ്ങളുടെ അഭ്യർഥന പ്രകാരവും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള സുരക്ഷിതവും എളുപ്പവുമായ മാർഗമെന്ന നിലയിലും ജിദ്ദ വഴി ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്. ഇതിനായി സൗദി അറേബ്യ സുഡാനിലെ അധികൃതരുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. സൗദി നേവൽ ഫോഴ്സിെൻറ ശ്രമഫലമായി ഏതാനും കപ്പലുകളിൽ ഇന്ത്യയടക്കം വിവിധ രാജ്യക്കാരായ കുറച്ചു പേരെ കഴിഞ്ഞ ദിവസങ്ങളിൽ പോർട്ട് സുഡാനിൽനിന്ന് ജിദ്ദയിലെത്തിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ കൂടുതൽ പൗരന്മാരെ ജിദ്ദയിലെത്തിക്കാൻ സൗദി നാവികസേന ശ്രമം നടത്തിവരുകയാണ്.
രണ്ടാംഘട്ട ഒഴിപ്പിക്കലിൽ തിങ്കളാഴ്ച വൈകീട്ട് ഒരു കപ്പൽ കൂടി ജിദ്ദയിലെത്തി. സുഡാനിലെ പോർട്ട് സുഡാൻ തുറമുഖത്ത് നിന്ന് വന്ന കപ്പലിൽ അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണുള്ളത്. പത്ത് സൗദി പൗരന്മാർക്ക് പുറമെ നെതർലൻഡ്സ്, ഇറാഖ്, തുർക്കിയ, താൻസനിയ, ലബനാൻ, ലിബിയ, അമേരിക്ക, ബ്രിട്ടൻ, സ്വീഡൻ, ഇറ്റലി, ഖത്തർ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണ് കപ്പലിലുള്ളതെന്നാണ് വിവരം. ഇതോടെ സുഡാനിൽനിന്ന് സൗദി അറേബ്യ ഒഴിപ്പിച്ച പൗരന്മാരുടെ എണ്ണം 356 ആയി. ഇതിൽ 101 സൗദികളും 26 മറ്റ് രാജ്യങ്ങളിലെ 255 പേരും ഉൾപ്പെടുന്നു. സ്വദേശങ്ങളിൽ സുരക്ഷിതമായി എത്തുന്നതുവരെ ഇവർക്ക് വേണ്ട സൗകര്യങ്ങൾ സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്ട്.
പാശ്ചാത്യ, അറബ്, ഏഷ്യൻ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ ഖർത്തൂമിൽ നിന്ന് ഒഴിപ്പിക്കാൻ ദിവസങ്ങളായി ശ്രമം തുടരുകയാണ്. സൗദി, അമേരിക്കൻ മധ്യസ്ഥ ശ്രമത്തിൽ സുഡാൻ സൈന്യം 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൗരന്മാരെ വേഗം രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങൾ. ആഭ്യന്തര കലാപം തുടങ്ങി പത്ത് ദിവസം പിന്നിട്ടിട്ടും ഇന്ത്യക്കാർ അധികവും ഇപ്പോഴും സുഡാനിൽ നിന്ന് മടങ്ങാൻ കഴിയാതെ കുടുങ്ങിയിരിക്കുകയാണ്. 3,000ത്തോളം ഇന്ത്യക്കാർ സുഡാനിലുണ്ടെന്നാണ് വിവരം. ഇവരെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഗവൺമെൻറിെൻറ ഭാഗത്തുനിന്ന് തുടരുകയാണ്. ഇതിന് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യ മന്ത്രി വി.മുരളീധരൻ ചൊവ്വാഴ്ച ജിദ്ദയിലെത്തുന്നുണ്ട്. അതിനു ശേഷമായിരിക്കും ഒഴിപ്പിക്കൽ നടപടികളുടെ പൂർണ ചിത്രം വ്യക്തമാകുക.
മറ്റ് ചില രാജ്യങ്ങളും അവരുടെ പൗരന്മാരെ കപ്പലിലും വിമാനങ്ങളിലുമായി ജിദ്ദ വഴി ഒഴിപ്പിക്കാനുള്ള ഉൗർജിത ശ്രമം തുടരുകയാണ്. ദക്ഷിണ കൊറിയയിലെ നയതന്ത്രജ്ഞരെയും പൗരന്മാരെയും വഹിച്ച ദക്ഷിണ കൊറിയൻ സൈനിക വിമാനം സുഡാനിൽനിന്ന് ചൊവ്വാഴ്ച ജിദ്ദയിലെത്തിയിരുന്നു. ഒഴിപ്പിക്കലിനായി സുരക്ഷിതമായ വഴികൾ ഉറപ്പാക്കാൻ സൗദി അറേബ്യ സുഡാനിലെ സഹോദരങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. 72 മണിക്കൂർ വെടിനിർത്തൽ ആരംഭിച്ചതോടെ ഖർത്തൂമിൽ ശാന്തമായ അവസ്ഥ നിലനിൽക്കുന്നു.
സഹായം അഭ്യർഥിച്ച രാജ്യങ്ങളിലെ പൗരന്മാരെ ഒഴിപ്പിക്കാനും അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും സൗദി ശ്രമം തുടരുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. ഭരണകൂട നിർദേശപ്രകാരം ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും രാജ്യത്തിലെ പൗരന്മാരോടുള്ള നമ്മുടെ കടമയെന്ന നിലയിലും റോയൽ സൗദി നാവികസേനയുടെയും സായുധ സേനയുടെ വിവിധ ശാഖകളുടെയും പിന്തുണയോടെ 101 സൗദി പൗരന്മാരും 26 രാജ്യങ്ങളിൽ നിന്നുള്ള 255 ആളുകളും ഉൾപ്പെടെ ഏകദേശം 356 പേരെ ഒഴിപ്പിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.