ജിദ്ദ: തലച്ചോറുകൾ ഒട്ടിപ്പിടിച്ച യമൻ സയാമീസ് ഇരട്ടകളായ യൂസുഫിന്റെയും യാസീന്റെയും വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരം. ഒരു വർഷമായി റിയാദിലെ ആശുപത്രിയിൽ നിരന്തര ചികിത്സകളുടെയും ശസ്ത്രക്രിയകളുടെയും അവസാനമാണ് പൂർണമായും വേർപെടുത്തുന്ന ശസ്ത്രക്രിയക്ക് വിധേയമാക്കിയത്.
കഴിഞ്ഞ മേയിലാണ് സൽമാൻ രാജാവിന്റെ നിർദേശാനുസരണം യമനിലെ ഹദർ മൗത്തിൽനിന്ന് സയാമീസുകളെ സംഖ്യസേനയുടെ സഹായത്തോടെ എയർ ആംബുലൻസിൽ റിയാദിലെത്തിച്ചത്.
പീഡിയാട്രിക് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്തേഷ്യ, നഴ്സിങ്, ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളിലെ 24 വിദഗ്ധരുടെ പങ്കാളിത്തത്തോടെ തുടർച്ചയായ 15 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയയായിരുന്നു. നഴ്സിങ്, ടെക്നീഷ്യന്മാരുടെ പ്രത്യേക കേഡർമാരും ഓപറേഷനിൽ പങ്കെടുത്തു. നാല് ഘട്ടമായാണ് നടത്തിയത്. ആദ്യത്തേത് അനസ്തേഷ്യ, രണ്ടാമത്തേത് സർജിക്കൽ നാവിഗേഷൻ, മൂന്നാമത്തേത് തലയോട്ടിയെയും തലച്ചോറിനെയും വേർതിരിക്കൽ, നാലാമത്തേത് തലയോട്ടി തുന്നിച്ചേർക്കൽ.
തലച്ചോറിന്റെ ഭാഗങ്ങൾ പങ്കിടുന്നതിനാൽ ശസ്ത്രക്രിയ സങ്കീർണമായിരുന്നുവെന്ന് കിങ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറും ശസ്ത്രക്രിയ സംഘം തലവനുമായ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. അവസാന ശസ്ത്രക്രിയക്കു മുമ്പ്, സെറിബ്രൽ സിരകളും മസ്തിഷ്ക അഡീഷനുകളും വേർതിരിക്കുന്നതിനും വേർപിരിയലിനുശേഷം ശരീരത്തിന്റെ മുറിഞ്ഞഭാഗങ്ങൾ വീണ്ടും ചർമം കൊണ്ട് മറയ്ക്കുന്നതിനും രണ്ട് ശസ്ത്രക്രിയ നടത്തി.
തലച്ചോറ് ഒട്ടിപ്പിടിച്ചതിന്റെ ഫലമായി രക്തസ്രാവം വർധിച്ചതിനാൽ ഇരട്ടക്കുട്ടികളായ യാസീന് ചില ബുദ്ധിമുട്ട് നേരിട്ടു. ഇത് സംഘം കൈകാര്യം ചെയ്തു. ശസ്ത്രക്രിയക്കുശേഷം ഇരട്ടകളെ കുട്ടികൾക്കായുള്ള തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇരട്ടകൾ കർശന പരിചരണത്തിലും നിയന്ത്രണത്തിലുമാണ്. പ്രത്യേകിച്ച് യാസീന്റെ അവസ്ഥ ഗുരുതരമാണെന്നും ഡോ. റബീഅ പറഞ്ഞു.
സയാമീസുകളെ വേർപെടുത്തുന്നതിനുള്ള സൗദി ഭരണകൂടത്തിന്റെ മാനുഷിക സംരംഭത്തിന് സൽമാൻ രാജാവിനും കിരീടാവകാശിക്കും ശസ്ത്രക്രിയ സംഘത്തിന്റെ നന്ദിയും അഭിനന്ദനവും ഡോ. റബീഅ അറിയിച്ചു. ശസ്ത്രക്രിയ നടത്താനും അവർക്ക് ആവശ്യമായ ചികിത്സയും സഹായവും നൽകിയതിനും സ്പെഷലൈസ്ഡ് മെഡിക്കൽ ടീമിനും സൽമാൻ രാജാവിനും കിരീടാവകാശിക്കും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ നന്ദി അറിയിച്ചു.
രാജ്യാന്തര തലത്തിൽ നാഴികക്കല്ലായ സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി പദ്ധതിയെയും രാജ്യത്തിന്റെ മഹത്തായ മാനുഷിക പ്രവർത്തനങ്ങളെയും അവർ പ്രശംസിച്ചു. സയാമീസ് ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദിപദ്ധതിയിൽ 51ാമത് ശസ്ത്രക്രിയയാണ് ഇത്. 23 രാജ്യങ്ങളിൽനിന്നുള്ള 122ലധികം ഇരട്ടകളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.