ദമ്മാം: ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന് പ്രവാസി വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യംവെച്ച് രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിക്കുന്ന ‘തർതീൽ-ഹോളി ഖുർആൻ’ മത്സര പരിപാടികളുടെ സൗദിതല രജിസ്ട്രേഷൻ ആരംഭിച്ചു. ഖുർആൻ വാർഷിക മാസമായ റമദാനിൽ നടത്തുന്ന ‘തർതീലി’െൻറ ആറാമത് പതിപ്പാണ് ഈ വർഷം നടക്കുന്നത്.
പാരായണം മുതൽ ഗവേഷണം വരെ പ്രത്യേക പാരമ്പര്യവും നിയമങ്ങളുമുള്ള ഖുർആൻ വിജ്ഞാനീയങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുകയും ഈ മേഖലയിലേക്ക് പുതുതലമുറയെ വളർത്തിക്കൊണ്ടുവരുകയുമാണ് തർതീൽ ലക്ഷ്യമാക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രാദേശിക യൂനിറ്റിൽ നടക്കുന്ന സ്ക്രീനിങ് പരിപാടിയോടെ തുടക്കം കുറിക്കുന്ന ‘തർതീൽ’ സെക്ടർ, സോൺ മത്സരങ്ങൾക്ക് ശേഷം ഏപ്രിൽ ഏഴിന് ദേശീയ മത്സരത്തോടെ സമാപിക്കും. ഓരോ തലത്തിലും വിജയിക്കുന്ന പ്രതിഭകളാണ് തൊട്ട് മേൽഘടകത്തിൽ മാറ്റുരക്കുക.
കിഡ്സ്, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത് (പാരായണം), ഹിഫ്ദ് (മനഃപാഠം), കഥപറയൽ, ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ്, രിഹാബുൽ ഖുർആൻ, മുബാഹസ എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ. ദേശീയ മത്സരങ്ങളുടെ ഭാഗമായി ‘ഖുർആൻ എക്സ്പോ’യും ഒരുക്കുന്നുണ്ട്. കേവല മത്സര വേദി എന്നതിനപ്പുറം ഖുർആൻ അറിവുകൾ, ചരിത്രം, രചനകൾ, ചിത്രങ്ങൾ, സ്പോട്ട് കാലിഗ്രഫി തുടങ്ങി പഠനാർഹവും ആസ്വാദ്യകരവുമായ വേദിയാകും തർതീൽ.
വാർഷിക മത്സരങ്ങളോട് അനുബന്ധിച്ച് ഓരോ വർഷവും ആഭ്യന്തരമായി നടക്കുന്ന തൽമീഅ്, തഹ്സീൻ തുടങ്ങിയ പരിശീലന പദ്ധതിയിലൂടെയാണ് ഈ രംഗത്തെ പ്രതിഭകളെ ഒരുക്കിയെടുക്കുന്നതെന്നും തർതീൽ മത്സരങ്ങളുടെ ഭാഗമാകാൻ താൽപര്യപ്പെടുന്നവർ www.thartheel.rscsaudieast.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് ചെയർമാൻ ഇബ്രാഹിം അംജദി, ജനറൽ സെക്രട്ടറി റഊഫ് പാലേരി, മീഡിയ സെക്രട്ടറി അനസ് വിളയൂർ, സംഘടന സെക്രട്ടറി ഫൈസൽ വേങ്ങാട്, കലാലയം സെക്രട്ടറി മുഹമ്മദ് സ്വാദിഖ് സഖാഫി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.