നാളെ മുതൽ താപനില കുറയും

ജുബൈൽ: വ്യാഴാഴ്ച മുതൽ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷനൽ സെന്റർ ഓഫ് മീറ്റിയറോളജിയിലെ (എൻ.സി.എം) കാലാവസ്ഥ നിരീക്ഷകൻ അൽ-ഇഖ്ബാരി അറിയിച്ചു. റിയാദിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മഴ പെയ്യും. എന്നാൽ, കിഴക്കൻ മേഖലയിലും രാജ്യത്തിന്റെ മധ്യ, വടക്കൻ മേഖലകളിലും ഉഷ്ണതരംഗം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹഫ്ർ അൽബാത്വിൻ, അൽ-നൈരിയ എന്നിവിടങ്ങളിൽ താപനില 49 ഡിഗ്രി സെൽഷ്യസിലും കിഴക്കൻ തീരത്ത് 48 ഡിഗ്രി സെൽഷ്യസിലും ഉയരാൻ സാധ്യതയുണ്ട്.

ഉഷ്ണതരംഗം ഖസീം പ്രവിശ്യയെയും ബാധിക്കാനിടയുണ്ട്. എന്നാൽ, മക്കക്കു പുറമെ അസീർ, ജീസാൻ എന്നിവയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മേഘങ്ങൾ ഉരുണ്ടുകൂടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥമാറ്റം മൂലം മഴയും ഇടിമിന്നലുമുണ്ടാവുന്നുണ്ടെന്നും യാത്രക്കാർ ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആഹ്വാനമുണ്ട്. അസീർ, അൽബാഹ, നജ്റാൻ, ജീസാൻ, മക്ക, മദീന, ഹാഇൽ, തബൂക്ക് മേഖലകളിൽ നേരിയതോ ശക്തമായതോ ആയ മഴയും കാറ്റും ഉണ്ടാകുമെന്നും ഡയറക്ടറേറ്റ് സൂചിപ്പിച്ചിട്ടുണ്ട്.

ഇത്തരം സമയങ്ങളിലുണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളിൽപെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും വിവിധ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും സിവിൽ ഡിഫൻസ് വിഭാഗം പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കണമെന്നും ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദുൽ ഹമ്മാദി ആവശ്യപ്പെടുന്നു.

Tags:    
News Summary - temperature will drop from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.