റിയാദ്: സൈനിക വിഭാഗങ്ങൾ തമ്മിൽ ഒന്നര മാസമായി ഏറ്റുമുട്ടൽ നടത്തുന്ന സുഡാനിൽ തിങ്കളാഴ്ച രാത്രി പ്രാദേശിക സമയം 9.45ന് അവസാനിക്കേണ്ടിയിരുന്ന വെടിനിർത്തൽ അഞ്ചു ദിവസത്തേക്ക് നീട്ടി.
മാനുഷിക സഹായ വിതരണവും സിവിലിയൻ സുരക്ഷയും മുൻനിർത്തി ഹ്രസ്വകാല വെടിനിർത്തൽ കരാർ നീട്ടാൻ സൗദിയും യു.എസും സംയുക്ത പ്രസ്താവനയിലൂടെ സൈനിക വിഭാഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സൗദി, യു.എസ് സംയുക്ത ശ്രമത്തിന്റെ ഭാഗമായാണ് ഒരാഴ്ച മുമ്പ് ജിദ്ദയിൽ നടന്ന ചർച്ചയിൽ താൽക്കാലിക വെടിനിർത്തലിന് ഇരു സൈനിക വിഭാഗങ്ങളും തയാറായത്.
ഇതിനിടെ, ഏറ്റുമുട്ടലിനെ തുടർന്ന് ദുരിതത്തിലായ സുഡാൻ ജനതക്കുള്ള സഹായവുമായി 10ാമത്തെ സൗദി ദുരിതാശ്വാസ വിമാനം പോർട്ട് സുഡാൻ അന്തർദേശീയ വിമാനത്താവളത്തിൽ ഇറങ്ങി. ഭക്ഷ്യവസ്തുക്കളും മരുന്നുകളും അടങ്ങുന്ന 30 ടൺ സാധന സാമഗ്രികളാണ് വിമാനത്തിലുള്ളത്.
കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ് റിലീഫ്) പ്രഖ്യാപിച്ച 1,000 കോടി ഡോളറിന്റെ മാനുഷിക സഹായത്തിന്റെ ഭാഗമായ ‘എയ്റോ ബ്രിഡ്ജ്’ പദ്ധതി പ്രകാരമാണ് റിയാദിനും പോർട്ട് സുഡാനുമിടയിലെ വിമാന സഞ്ചാരം.
സൈനിക മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ ആംഡ് ഫോഴ്സും മുഹമ്മദ് ഹംദാന്റെ അർധ സൈനിക റാപിഡ് സപ്പോർട്ട് ഫോഴ്സും കഴിഞ്ഞ മാസം 15ന് ആരംഭിച്ച ഏറ്റുമുട്ടലിനെ തുടർന്ന് രണ്ടര ലക്ഷത്തിലധികം പേരാണ് രാജ്യത്തുനിന്ന് പലായനം ചെയ്തത്.11 ലക്ഷത്തോളം ജനങ്ങൾക്ക് വീടുപേക്ഷിച്ച് മാറിത്താമസിക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.