മക്ക: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് സജ്ജരായ തനിമ വളണ്ടിയർമാരുടെ സംഗമം മക്ക അസീസിയിലെ തനിമ സെൻറർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. തനിമ കേന്ദ്ര രക്ഷാധികാരി കെ.എം ബഷീർ ഉദ്ഘാടനം ചെയ്തു.
അല്ലാഹുവിന്‍റെ അതിഥികൾക്ക് വേണ്ടി നിസ്വാർത്ഥമായ സേവനമാണ് പതിറ്റാണ്ടുകളായി തനിമ പ്രവർത്തകർ നടത്തിവരുന്നതെന്നും രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സേവന പ്രവർത്തനങ്ങൾ നടത്താനാവുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിമ മക്ക രക്ഷാധികാരി അബ്ദുൽ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ചു. ഹജ്ജ് സേവനത്തിന്റെ മാഹാത്മ്യം വളണ്ടിയർമാരെ ഉണർത്തികൊണ്ട് തനിമ കേന്ദ്ര കമ്മിറ്റിയംഗം ഡോ. മുഹമ്മദ് നജീബ് സംസാരിച്ചു.
മക്ക തനിമ ഹജ്ജ് വളണ്ടിയർ കൺവീനർ ശമീൽ ചേന്ദമംഗല്ലൂർ വളണ്ടിയർമാർക്കുള്ള നിർദേശങ്ങളും ഈ വർഷത്തെ ഹജ്ജ് സേവന പ്രവർത്തനങ്ങളുടെ മാർഗരേഖയും സദസ്സിൽ അവതരിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും ഇത്തവണ സേവനമെന്നും വളണ്ടിയർമാരെ ഉണർത്തി. തുടർന്ന് വളണ്ടിയർമാർക്കുള്ള ജാക്കറ്റുകൾ വിതരണം ചെയ്തു.
അസീസിയ: ഇഖ്ബാൽ ചെമ്പൻ, ഹറം: അബ്ദുൽ റഷീദ് സഖാഫ്, ഭക്ഷണം: അബ്ദുസ്സത്താർ തളിക്കുളം, മെഡിക്കൽ: മനാഫ്, സദക്കത്തുള്ള, അറഫാ ഓപ്പറേഷൻ: എം.എം അബ്ദുൽ നാസർ, വനിത വിഭാഗം: ഷാനിബ നജാത്ത്, വീൽചെയർ: നാസർ വാഴക്കാട്, മീഡിയ: സാബിത്ത് എന്നിങ്ങനെ വിവിധ വകുപ്പുകളുടെ കോർഡിനേറ്റർമാരായി നിശ്ചയിച്ചു.
അനീസുൽ ഇസ്‌ലാം സ്വാഗതവും ഷഫീഖ് പട്ടാമ്പി നന്ദിയും പറഞ്ഞു. റസൽ നജാത്ത് ഖിറാഅത്ത് നടത്തി വനിതകളടക്കമുള്ള വളണ്ടിയർമാരെയാണ് രണ്ട് ഷിഫ്റ്റുകളായി തനിമ മക്കയിൽ സേവനത്തിനു ഇറക്കുന്നത. ഹജ്ജിന്‍റെ ദിനങ്ങളിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വളണ്ടിയർമാരും സേവനത്തിനായി എത്തിച്ചേരും. ആദ്യ തീർഥാടകൻ മക്കയിലെത്തുന്നത് മുതൽ തീർഥാടകർ മക്ക വിടുന്നതു വരെ സേവനം നീണ്ടുനിൽക്കും.
ഹറമിന്റെ വിവിധ ഭാഗങ്ങളിലും, ബസ്സ് സ്റ്റേഷനുകൾ, അസീസിയയിൽ ഹാജിമാർ താമസിക്കുന്ന കെട്ടിടങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചും തനിമ വളണ്ടിയർമാർ കർമനിരതരാകും. രോഗികളായ ഹാജിമാരെ പരിചരിക്കുന്നതിൽ പ്രത്യേകം ടീം രൂപീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ ഹജ്ജ് മിഷന്റെ പരിപൂർണ്ണമായ സഹകരണത്തോടെയായിരിക്കും സേവനം. ഹറമിനടുത്തും അസീസിയയിലും വഴിതെറ്റുന്ന ഹാജിമാരെ താമസ്ഥലത്ത് എത്തിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്ലൈൻ തുടങ്ങിയ സേവനങ്ങളും തനിമ വളണ്ടിയർമാർ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.