ജിദ്ദ: സൗദിയിലേക്കുള്ള വിമാന സർവിസുകളുടെ താൽക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരും. കോവിഡ് മഹാമാരിയെത്തുടർന്ന് നിർത്തിവെച്ച വിമാന സർവിസുകൾ കഴിഞ്ഞ സെപ്റ്റംബർ മുതൽ പുനരാരംഭിച്ചിരുന്നുവെങ്കിലും ഇന്ത്യ, ബ്രസീൽ, അർജന്‍റീന എന്നിവിടങ്ങളിൽനിന്നും നേരിട്ടുള്ള സർവിസുകൾക്ക് സൗദി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കോവിഡ് അനിയന്ത്രിതമായി വ്യാപിക്കുന്നതിനാലായിരുന്നു ഇത്തരമൊരു തീരുമാനം. കോവിഡിന്‍റെ ജനിതകമാറ്റം സംഭവിച്ച വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ രണ്ടാഴ്ച മുമ്പാണ് വീണ്ടും സൗദിയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. താൽക്കാലികമായ വിലക്ക് ഞായറാഴ്ച എടുത്തുകളഞ്ഞെങ്കിലും ഇന്ത്യക്കാർക്ക് നേരത്തെയുണ്ടായിരുന്ന വിലക്ക് തുടരുകയാണ്.
വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങൾക്കുള്ള അതേ നിബന്ധന തന്നെയാണ് ഇന്ത്യയിൽനിന്നും സൗദിയിലേക്ക് വരുന്നവർക്കും ബാധകമാക്കിയത്. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ മറ്റു രാജ്യങ്ങളിൽ 14 ദിവസം ക്വാറന്‍റീൻ പൂർത്തിയാക്കുകയും കോവിഡ് പി.സി.ആർ ടെസ്റ്റ് നെഗറ്റീവ് ഫലം ഹാജരാക്കുകയും വേണം. ഇതുപ്രകാരം ദുബൈയിലും മറ്റുമായി രണ്ടാഴ്ചയായി കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഉടനെ സൗദിയിലേക്ക് പ്രവേശിക്കാം.
എന്നാൽ, നേരിട്ടുള്ള വിമാന സർവിസിന് ഇനിയും അനുമതി ലഭിക്കാതിരിക്കുന്നത് അവധിയിൽ നാട്ടിൽ പോകാനിരിക്കുന്നവരും നാട്ടിൽനിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങാനിരിക്കുന്നവരുമായ പ്രവാസികളെയെല്ലാം വീണ്ടും നിരാശരാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.