മരിച്ച ബാബു, ബാബുവിനെ കുറിച്ച് ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത

യൂസുഫലിയുടെ ഇടപെടലിൽ നിയമകുരുക്കുകൾ അഴിഞ്ഞു, ബാബുവിന്‍റെ മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലെത്തും

ഖമീസ് മുശൈത്ത്: സൗദിയിൽ കെട്ടിടത്തി​ന്റെ മുകളിൽനിന്ന് ലിഫ്​റ്റി​ന്റെ കുഴിയിൽ​ വീണു മരിച്ച തിരുവനന്തപുരം കരകുളം ചീക്കോണം ബാബു സദനത്തിൽ ബാബുവി​ന്റെ (41) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി അബഹയിൽ നിന്നും റിയാദിലെത്തിച്ച മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 2.30ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ കൊച്ചിയിലേക്കാണ് കൊണ്ടുപോയത്. രാത്രി 10ഓടെ മൃതദേഹം കൊച്ചിയിലെത്തും.

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയുടെ ഇടപെടലാണ് നിയമകുരുക്കുകൾ അഴിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സാമൂഹികപ്രവർത്തകരെ സഹായിച്ചത്. തിരുവനന്തപുരത്തെ ലോക കേരളസഭ ഓപൺ ഹൗസിൽ ബാബുവി​ന്റെ മകൻ എബിൻ അച്​ഛ​ന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നോർക വൈസ്​ ചെയർമാൻകൂടിയായ എം.എ. യൂസുഫലിയോട്​ സഹായം തേടുകയായിരുന്നു. എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം അതേ വേദിയിൽ വെച്ച് ഉറപ്പുനൽകിയത് മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയായിരുന്നു.

ഏഴുവർഷമായി സൗദിയിൽ ടൈൽസ് ജോലി ചെയ്യുകയായിരുന്നു ബാബു. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്. ഖമീസ് മുശൈത്തിന് സമീപം അഹദ് റുഫൈദയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി തയാറാക്കിയ കുഴിയിലേക്ക് കെട്ടിടത്തിന് മുകളിൽ നിന്നും വീണാണ് ബാബു മരിച്ചത്. ജൂൺ 10നായിരുന്നു അന്ത്യം. എന്നാൽ മൂന്ന് വർഷം മുമ്പ് ബാബു ഒളിച്ചോടിയതായി സ്​പോൺസർ സൗദി പാസ്പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റിൽ പരാതിപ്പെട്ടിരുന്നതിനാൽ മൃതദേഹം നാട്ടിൽ അയക്കുന്നതിന് തടസ്സമായി.

എം.എ. യൂസുഫലിയുടെ ഇടപെടൽ നിയമകുരുക്കഴിക്കാൻ സഹായിച്ചു. ഇടയിൽ രണ്ട് അവധിദിനങ്ങളുണ്ടായിട്ടും വളരെ കുറഞ്ഞ ദിവസങ്ങൾക്കകം നിയമനടപടികളെല്ലാം വേഗത്തിൽ പൂർത്തീകരിക്കാനായി. അബഹയിലെയും റിയാദിലെയും സാമൂഹിക പ്രവർത്തകരും സൗദിയിലെ ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥരുമാണ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. അസീർ ഗവർണറേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥർ, ആശുപത്രിയിലെ ജീവനക്കാർ, മലയാളി സാമൂഹികപ്രവർത്തകർ, സൗദി പൊലീസ് ഡിപ്പാർട്ട്മെന്റ്, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് നന്ദി പറയുന്നതായി സൗദി ലുലു മാനേജ്മെന്റ് അറിയിച്ചു.

Tags:    
News Summary - The body of Babu, who fell from the roof of a building and died in Saudi, was sent home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.