പ്ര​ധാന ആഘോഷ വേദിയായ ബൊളീവർഡ്

റിയാദ് സീസണെ വരവേൽക്കാൻ ഒരുങ്ങി നഗരം

റിയാദ്: ഒക്ടോബർ ആദ്യവാരം സൗദി അറേബ്യയുടെ തലസ്ഥാന നഗരത്തിന് ഉത്സവകാല തുടക്കം. മൂന്നാമത് റിയാദ് സീസൺ ഉത്സവത്തിന് അന്ന് കൊടിയേറും. ഇത്തവണ ഉത്സവം പൊടിപൊടിക്കുമെന്നാണ് പുതിയ സ്ലോഗനും ലോഗോയും സൂചിപ്പിക്കുന്നത്. 'സങ്കൽപത്തിനും അപ്പുറം' എന്നതാണ് സ്ലോഗൻ.

കഴിഞ്ഞദിവസം ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ-ശൈഖ് പുറത്തിറക്കിയ ലോഗോക്കും ടീസറിനും സമൂഹമാധ്യമങ്ങളിൽ വൻ വരവേൽപ്പാണ് ലഭിച്ചത്. 'സങ്കൽപിക്കൂ' എന്നതായിരുന്നു 2019ലെ ആദ്യ സീസണിന്റെ സ്ലോഗൻ. 'കൂടുതൽ സങ്കൽപിക്കൂ' എന്ന് 2021ലെ രണ്ടാം സീസണും സ്ലോഗനായി. കഴിഞ്ഞവർഷം ഒക്ടോബാറിൽ തുടങ്ങിയ സീസൺ രണ്ട് ലോകശ്രദ്ധ പിടിച്ചെടുത്താണ് സമാപിച്ചത്.

രാജ്യം ചരിത്രപരമായ മാറ്റത്തിന് സാക്ഷ്യംവഹിച്ച സീസൺ രണ്ട്‍ ദേശാന്തരങ്ങൾക്കപ്പുറത്ത് ചർച്ച ചെയ്യപ്പെട്ടു. അന്ന് ലോകപ്രശസ്ത അമേരിക്കൻ റാപ്പർ പിറ്റ് ബുൾ പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാൻ പ്രധാനവേദിയായ റിയാദിലെ ബൊളീവർഡിൽ എത്തിയത് ഏഴര ലക്ഷം പേർ. ഒരു വിനോദപരിപാടിക്ക് സൗദിയുടെ ചരിത്രത്തിൽ ആദ്യമായായിരുന്നു ഇത്രയും വലിയ ജനക്കൂട്ടം. ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്ന വിദേശ സമൂഹത്തെ കൂടി പരിഗണിച്ചാണ് പരിപാടികൾ രൂപകൽപന ചെയ്തത്. ഇന്ത്യയിൽനിന്ന് 'ദബാങ് ടൂർ റീ ലോഡഡ്' എന്ന പേരിൽ സൽമാൻ ഖാനും സംഘവും ബോളിവുഡ് ഷോ അവതരിപ്പിക്കാനെത്തി. ഇത്തവണ ബോളിവുഡിൽനിന്ന് ആരാണെത്തുക എന്ന പ്രഖ്യാപനത്തിന് കാത്തിരിക്കുന്നവരിൽ ഇന്ത്യൻ പ്രവാസികൾക്ക് പുറമെ അറബികളുമുണ്ട്.

ഷാരൂഖ് ഖാനും സൽമാൻ ഖാനും ഉൾപ്പടെ ബോളീവുഡ് താരങ്ങൾക്ക് ഏറെ ആരാധകരുള്ള രാജ്യമാണ് സൗദി അറേബ്യ. വിദേശ താരങ്ങളായ ഡേവിഡ് ഗൊത്തയും ജസ്റ്റിൻ ബീബറും ഡി.ജെ. സ്നേക്കും അമർ ദിയാബും നാൻസി അജ്‌റാമും പാടി വെളുപ്പിച്ച രാവുകൾ സമ്മാനിച്ച മിഡിൽ ബീസ്റ്റും കഴിഞ്ഞ റിയാദ് സീസണിന്റെ ജനങ്ങളെ ഏറെ ആകർഷിച്ച പരിപാടിയായിരുന്നു. യുവതലമുറ അശാന്തരായി കാത്തിരിക്കുന്നത് മിഡിൽ ബീസ്റ്റിൽ ആരൊക്കെ എത്തുന്നുണ്ടെന്ന് അറിയാനാണ്. റിയാദ് സീസണിന്റെ പ്രധാന വേദിയായ ബോളീവാർഡ് ഇതിനകം സജീവമായി.

റെസ്റ്റാറന്റുകളും കഫേകളും സ്ട്രീറ്റ് ഫുഡ് കിയോസ്‌കുകളും രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന പാചകക്കാരെ കൊണ്ടുവന്ന് ഏറ്റവും പുതിയ രുചിക്കൂട്ടുകളിൽ വിഭവങ്ങളൊരുക്കാൻ തയാറെടുപ്പു തുടങ്ങി. നഗരത്തിന്റെ ഏതെല്ലാം ഭാഗത്താണ് വേദികളെന്നും ടിക്കറ്റ് നിരക്ക് എങ്ങനെയാണെന്നും അറിയാനുള്ള തിടുക്കവുമുണ്ട് ഉത്സവം കാത്തിരിക്കുന്നവർക്ക്. 

Tags:    
News Summary - The city of Riyadh season is gearing up to welcome the

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.