മക്ക: രണ്ടു വർഷത്തെ മഹാമാരിക്ക് ശേഷം ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള തീർഥാടകർ പങ്കെടുക്കുന്ന വിപുലമായ ഹജ്ജിന് ഒരുങ്ങുമ്പോൾ സൗദി അറേബ്യ പഴുതടച്ച തയാറെടുപ്പാണ് നടത്തുന്നത്. മണ്ണിലും വിണ്ണിലും സുരക്ഷയൊരുക്കി ദൈവത്തിന്റെ അതിഥികള്‍ക്ക് വഴിയൊരുക്കി ഹജ്ജിനായി കാത്തിരിക്കുകയാണ് മക്ക നഗരി. ഹജ്ജ് സുരക്ഷാസേനയുടെ സൈനിക പരേഡ് അതിശയിപ്പിക്കുന്ന ചുവടുകളോടെ ഞായറാഴ്ച രാത്രിയിൽ മക്കയിൽ വിജയകരമായി പൂർത്തീകരിച്ചു.
ഹജ്ജ് ചടങ്ങുകൾ നടക്കുന്ന പുണ്യസ്ഥലങ്ങൾ പൂർണമായും സുരക്ഷാവലയത്തിൽ ആയിക്കഴിഞ്ഞു. മസ്ജിദുൽ ഹറാമും പരിസരവും മുഴുവൻസമയവും സുരക്ഷാ നിരീക്ഷണത്തിലാണ്. മക്കയുടെ അതിർത്തികളിൽ കൃത്യമായ പരിശോധന നടത്തിയാണ് ഓരോരുത്തരെയും നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. വിദേശികളും സ്വദേശികളും അടക്കം 10 ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത്. എട്ട് ലക്ഷത്തോളം തീർഥാടകർ ഇതിനകം പുണ്യഭൂമിയിൽ എത്തിയിട്ടുണ്ട്. രണ്ടു വർഷത്തിന് ശേഷമാണ് ഇത്രയും ഹാജിമാരെ ഹജ്ജിൽ പങ്കെടുപ്പിക്കുന്നത്.
ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പ്രകാരം, 2020ൽ കോവിഡിന്റെ ആദ്യ വ്യാപനസമയത്ത് 1,000 തീർഥാടകരെ മാത്രം പങ്കെടുപ്പിച്ചാണ് ഹജ്ജ് നടന്നത്. 2021ൽ രാജ്യത്ത് നിന്ന് കോവിഡ് വാക്‌സിനേഷൻ നടത്തിയ 60,000 പൗരന്മാർക്കും താമസക്കാർക്കുമായി ഹജ്ജ് പരിമിതപ്പെടുത്തി. അപകടസാധ്യത വിലയിരുത്തിയും പൊതുജനാരോഗ്യവും സുരക്ഷയും പരിഗണിച്ചായിരുന്നു നിയന്ത്രണങ്ങൾ. 2019ലെ ഹജ്ജിൽ ഏകദേശം 25 ലക്ഷം തീർഥാടകർ ഹജ്ജിൽ പങ്കെടുത്തിരുന്നു. ഇതിൽ 19 ലക്ഷം പേർ വിദേശത്ത് നിന്നുള്ളവരാണ്.
കഴിഞ്ഞ ദശകത്തിൽ ഏറ്റവുമധികം സ്വദേശികളും വിദേശികളുമായ ഹജ്ജ് തീർഥാടകർ 2012ലാണ് എത്തിയത്. അന്ന് 32 ലക്ഷം ആളുകളാണ് തീർഥാടനം നടത്തിയത്. 2016ലെ 19 ലക്ഷമായിരുന്നു ഈ ദശകത്തിലെ ഏറ്റവും കുറഞ്ഞ കണക്ക്. വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങുന്നതിനുള്ള തുടക്കമാണ് ഈ വർഷത്തെ ഹജ്ജ്. കോവിഡിൽനിന്ന് പൂർണമായും ലോകം വിടുതൽ നേടാത്ത സാഹചര്യത്തിലാണ് 10 ലക്ഷമായി പരിമിതപ്പെടുത്തിയത്.
കർശനമായ മുൻകരുതലുകൾ ഓരോ ചുവടിലും അധികൃതർ പാലിക്കുന്നുണ്ട്. കോവിഡ് വാക്സിൻ എടുത്ത 65ൽ താഴെ പ്രായമുള്ളവർക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതി നൽകിയിരിക്കുന്നത്. വിദേശത്തുനിന്നുള്ള 80 ശതമാനം തീർഥാടകർ രാജ്യത്ത് ഇതിനകം എത്തിയിട്ടുണ്ട്. ബാക്കിയുള്ള അറബ് രാജ്യങ്ങളിൽ നിന്നുള്ളതും അഭ്യന്തര തീർഥാടകരും വരുംദിവസങ്ങളിൽ മക്കയിൽ എത്തും. ബുധനാഴ്ച രാത്രിയോടെ ഹാജിമാർ മിനയിലേക്ക് പുറപ്പെടും. അതോടെ ഹജ്ജ് ചടങ്ങുകൾ ആരംഭിക്കുകയായി. സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി തിങ്കളാഴ്ച അർധരാത്രിയോടെ ഹജ് ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിലേക്ക് വാഹനങ്ങൾക്ക് പൂർണമായും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ മാസം 12 (ദുൽഹജ്ജ് 13) വരെ ഇത് തുടരും. ഹജ്ജ് ജോലിക്കായി മാത്രമേ ഇനി പുറമെ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കൂ. മിനയും അറഫയും ഹാജിമാരെ സ്വീകരിക്കാൻ ഒരുങ്ങി കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.