റിയാദ്: വിസ ഏജൻറ് കെണിയിൽ കുടുങ്ങി ദുരിതത്തിലായ മലയാളി യുവാവ് സാമൂഹിക പ്രവർത്തകരുെട സഹായത്തോടെ നാടണഞ്ഞു. വിസ നൽകിയ ഏജൻറ് കബളിപ്പിച്ചത് കാരണം കഴിഞ്ഞ ഒന്നര വർഷമായി സൗദി അറേബ്യയിൽ ദുരിത ജീവിതത്തിലകപ്പെട്ട കൊല്ലം പെരുവന്തോട് സ്വദേശി അജ്മൽ (24) ആണ് പ്ലീസ് ഇന്ത്യ പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലേക്ക്ു മടങ്ങിയത്. ഒന്നരവർഷമായിട്ടും റെസിഡൻറ് പെർമിറ്റ് (ഇഖാമ) ലഭിച്ചില്ല. മെഡിക്കൽ ഇൻഷുറൻസും ലഭിച്ചില്ല. ഇതൊന്നും ഇല്ലാതിരുന്നതിനാൽ അസുഖം വന്നപ്പോഴൊന്നും ആശുപത്രിയിൽ പോകാനോ ഉചിത ചികിത്സ തേടാനോ കഴിഞ്ഞില്ല എന്ന് മാത്രമല്ല, താമസിക്കുന്ന സ്ഥലത്ത് നിന്ന് പുറത്തിറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. അത്യാവശ്യ കാര്യങ്ങളുണ്ടായിട്ടും പുറത്തുപോകാനോ കോവിഡ് വാക്സിനേഷൻ നടത്താനോ സാധിച്ചില്ല. അജ്മൽ കഴിഞ്ഞ വർഷം ഫെബ്രുവരി 18നാണ് നാട്ടിൽ നിന്ന് തൊഴിൽ വിസയിൽ ദമ്മാമിൽ എത്തിയത്.
കമ്പനി സൗജന്യമായി നൽകിയ വിസക്ക് തിരുവനന്തപുരത്തുകാരനായ വിസ ഏജൻറ് അര ലക്ഷം രൂപയും ട്രാവൽ ഏജൻസി 48,000 രൂപയും വാങ്ങി. സൗദിയിൽ പ്ലാസ്റ്റിക് കമ്പനിയിലെ ജോലിയാണ് വാഗ്ദാനം ചെയ്തിരുന്നത്. ദമ്മാമിലായിരുന്നു പ്ലാസ്റ്റിക് കമ്പനി. അവിടുത്തെ ജീവനക്കാരനായി എത്തിയ അജ്മലിന് കമ്പനി ഇഖാമ നൽകാതെ ഒന്നരവർഷത്തോളം തീരാദുരിതം സമ്മാനിക്കുകയും നാട്ടിലുള്ള ഏജൻസി അജ്മലിെൻറ കാര്യത്തിൽ ഇടപെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്ലീസ് ഇന്ത്യ എന്ന സംഘടന സഹായിക്കാൻ മുന്നോട്ടു വന്നത്. ഇവരുടെ നിരന്തര ഇടപെടൽ കൊണ്ട് പ്രശ്നങ്ങൾ പരിഹരിച്ച് അജ്മലിന് നാട്ടിലേക്കുള്ള യാത്ര സാധ്യമാവുകയായിരുന്നു. തുടർന്ന് പ്ലീസ് ഇന്ത്യ നോർക്കയുമായി ബന്ധപ്പെട്ട് അജ്മലിനെ ചതിയിൽപെടുത്തിയ ട്രാവൽ ഏജൻസിക്കെതിരെ നിയമനടപടി സ്വീകരിച്ചു.
ജീവിതം പച്ചപിടിക്കും എന്ന ശുഭപ്രതീക്ഷയിൽ സൗദിയിലെത്തിയ അജ്മലിന് നേരിടേണ്ടിവന്നത് ഇഖാമ പോലും ലഭിക്കാതെയുള്ള ദുരിതജീവിതം ആയിരുന്നു. ഉപ്പയും ഉമ്മയും അടങ്ങിയ നിർധന കുടുംബത്തിലെ അംഗമായ അജ്മൽ കടം വാങ്ങിയ തുകയാണ് ഏജൻറിന് ബാങ്ക് ട്രാൻസ്ഫറിലൂടെ കൈമാറിയത്. തനിക്ക് നഷ്ടമായ തുക തിരികെ ലഭിക്കുന്നത്തിനും നഷ്ടപരിഹാരത്തിനും അജ്മൽ നോർക്കയുമായി ബന്ധപ്പെട്ട് കൊല്ലം ഓയൂർ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
പ്ലീസ് ഇന്ത്യ ചെയർമാൻ ലത്തീഫ് തെച്ചിയോടൊപ്പം ഈസ്റ്റേൺ പ്രൊവിൻസ് കോഒാഡിനേറ്റർ രബീഷ് കോക്കല്ലൂർ, ഷാജി കൊമ്മേരി, അനസ്, അഡ്വ. ജോസ് എബ്രഹാം, അഡ്വ. റിജി ജോയ്, അൻഷാദ് കരുനാഗപ്പള്ളി, നീതു ബെൻ, വിജയ ശ്രീരാജ്, മൂസ മാസ്റ്റർ, സുധീഷ അഞ്ചുതെങ്ങ് എന്നിവർ വിവിധ ഘട്ടങ്ങളിൽ അജ്മലിെൻറ പ്രശ്നപരിഹാത്തിന് ഇടപെട്ടു. കമ്പനിയിൽ നിന്നും സൗജന്യമായി കിട്ടുന്ന വിസക്ക് പ്രവാസികളിൽ നിന്നും ഭീമമായ തുക ഈടാക്കുന്ന ഏജൻറുമാർക്കും ഏജൻസിക്കുമെതിരെ പ്ലീസ് ഇന്ത്യ നോർക്കക്ക് നിവേദനം നൽകുമെന്നു ലത്തീഫ് തെച്ചി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.